ഇതാവണം ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: ‘‘കളിമാറണം, ഇങ്ങനെ മുന്നോട്ടുപോയാൽ വൈകാതെ തീരുമാനമാവും...’’ ഞായറാഴ്ച വൈകീട്ട് വരെ ഇങ്ങനെ പറഞ്ഞ ആരാധകരെല്ലാം രാത്രിയായപ്പോൾ ഒരുമിച്ചു പറഞ്ഞു: യെസ്, കളി മാറി... നമ്മൾ ജയിച്ചൂ എന്ന്... അടപടലം തോറ്റ മൂന്ന് മത്സരങ്ങൾക്കുശേഷം എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈയിൻ എഫ്.സിയെ തകർത്തെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്സിന് ആഘോഷരാവായിരുന്നു അത്. മൂന്നു തോൽവികളുടെ പ്രഹരത്തിൽ നിൽക്കുന്ന ടീം ഞായറാഴ്ചത്തെ കളിയിൽകൂടി പരാജയം ഏറ്റുവാങ്ങിയിരുന്നെങ്കിൽ മുന്നോട്ടുള്ള പോക്ക് കടുപ്പമാവുമായിരുന്ന സ്ഥിതിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് നില മെച്ചപ്പെടുത്തിയത്. എട്ട് കളികളിൽ എട്ട് പോയന്റോടെ പത്താം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സ് ഒമ്പതാം കളിയിലെ വിജയത്തോടെ 11 പോയന്റോടെ എട്ടാം സ്ഥാനത്തേക്കുയർന്നു. ഒപ്പം സീസണിൽ ആദ്യത്തെ ക്ലീൻഷീറ്റും കിട്ടി. നിലവിൽ മൂന്ന് ജയവും രണ്ട് സമനിലയുമാണ് മഞ്ഞപ്പടയുടെ സമ്പാദ്യം. നാല് തോൽവിയും സീസണിൽ ഇതുവരെ ഏറ്റുവാങ്ങി. ഒക്ടോബർ 20ന് കൊൽക്കത്തയിൽ മുഹമ്മദൻസ് എസ്.സിക്കെതിരായി ലഭിച്ച വിജയത്തിനുശേഷം ഇതാദ്യമാണ് ബ്ലാസ്റ്റേഴ്സ് വിജയകിരീടം ചൂടുന്നത്.
ഞായറാഴ്ചത്തെ ചെന്നൈയിനുമായുള്ള മത്സരത്തിൽ മൊറോക്കൻ പവർപാക്ക് നോഹ സദോയി, സ്പാനിഷ് ഫുട്ബാൾ താരം ജീസസ് ജെമിനിസ്, കേരളത്തിന്റെ സ്വന്തം കെ.പി. രാഹുൽ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി എതിർവല കുലുക്കിയത്. ക്യാപ്റ്റൻ കൂടിയായ അഡ്രിയാൻ ലൂണ നിരവധി ഗോൾ ശ്രമങ്ങൾ നടത്തിയിരുന്നു. മുൻ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ ഊന്നൽ നൽകിയ പോരാട്ടമായിരുന്നു ഞായറാഴ്ച കലൂരിൽ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ് പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയതും ഗുണംചെയ്തു. പ്രതിരോധനിരയും മധ്യനിരയും മുന്നേറ്റക്കാരും ഗോൾകീപ്പറുമെല്ലാം ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിനായി ആഞ്ഞുപിടിച്ചപ്പോൾ എളുപ്പത്തിൽ ജയിക്കാമെന്നുറപ്പിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ഈ നിലവാരവും പ്രകടനമികവും തുടരുമെന്നും വ്യാഴാഴ്ച കൊച്ചിയിൽ നടക്കുന്ന എഫ്.സി ഗോവയുമായുള്ള പോരാട്ടത്തിലും ഇതേ ഊർജവും പോരാട്ടവീര്യവും കാത്തുസൂക്ഷിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.