കെ.പി.എൽ മുഖ്യം; സന്തോഷ് ട്രോഫി ക്യാമ്പിൽ ‘മുങ്ങൽ വിദഗ്ധർ’
text_fieldsകോഴിക്കോട്: സന്തോഷ് ട്രോഫിയിൽ കിരീടം നിലനിർത്താൻ തയാറെടുക്കുന്ന കേരള ടീമിന്റെ ക്യാമ്പിൽനിന്ന് മുഖ്യപരിശീലകനടക്കം കേരള പ്രീമിയർ ലീഗിനായി (കെ.പി.എൽ) ‘മുങ്ങുന്നതായി’ ആക്ഷേപം. ചരിത്രത്തിലാദ്യമായാണ് താരങ്ങളും കോച്ചുമാരും ഒരുമിച്ച് ക്യാമ്പിൽനിന്ന് പുറത്തുപോകുന്നത്. എറണാകുളം, മലപ്പുറം കോട്ടപ്പടി, തൃശൂർ എന്നിവിടങ്ങളിലാണ് കെ.പി.എൽ മത്സരങ്ങൾ നടക്കുന്നത്. സന്തോഷ് ട്രോഫി പരിശീലന ക്യാമ്പ് എറണാകുളം പനമ്പിള്ളി നഗറിലും. ഈ മാസം 23 മുതലാണ് ക്യാമ്പിന് തുടക്കമായത്. പരമാവധി രണ്ടാഴ്ച മാത്രമാണ് ക്യാമ്പ്. അതിനിടയിലാണ് താരങ്ങളും മുഖ്യ പരിശീലകനും കെ.പി.എല്ലിനായി പോകുന്നത്.
കെ.എസ്.ഇ.ബിയുടെ 10 താരങ്ങളാണ് 22 അംഗ കേരള ടീമിലുള്ളത്. മുഖ്യപരിശീലകനും കെ.എസ്.ഇ.ബിയിൽനിന്നാണ്. ഈ താരങ്ങളെല്ലാം കെ.പി.എല്ലിലും കളിക്കുകയാണ്. ശനിയാഴ്ച തൃശൂരിൽ ട്രാവൻകൂർ റോയൽസിനെതിരെ സന്തോഷ് ട്രോഫി ക്യാമ്പിലുള്ളവരാണ് കെ.എസ്.ഇ.ബിക്കുവേണ്ടി കളിച്ചത്. തിങ്കളാഴ്ചയും കളിയുണ്ട്. കേരള ടീം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായി ഭുവനേശ്വറിലേക്ക് പോകുന്നതിനുമുമ്പ് കെ.പി.എല്ലിൽ കെ.എസ്.ഇ.ബിക്ക് ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്. സന്തോഷ് ട്രോഫി പോലെ പ്രാധാന്യമുള്ള ചാമ്പ്യൻഷിപ്പിനായി ഒരുങ്ങുന്ന ടീമിലുള്ളവരാണ് മറ്റൊരു ചാമ്പ്യൻഷിപ്പിനായി പോകുന്നത് എന്നതും ശ്രദ്ധേയമാണ്. ക്യാമ്പിലുള്ള കേരള യുനൈറ്റഡ്, ഗോകുലം കേരള എഫ്.സി, എഫ്.സി അരീക്കോട് തുടങ്ങിയ ടീമുകളിലെ താരങ്ങളെയും കെ.പി.എൽ കളിക്കാൻ അധികൃതർ അനുവദിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് അടക്കം പ്രഫഷനൽ ക്ലബുകളിലെ പ്രമുഖ താരങ്ങളെ വിട്ടുകിട്ടാത്തതിനാലാണ് കെ.എസ്.ഇ.ബിയും കേരള പൊലീസുമടക്കമുള്ള സർക്കാർ വകുപ്പ് ടീമുകളെ സന്തോഷ് ട്രോഫിക്കായി കേരളം ആശ്രയിക്കുന്നത്. കെ.പി.എല്ലിനായി പോകുന്നതോടെ ബാക്കിയുള്ള താരങ്ങൾ വെറുതെയിരിക്കേണ്ട അവസ്ഥയാണ്.
പരിക്കേൽക്കുന്നതടക്കമുള്ള സാധ്യതകൾ ഏറെയാണെന്നും ഇതുപോലെ ക്യാമ്പിൽനിന്ന് പോയി കളിക്കുന്നത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്നും ഒരു മുൻ ഇന്റർനാഷനൽ താരം പറഞ്ഞു. അച്ചടക്കലംഘനം കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ കായിക സംഘാടകരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം മുഖ്യസ്പോൺസറാകുന്ന കെ.പി.എല്ലിൽ കളിക്കാൻ സന്തോഷ് ട്രോഫി താരങ്ങൾക്ക് ബന്ധപ്പെട്ട അധികൃതരുടെ അനുമതിയുണ്ടെന്നാണ് വാദം. ഫെബ്രുവരി 10 മുതൽ 20 വരെ ഒഡിഷയിലെ ഭുവനേശ്വറിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.