ഹീറോയായി അജ്സൽ; സന്തോഷ് ട്രോഫിയിൽ മേഘാലയയെ വീഴ്ത്തി കേരളത്തിന് രണ്ടാം ജയം
text_fieldsഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന് രണ്ടംജയം. ഡെക്കാൻ അറീനയിൽ ബൂട്ടുകെട്ടിയ കേരളം ഏകപക്ഷീയമായ ഒരു ഗോളിന് മേഘാലയയെ വീഴ്ത്തി. ആദ്യ പകുതിയുടെ 37ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ നേടിയ ഗോളിനാണ് ടീം കരുത്തുകാട്ടിയത്. ഇതോടെ, രണ്ടു കളികളിൽ രണ്ടും ജയിച്ച് ഡൽഹിക്കൊപ്പം കേരളത്തിനും ആറു പോയിന്റായി.
ഗോവക്കെതിരെ ഇറങ്ങിയ ഇലവനിൽനിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടീം ബൂട്ടുകെട്ടിയത്. മുന്നേറ്റത്തിൽ അജ്സലും മധ്യനിര കാത്ത് ക്രിസ്റ്റി ഡേവിസും നിജോ ഗിൽബെർട്ടും മുഹമ്മദ് അഷ്റഫും അണിനിരന്നപ്പോൾ പ്രതിരോധത്തിൽ ജോസഫ് ജസ്റ്റിൻ, മനോജ്, സഞ്ജു, മുശറഫ്, റിയാസ് എന്നിവരും ഇറങ്ങി. ഹജ്മൽ തന്നെയായിരുന്നു ഗോളി. വടക്കുകിഴക്കൻ കരുത്തിന്റെ നേർസാക്ഷ്യമായി മൈതാനത്ത് തുടക്കം മുതൽ നിറഞ്ഞുകളിച്ച മേഘാലയക്കെതിരെ ആദ്യ പകുതിയിൽ ലീഡ് പിടിക്കാൻ കേരളം ശരിക്കും വിയർത്തു. ആദ്യ 30 മിനിറ്റിനിടെ ഒരു ടീമും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും പായിച്ചില്ല.
എന്നാൽ, കളി ഗോൾരഹിതമായി ആദ്യ പകുതി പിരിയുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു അജ്സലിന്റെ കിടിലൻ ഗോൾ. ബോക്സിന്റെ അരികിൽനിന്ന് പായിച്ച ഷോട്ട് മേഘാലയ ഗോളിക്ക് അവസരമൊന്നും നൽകിയില്ല. പിന്നാലെ ആക്രമണം കനപ്പിച്ച മേഘാലയ രണ്ട് കോർണറുകൾ തുറന്നെടുത്തെങ്കിലും ലക്ഷ്യം തെറ്റി. ഇഞ്ച്വറി സമയത്ത് ഫ്രീകിക്ക് കുത്തിയകറ്റി കേരള ഗോളി ഹജ്മൽ രക്ഷകനായി.
രണ്ടാം പകുതിയിലും കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. ഗോവക്കെതിരെ തുറന്നുകിട്ടിയ എതിർ ഗോൾമുഖം ഇത്തവണ കാര്യമായ കുലുക്കമില്ലാതെ തുടർന്നു. ആദ്യ കളിയിൽ കേരളം ഗോവയെ 4-3ന് വീഴ്ത്തിയിരുന്നു. മേഘാലയ തമിഴ്നാടിനെ 2-2ന് സമനിലയിൽ പിടിക്കുകയും ചെയ്തു.
ഒഡിഷയോടും തോറ്റ് ഗോവ
ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ മുൻ ചാമ്പ്യൻമാരായ ഗോവക്ക് തുടർച്ചയായ രണ്ടാം തോൽവി. നേരത്തേ കേരളത്തിന് മുന്നിൽ തോൽവി വഴങ്ങിയ ക്ഷീണം തീർക്കാനിറങ്ങിയ ടീമിനെ ഒഡിഷയാണ് എതിരില്ലാത്ത രണ്ട് ഗോളിന് മുക്കിയത്. രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ രാഹുൽ മുഖി, കാർത്തിക് ഹൻറ്റാൽ എന്നിവരാണ് ഒഡിഷയെ വിജയതീരത്തെത്തിച്ച ഗോളുകൾ നേടിയത്.
അഞ്ചു തവണ സന്തോഷ് ട്രോഫി ജേതാക്കളായ ഗോവക്കിനി വരുംമത്സരങ്ങൾ കൂടുതൽ കടുത്തതാകും. ജയത്തോടെ ഒഡിഷ പോയന്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഗോവ ഒറ്റ പോയന്റുമില്ലാത്ത ഏക ടീമായി. മറ്റൊരു മത്സരത്തിൽ ഡൽഹി തമിഴ്നാടിനെ അതേ സ്കോറിന് വീഴ്ത്തി. ഭാരന്യൂ ബൻസാൽ, ആശിഷ് ഷാ എന്നിവരായിരുന്നു സ്കോറർമാർ. രണ്ടു കളികളിൽ ഡൽഹിക്ക് ആറു പോയന്റുണ്ട്. തമിഴ്നാടിന് ഒന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.