മിന്നൽ സഞ്ജു
text_fieldsസന്തോഷ് ട്രോഫി സെമി ഫൈനലിന് തയാറെടുക്കുന്ന കേരളത്തിന്‍റെ പ്രതിരോധ താരം ജി. സഞ്ജു 'മാധ്യമ'ത്തോട് സംസാരിക്കുന്നു
മഞ്ചേരി: സന്തോഷ് ട്രോഫി സെമി ഫൈനലിലേക്ക് മുന്നേറിയ കേരളം നാല് കളികളിൽ മൂന്ന് ഗോൾ മാത്രമാണ് വഴങ്ങിയത്. പ്രതിരോധത്തിലെ സ്ഥിരത തന്നെയാണ് കേരളത്തിന്‍റെ കരുത്ത്. അതിന് നേതൃത്വം നൽകുന്നതാകട്ടെ കേരള പൊലീസ് താരം ജി. സഞ്ജുവും.
രണ്ടാം തവണയാണ് എറണാകുളം ആലുവ അശോകപുരം സ്വദേശിയായ 27കാരൻ സന്തോഷ് ട്രോഫി ടീമിൽ ഇടം നേടുന്നത്. കോട്ടയം ബസേലിയസ് കോളജിലൂടെയായിരുന്നു തുടക്കം. തുടർച്ചയായി നാല് വർഷം എം.ജി യൂനിവേഴ്സിറ്റിക്ക് വേണ്ടി കളിച്ചു. 2013, 2014, 2015, 2016 വർഷങ്ങളിലായിരുന്നു. 2013ൽ ആൾ ഇന്ത്യ റണ്ണേഴ്സ് കിരീടം നേടി. ഗോകുലം ഡ്യൂറൻറ് കപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്നു. പിന്നീട് പൊലീസിൽ ജോലി ലഭിച്ചതോടെ കേരള പൊലീസിനൊപ്പം പന്തുതട്ടി തുടങ്ങി.
സന്തോഷ് ട്രോഫി ഗ്രൂപ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് സഞ്ജു അടക്കമുള്ള താരങ്ങൾ പുറത്തെടുത്തത്. രാജസ്ഥാനെതിരെ അഞ്ച് ഗോളിന് വിജയിച്ച മത്സരത്തിൽ സ്വന്തം പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും എതിരാളികളെ കൊണ്ട് അടിപ്പിച്ചിരുന്നില്ല. രണ്ടാം മത്സരത്തിൽ ബംഗാൾ താരങ്ങളെ കത്രികപ്പൂട്ടിട്ടതോടെ 'ഹീറോ ഓഫ് ദി മാച്ച്' പുരസ്കാരവും ഈ പ്രതിരോധ നിരയിലെ വിശ്വസ്തനെ തേടിയെത്തി.
സെമി ഫൈനലിന് തയാറെടുക്കുന്ന ജി. സഞ്ജു 'മാധ്യമ'ത്തോട് സംസാരിക്കുന്നു.
ഗ്രൂപ് ചാമ്പ്യന്മാരായാണ് സെമിയിൽ പ്രവേശിച്ചത്. ഇതുവരെയുള്ള മത്സരങ്ങൾ എങ്ങനെ വിലയിരുത്തുന്നു?
ഓരോ മത്സരത്തിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. ടീം വർക്കിലൂടെ വിജയം നേടാനായി. അവസാന രണ്ട് മത്സരത്തിൽ ഗോൾ വഴങ്ങി. അടുത്ത മത്സരത്തിൽ അതില്ലാതിരിക്കാൻ നോക്കും. അതിനുള്ള ശ്രമങ്ങൾ നടത്തുന്നു.
ഗ്രൂപ്പിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ ടീം?
പഞ്ചാബിനെതിരെയുള്ള മത്സരമാണ് പ്രതിരോധത്തിൽ കൂടുതൽ വെല്ലുവിളി ഉയർത്തിയത്. മാച്ച് ഇത്തിരി ടഫായിരുന്നു. ശാരീരികമായി കരുത്തുള്ള ടീമായിരുന്നു അവർ.
സെമിയിൽ കർണാടകയാണ് എതിരാളികൾ. എങ്ങനെ നോക്കി കാണുന്നു?
കർണാടകയുമായി ഇതുവരെ കളിച്ചിട്ടില്ല. അവരുടെ ഗ്രൂപ്പിലെ മത്സരങ്ങൾ കണ്ടിരുന്നു. കരുത്തരായ എതിരാളികൾ തന്നെയാണ്. കളി എങ്ങനെയായാലും ജയിക്കണം. മികച്ച പത്ത് ടീമുകളിൽ നിന്നാണ് നാല് ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഓരോ ടീമും മികച്ചതാണ്. ജയിക്കാൻ വേണ്ടി മാത്രമായിരിക്കും കളിക്കുക.
ക്യാപ്റ്റനെയും മറ്റും ടീമംഗങ്ങളെയും കുറിച്ച്?
ക്യാപ്റ്റൻ ജിജോയും മറ്റ് കളിക്കാരും മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയത്. ക്യാപ്റ്റൻ അഞ്ച് ഗോളടിച്ച് മുന്നിൽ നിന്ന് നയിക്കുന്നു. ഓരോ മത്സരത്തിലും ഒപ്പം കളിക്കുന്നവർ പിന്തുണ നൽകുന്നു. എന്തെങ്കിലും തെറ്റ് പറ്റിയാൽ അത് തിരുത്താൻ വേണ്ടി പറയും.
പയ്യനാട്ടെ ഗാലറിയെ കുറിച്ച്?
നമ്മുടെ വിജയത്തിന്‍റെ ഏറ്റവും വലിയ രഹസ്യം ഗാലറിയിലേക്ക് എത്തുന്ന ആരാധകർ തന്നെയാണ്. അവരുടെ ആവേശവും പിന്തുണയുമാണ് ഇതുവരെ എത്താൻ സഹായിച്ചത്. വിജയത്തിന്‍റെ ഒരു പങ്ക് അവർക്ക് കൂടി അവകാശപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.