കെ.എസ്.ഇ.ബിയെ തകർത്ത് ഗോകുലം കേരളക്ക് കെ.പി.എൽ കിരീടം
text_fieldsകൊച്ചി: ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള കെ.എസ്.ഇ.ബിക്ക് ഷോക്ക് നൽകി കേരളത്തിലും ചാമ്പ്യൻപട്ടത്തിൽ. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഇതോടെ കെ.പി.എൽ കിരീടവും ഗോകുലത്തിെൻറ ഷോക്കേസിലായി. എൻ. എം നജീബ് പരിശീലകനായ ഗോകുലം റിസർവ് ടീമാണ് ജേതാക്കളായത്.
പതുക്കെ തുടങ്ങി അവസാനം കെങ്കേമമാക്കിയ പോരാട്ടമായി മാറി കെ.പി.എൽ ഫൈനൽ. ആദ്യ പകുതിയിൽ രണ്ട് ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല (0-0). രണ്ടാം പകുതിയിൽ കെ.എസ്.ഇ.ബിയാണ് കളി കാര്യമാക്കിയത്. വിഗ്നേഷിലൂടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവസരം ലഭിച്ചെങ്കിലും ഷോട്ട് ഗോൾ വലയിൽ കയറിയില്ല.
എന്നാൽ, മിനിറ്റുകൾക്കകം വിഗ്നേഷ് പ്രായശ്ചിത്തം ചെയ്തു. 54ാം മിനിറ്റിലായിരുന്നു ഗോൾ (1-0). അതിന് ശേഷവും കെ.എസ്.ഇ.ബി തന്നെ അറ്റാക്കുകൾ തുടർന്നു. കളി തിരിച്ചുപിടിക്കാൻ ഇതിനിടെ ഗോകുലം കേരള മാറ്റം നടത്തി. അങ്ങനെ പകരക്കാരനായി എത്തിയ നിംഷാദ് റോഷൻ ഗോകുലം കേരളയുടെ രക്ഷകനായി. 80ാം മിനിറ്റിൽ റോഷൻ തൊടുത്ത ലോങ് റേഞ്ചർ കെ.എസ്.ഇ.ബി വല കുലുക്കി (1-1). മത്സരം സമനിലയിൽ 90 മിനിറ്റും കടന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. ഏഴര മിനിറ്റ് വീതമുള്ള രണ്ട് ഹാഫുകളായാണ് എക്സ്ട്രാ ടൈം നടന്നത്. ആദ്യ പകുതിയിൽ തുടക്കത്തിൽ തന്നെ ഗോകുലം കേരളക്ക് ഒരു ഫ്രീകിക്ക് ലഭിച്ചു. ഫ്രീകിക്ക് എടുത്ത ദീപകിെൻറ ഷോട്ട് കെ.എസ്.ഇ.ബി ഗോൾകീപ്പർ ഷൈൻ തട്ടിയകറ്റി എങ്കിലും ഗണേഷ് റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ച് ഗോകുലം കേരളക്ക് ലീഡ് നൽകി (1-2).
സീസണിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഗോകുലം കേരള കിരീടം നേടിയത്. ഇത് ഗോകുലം കേരളയുടെ രണ്ടാം കെ.പി.എൽ കിരീടം കൂടിയാണ്. ഏറ്റവും കൂടുതൽ കെ.പി.എൽ കിരീടം നേടിയ എസ്.ബി.ടിയുടെ റെക്കോഡിനൊപ്പം ഇതോടെ ഗോകുലം എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.