നാഥനില്ലാക്കളരിയായി കേരള ബ്ലാസ്റ്റേഴ്സ്; ഇനിയെന്ത്? ഇനിയാര്?
text_fieldsകൊച്ചി: പലപ്പോഴും പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോയ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലന മികവിലൂടെ മെച്ചപ്പെട്ട പ്രകടനനിരയിലേക്കെത്തിച്ച കോച്ച് ഇവാൻ വുകമനോവിച്ച് പടിയിറങ്ങുമ്പോൾ ഇനിയെന്ത്, ഇനിയാര് എന്നീ ചോദ്യങ്ങൾ ബാക്കിയാവുന്നു. തുടർച്ചയായ മൂന്ന് സീസണുകളിൽ ടീമിനെ പ്ലേ ഓഫിലും 2021ല്‍ ഫൈനലിലുമെത്തിച്ച ആശാൻ വുകമനോവിച്ചിന്റെ പിൻഗാമിക്കായുള്ള അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.
മറ്റു ചില ഐ.എസ്.എൽ ക്ലബ് കോച്ചുകളുമായി ചർച്ച നടത്തുന്നുണ്ടെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. മേയിൽതന്നെ പുതിയ കോച്ചിനെ നിയമിക്കാനാണ് തീരുമാനം. അസി. കോച്ച് ഫ്രാങ്ക് ഡോവനും ഇവാനിനൊപ്പം സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ഗോൾ കീപ്പിങ് കോച്ചിന്റെ കരാർ അവസാനിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കരാർ പുതുക്കുമോ അതോ പുതിയ കോച്ചിനൊപ്പം ഗോൾകീപ്പിങ് കോച്ചിനെക്കൂടി എടുക്കുമോയെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ഇതിനിടെ ടീം ബ്ലാസ്റ്റേഴ്സിലെ പല കളിക്കാരും ക്ലബ് വിടാനുള്ള നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. അഡ്രിയാൻ ലൂണയെ റാഞ്ചാൻ എഫ്.സി ഗോവ വലിയ ഓഫർ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് സൂചന. മേയ് 31 വരെയാണ് കളിക്കാരുടെ കരാർ കാലാവധി. ഈ സമയപരിധി വരെ താരങ്ങൾ തുടരാനാണ് സാധ്യത.
ധാരണയോ പുറത്താക്കലോ?
ഉഭയസമ്മതത്തോടെയാണ് കോച്ച് ഇവാൻ വുകമനോവിച്ചുമായി വഴിപിരിഞ്ഞതെന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്നും കോച്ചിനെ പുറത്താക്കുകയായിരുന്നുവെന്നുമുള്ള അഭ്യൂഹം ശക്തമാണ്. ഏപ്രിൽ 19ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷയുമായുള്ള നടന്ന മത്സരം പ്ലേ ഓഫിലെത്തിയിരുന്നെങ്കിലും കളിയിൽ പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ കിരീടപ്രതീക്ഷയും വീണുടഞ്ഞു.
ഇതാണ് നിർണായക തീരുമാനമെടുക്കാൻ കാരണമായത്. കൂടാതെ 2022-23 സീസണില്‍ റഫറിയുടെ വിവാദ തീരുമാനത്തെ തുടര്‍ന്ന് ബംഗളൂരു എഫ്.സിക്കെതിരായ പ്ലേഓഫ് ബഹിഷ്കരിച്ചതിന് വലിയ വിലയാണ് ടീമിനും കോച്ചിനും നൽകേണ്ടിവന്നത്. വൻതുക പിഴയുൾപ്പെടെ നടപടി നേരിട്ടതിൽ ടീം മാനേജ്മെന്റിന് കോച്ചിനോട് അതൃപ്തിയുമുണ്ടാക്കി.
കഴിഞ്ഞ ഡിസംബർ വരെ ഐ.എസ്.എൽ പോയൻറ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് ഇടവേളക്കുശേഷം പിന്നിൽപോയതും മാനേജ്മെന്റിനെ നിരാശപ്പെടുത്തി. ഈ സീസണിൽ പ്രമുഖ കളിക്കാരുൾപ്പെടെ പരിക്കുകളുടെ പിടിയിലമർന്നതും ഇവരില്ലാതെ കളിക്കേണ്ടിവന്നതുമെല്ലാം ആരാധകർക്കിടയിലും വലിയ ചർച്ചയായിരുന്നു.
ആരാധകർക്ക് ഞെട്ടൽ
എല്ലാത്തിനുമപ്പുറം കാര്യമായ നേട്ടങ്ങളൊന്നുമില്ലാതിരുന്ന ടീമിനെ കളിമികവിന്റെയും ആരാധക പിന്തുണയുടെയും ഉയർച്ചകളിലെത്തിക്കാൻ നന്നായി വിയർപ്പൊഴുക്കിയ മനുഷ്യനാണ് മഞ്ഞപ്പടയുടെ സ്വന്തം ആശാൻ വുകമനോവിച്. കോച്ച് വാഴില്ലെന്ന ചീത്തപ്പേരുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പത്താം പരിശീലകനായാണ് 2021 ജൂണില്‍ ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്. ആദ്യ സീസണില്‍തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ച വുകമനോവിച്ചുമായി 2022ല്‍ ടീം കരാര്‍ പുതുക്കി.
ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു പരിശീലകനുമായുള്ള കരാര്‍ പുതുക്കല്‍. 2025 വരെ ഇവാന് ടീമിനൊപ്പം തുടരുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഇവാനിസം എന്ന തനതുശൈലിയിലൂടെ കെട്ടുറപ്പുള്ള ടീമിനെ വാർത്തെടുക്കുകയും ക്ലബിന്റെ കളിശൈലിയിൽ പ്രകടമായ മാറ്റമുണ്ടാക്കുകയും ചെയ്താണ് ഇവാനെ നിലനിര്‍ത്താന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
2021 സീസണില്‍ ഫൈനലില്‍ തോറ്റെങ്കിലും 2016നുശേഷം മികച്ച പ്രകടനമായിരുന്നു ടീമിന്റേത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയ നേട്ടങ്ങളും 2021-22 സീസണില്‍ ഇവാന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.
ഇവാനെ സ്നേഹിക്കുകയും അദ്ദേഹത്തിന്റെ പരിശീലന തന്ത്രങ്ങളെ പിന്തുണക്കുകയും ചെയ്യുന്നവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം ആരാധകരും. കോച്ചും ടീമും വേർപിരിഞ്ഞുവെന്ന വാർത്ത എല്ലാവരിലും നടുക്കമാണ് സൃഷ്ടിച്ചത്. ബ്ലാസ്റ്റേഴ്സിനുണ്ടായ ഏറ്റവും മികച്ച കോച്ചാണ് ഇവാൻ എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതാണ് ശരിയായ തീരുമാനമെന്ന് വിലയിരുത്തുന്ന ആരാധകരും ഇക്കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.