സര്‍ക്കാറിനെതിരെ കേരള സന്തോഷ് ട്രോഫി പരിശീലകന്
text_fieldsതിരുവനന്തപുരം: പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേരള സന്തോഷ് ട്രോഫി പരിശീലകന് സതീവന്‍ ബാലന്. സർവിസിൽനിന്ന് പിരിഞ്ഞാൽ ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് സംസ്ഥാന സ്പോർട്സ് കൗൺസിലെന്നും കേരളത്തിന് മികച്ച നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്ത കായികതാരങ്ങളെ വാർത്തെടുക്കുന്ന പരിശീലകർക്ക് ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും നൽകാൻ മാത്രം കാശില്ലെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം ആരോപിച്ചു.
‘കഴിഞ്ഞ 25 വർഷത്തിലധികമായി കേരളത്തിനും ഇന്ത്യക്കും വേണ്ടി ജോലി ചെയ്യുന്നു. നിരവധി നേട്ടങ്ങളും നേടിക്കൊടുത്തു. എന്നാൽ ഇന്ന് പെൻഷൻ ലഭിക്കാത്ത സ്ഥിതിയാണ്. സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ടുവരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ല. കുട്ടികളെ പരിശീലിപ്പിക്കുന്ന പണിയായതുകൊണ്ട് കോടികൾ സമ്പാദിക്കാനും സാധിച്ചിട്ടില്ല.
മെസിയും അർജറ്റീനയും വന്നാൽ ഇതിന് പരിഹാരമുണ്ടാകുമോ. അവരെ കൊണ്ടുവരാൻ കോടികൾ മുടക്കി പുതിയ സ്റ്റേഡിയം പണിയാൻ കാശുണ്ടാക്കുന്ന തിരക്കിലാണ് അധികാരികൾ. അർജന്റീനയുടെ സഹൃദമത്സരം സങ്കടിപ്പിച്ച ഒരു രാജ്യത്തും മെസി ഇതുവരെ കളിച്ചിട്ടില്ല...!! ഉള്ള സ്റ്റേഡിയങ്ങൾ ഇവിടുത്തെ കുട്ടികൾക്ക് നല്ല രീതിയിൽ ടെക്നിക് പഠിക്കാൻ കഴിയുന്ന രീതിയിൽ ഒരുക്കിയെടുക്കാൻ സാധിക്കുന്നില്ല. പെൻഷനുപുറമെ ഇപ്പോഴും പണിയെടുത്ത് കിട്ടുന്ന കാശുംകൊണ്ട് കുടുംബം നോക്കുന്നവനാണ്. ഇനിയും ബുദ്ധിമുട്ടിക്കരുത്’ -സതീവന്‍ ബാലന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.