കേരള പ്രീമിയർ ലീഗിന് നാളെ തുടക്കം
text_fieldsകൊച്ചി: കേരള ഫുട്ബാൾ അസോസിയേഷൻ, രാംകോ സിമന്റ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗിന്റെ ഒമ്പതാം പതിപ്പിന് വെള്ളിയാഴ്ച തുടക്കമാകും. 22 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ദക്ഷിണേന്ത്യയിലെ ഏക സ്റ്റേറ്റ് ലീഗാണ്. 600 താരങ്ങളാണ് മാറ്റുരക്കുന്നത്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് കിക്കോഫ്. ആദ്യ കളിയിൽ കേരള യുനൈറ്റഡ് എഫ്.സി കെ.എസ്.ഇ.ബിയെ നേരിടും.
രണ്ട് ഗ്രൂപ്പിലായി ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ 113 മത്സരങ്ങളാണ് നടക്കുക. ഗ്രൂപ് എ മത്സരങ്ങൾക്ക് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയം വേദിയാകും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് ഗ്രൂപ് ബി മത്സരങ്ങൾ.
യോഗ്യത മത്സരത്തിൽ വിജയികളായ എ.ഐ.എഫ്.എ (അൽടിയൂസ് ഇന്റർനാഷനൽ ഫുട്ബാൾ അക്കാദമി) യോഗ്യത നേടി. കോർപറേറ്റ് വിഭാഗത്തിൽനിന്ന് എട്ട് പുതിയ ടീമുകളാണ് ഇക്കുറിയുള്ളത്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ടീമുമുണ്ട്. കെ.പി.എൽ ജേതാക്കളെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിലേക്ക് കെ.എഫ്.എ നോമിനേറ്റ് ചെയ്യും. ഫെബ്രുവരി 20ഓടെ സന്തോഷ് ട്രോഫി ക്യാമ്പ് തുടങ്ങുന്നതിനാൽ അക്കാലയളവിൽ കെ.പി.എൽ മത്സരങ്ങൾക്ക് ഇടവേള നൽകുമെന്ന് കെ.എഫ്.എ ജനറൽ സെക്രട്ടറി അനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.