ഫുട്ബാൾ താരം കെ.പി.രാഹുലിന് കായിക വകുപ്പ് നിർമിച്ച വീട് കൈമാറി
text_fieldsകാസർകോട്: സന്തോഷ് ട്രോഫി താരം കെ.പി രാഹുലിന് സംസ്ഥാന കായിക വകുപ്പ് നിര്‍മ്മിച്ച് നല്‍കുന്ന വീടിെൻറ താക്കോല്‍ കൈമാറി. കായിക മന്ത്രി ഇ.പി ജയരാജൻ നേരിട്ടെത്തിയാണ് വീടിെൻറ താക്കോൽ കൈമാറിയത്.
സന്തോഷ് ട്രോഫി ഫൈനലില്‍ ഉൾപ്പെടെ ഗോള്‍ നേടി കിരീടവുമായി എത്തിയപ്പോഴാണ് നിര്‍ധന കുടുംബാംഗമായ രാഹുലിെൻറ പ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞത്. ഷീറ്റ് വെച്ചുകെട്ടിയ ഓലപ്പുരയിലായിരുന്നു നാലംഗ കുടുംബം കഴിഞ്ഞിരുന്നത്.
തുടർന്ന് രാഹുലിന് വീട് നിർമിച്ച് നല്‍കാന്‍ കായിക വകുപ്പ് തീരുമാനിക്കുകയായിരുന്നു.15 ലക്ഷം രൂപയാണ് വീടിനായി കായികവകുപ്പ് അനുവദിച്ചത്. നാട്ടുകാരന്‍ അമ്പുകുഞ്ഞി കുറഞ്ഞ വിലക്ക് ഭൂമിയും നല്‍കി.
കഴിഞ്ഞ ഡിസംബറില്‍ വീടിന് കുറ്റിയടിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും 8 മാസം കൊണ്ട് നിർമാണം പൂര്‍ത്തിയാക്കി.അഞ്ച് സെന്റില്‍ 1200 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിയത്. രണ്ട് മുറി, ഹാള്‍, അടുക്കള, എന്നിവ അടങ്ങുന്നതാണ് വീട്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിദ്യാഭ്യാസ വകുപ്പില്‍ രാഹുലിന് ജോലിയും ലഭിച്ചിരുന്നെന്നും മന്ത്രി ഇ.പി.ജയരാജൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.