റിസ്‌വാൻ അലി കളിച്ചത് ഉപ്പ പോയതറിയാതെ...
text_fieldsതൃക്കരിപ്പൂർ: സന്തോഷ് ട്രോഫി അഞ്ചാം റൗണ്ടിലെ നിർണായക മത്സരത്തിൽ സ്‌ട്രൈക്കർ ഇ.കെ. റിസ്‌വാൻ അലി കേരളത്തിന് വേണ്ടി കളിക്കുമ്പോഴാണ് പിതാവ് വി.പി. മുഹമ്മദലിയുടെ വിയോഗം. ഇക്കാര്യം മൈതാനത്തായിരുന്ന റിസ്‌വാൻ അലിയെ അധികൃതർ അറിയിച്ചിരുന്നില്ല.
മിസോറാമിനെ തകർത്ത് കേരളം ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് റിസ്‌വാൻ അലി ഫുട്ബാളിൽ തന്നെ അകമഴിഞ്ഞ് പിന്തുണച്ച പിതാവിന്റെ വിയോഗവാർത്ത അറിയുന്നത്. മുഹമ്മദലിയുടെ മൂന്നുമക്കളിൽ ഇളയവനാണ് റിസ്‌വാൻ അലി. വൾവക്കാട്ടെ വയലുകളിൽ പന്തുതട്ടിയ മകന്റെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞത് മുഹമ്മദലിയാണ്.
കണ്ണൂർ വാഴ്സിറ്റി താരമായിരിക്കെ മകൻ സന്തോഷ് ട്രോഫിയിൽ കളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് നേടിയ കാസർകോട് ജില്ല ടീമിന്റെ മുന്നേറ്റ നിരക്കാരനായിരുന്ന റിസ്‌വാൻ അലി വൈകാതെ സന്തോഷ് ട്രോഫി കേരള ടീമിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പിതാവിന്റെ ആഗ്രഹം സഫലമായി.
നേരത്തെ സന്തോഷ് ട്രോഫി കേരള, ബംഗാൾ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുള്ള റിസ്‌വാൻ അലിക്ക് പക്ഷേ നിർഭാഗ്യം കൊണ്ടാണ് ടീമിൽ അവസരം ലഭിക്കാതിരുന്നത്. എന്നാൽ മുഹമ്മദലിക്ക് മകന്‍റെ ഭാവിയിൽ തികഞ്ഞ പ്രതീക്ഷയുണ്ടായിരുന്നു. അത് പൂവണിഞ്ഞപ്പോൾ റിസ്‌വാൻ ഗോളാഘോഷിക്കുന്ന ചിത്രവുമായി ഫേസ്ബുക്കിൽ എഴുതി ''കേരളത്തിന് വേണ്ടി കളിക്കുന്നതാണ് ഉപ്പയുടെ ആഗ്രഹമെങ്കിൽ, ഗോൾ അടിക്കുന്നത് എന്‍റേം ആഗ്രഹമാണ്''.
ജമ്മുകശ്മീരിനെതിരെ ഒന്നും രാജസ്ഥാനെതിരെ രണ്ടും ഗോളുകൾ കേരളത്തിനുവേണ്ടി റിസ്‌വാൻ സ്‌കോർ ചെയ്തു. രണ്ടുപേരുടെയും ആഗ്രഹങ്ങൾ പൂവണിഞ്ഞ നിമിഷത്തിലായിരുന്നു മുഹമ്മദലിയുടെ വിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.