മഞ്ഞപ്പട തിരുമ്പി വന്തിട്ടേ...ന്ന് സൊല്ല്; ചെന്നൈയിൻ എഫ്.സിയെ മൂന്ന് ഗോളിന് മലർത്തിയടിച്ച് ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് സ്വന്തം തട്ടകത്തിൽ ഗംഭീര ജയത്തോടെ തിരിച്ചുവന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഐ.എസ്.എല്ലിൽ കരുത്തരായ ചെന്നൈയിൻ എഫ്.സിക്കെതിരെ എതിരില്ലാത്ത മൂന്ന്ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. 55ാം മിനിറ്റിൽ ജീസസ് ജിമിനസും 69ാം മിനിറ്റിൽ നോഹ സദൗയിയും 92ാം മിനിറ്റിൽ രാഹുൽ കെ.പിയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.
തുടർതോൽവികളിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബ്ലാസ്റ്റേഴ്സ് കലൂർ സ്റ്റേഡിയത്തിലിറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമില്ലായിരുന്നു. ആദ്യ പകുതിയിലുടനീളം പന്തിന്മേലുള്ള നിയന്ത്രണം ഏറ്റെടുത്ത് മുന്നേറിയെങ്കിലും ചെന്നൈയുടെ ശക്തമായ പ്രതിരോധം ഭേദിച്ച് ബ്ലാസ്റ്റേഴ്സിന് ഗോൾ കണ്ടെത്താനായിരുന്നില്ല.
രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ആദ്യ ഗോളെത്തിയത്. 55ാം മിനിറ്റിൽ ജീസസ് ജിമിനസിന്റെ ലോങ് റെയ്ഞ്ചറാണ് ചെന്നൈയുടെ വല ചലിപ്പിച്ചത്. കോറൗ സിംഗ് തിങ്കുജം നൽകിയ പാസിലായിരുന്നു ജിമിനസിന്റെ ഗോൾ.
തുടർച്ചയായി ആറാം മത്സരത്തിലാണ് ജീസസ് ജിമിനസ് ഗോൾ നേടുന്നത്. സീസണിലെ ഏഴാമത്തെ ഗോളുമായിരുന്നു.
69ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ ഇരട്ടിയാക്കി (2-0). അഡ്രിയാൻ ലൂണ ഗോൾ പോസ്റ്റിനരികിലേക്ക് നീട്ടി നൽകിയ ത്രൂ സ്വീകരിച്ച നോഹ സദൗയി സമർത്ഥമായി വലയിലാക്കുകായയിരുന്നു. നോഹ സദോയിയുടെ സീസണിലെ നാലാമത്തെ ഗോളാണ്.
അന്തിമ വിസിലിന് തൊട്ടുമുൻപ് കെ.പി.രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ വലയിൽ അവസാന ഗോളുമടിച്ചു(3-0). നോഹ സദൗയി നടത്തിയ ഗോളുറച്ച ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ഗോളടിക്കാൻ നീട്ടി നൽകിയ ത്രൂ ഫിനിഷ് ചെയ്യേണ്ട പണിയേ രാഹുലിനുണ്ടായിരുന്നുള്ളൂ. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സ്കോററാണ് രാഹുൽ.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ചെന്നൈയിൻ നാലാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.