സംസ്ഥാന സീനിയർ ഫുട്ബാൾ: തൃശൂരിന് കിരീടം
text_fieldsമലപ്പുറം: 59ാമത് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരിനെ 2-1ന് പരാജയപ്പെടുത്തി തൃശൂർ ജേതാക്കയി. നാലാം തവണയാണ് തൃശൂർ കപ്പിൽ മുത്തമിടുന്നത്. തൃശൂരിനായി മുന്നേറ്റതാരം വി.എച്ച്. മിഥിലാജ് (34ാം മിനിറ്റ്), മധ്യനിര താരം ബിജേഷ് ടി. ബാലൻ (83) എന്നിവർ ഗോൾ നേടി. കണ്ണൂരിനായി മുന്നേറ്റ താരം റിസ്വാനലി എടക്കാവിൽ (60) ആശ്വാസഗോൾ നേടി.
ആദ്യപകുതിയിൽ തൃശൂരിന്റെ മുന്നേറ്റമായിരുന്നു. കണ്ണൂരിന്റെ ഗോൾമുഖത്ത് തൃശൂർ നിരന്തരം ഭീതിയുയർത്തി. 34ാം മിനിറ്റിൽ തൃശൂരിന്റെ മികച്ച മുന്നേറ്റം ഗോളിൽ കലാശിച്ചു. മധ്യനിര താരം മുഹമ്മദ് സഫ്നീദ് നൽകിയ പാസ് മിഥിലാജ് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയുടെ 60ാം മിനിറ്റിൽ കണ്ണൂർ സമനില പിടിച്ചു.
പന്തുമായി മുന്നേറിയ റിസ്വാനലി പന്ത് വലയിലെത്തിച്ചു. സമനിലയിലായതോടെ ഇരു ടീമും വിജയത്തിനായി പോരാടി. 83ാം മിനിറ്റിൽ തൃശൂർ ടീമിൽ പകരക്കാരനായി ഇറങ്ങിയ പി. സന്തോഷിനെ ബോക്സിന് പുറത്ത് ഫൗൾ ചെയ്തതിന് റഫറി ഫ്രീകിക്ക് വിധിച്ചു. ഫ്രീകിക്ക് എടുത്ത തൃശൂരിന്റെ പൊലീസ് താരം ബിജേഷ് ടി. ബാലന് പിഴച്ചില്ല. തുടർന്ന് സമനിലക്കായി കണ്ണൂർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.ലൂസേഴ്സ് ഫൈനലിൽ മലപ്പുറം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇടുക്കിയെ പരാജയപ്പെടുത്തി. മുഹമ്മദ് നിസാം 63ാം മിനിറ്റിലും ജിഷ്ണു ബാലകൃഷ്ണൻ 93ാം മിനിറ്റിലും ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.