സൂപ്പർ ലീഗ് കേരള: ആശ്വാസജയം തേടി തൃശൂർ ഇന്ന് കാലിക്കറ്റിനെതിരെ
text_fieldsമലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ ആശ്വാസജയം തേടി തൃശൂർ മാജിക് എഫ്.സി ഇന്ന് തട്ടകത്തിൽ പന്തുതട്ടാനിറങ്ങും. വൈകീട്ട് 7.30ന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ കാലിക്കറ്റ് എഫ്.സിയാണ് എതിരാളികൾ. ടൂർണമെന്റിൽ അവസാന രണ്ടു റൗണ്ട് മത്സരം ബാക്കിനിൽക്കെ കാലിക്കറ്റ് എഫ്.സി മാത്രമാണ് സെമിപ്രവേശം ഉറപ്പിച്ചത്. ഒരു കളിയും ജയിക്കാത്ത തൃശൂർ മാജിക് എഫ്.സി അവസാന നാലിലെത്താതെ പുറത്തായി. കാലിക്കറ്റ് ഒറ്റ മത്സരവും തോൽക്കാതെയാണ് ലീഗിൽ മുന്നേറിയത്. നാലു ജയവും നാലു സമനിലയും ഉൾപ്പെടെ 16 പോയന്റാണുള്ളത്. എന്നാൽ, തൃശൂരാകട്ടെ എട്ടു കളിയിൽ ആറിലും പരാജയപ്പെട്ട് നാണക്കേടിന്റെ പടുകുഴിയിലാണ്. സ്വന്തം ആരാധകർക്കു മുന്നിൽ ഇന്നത്തെ രണ്ടു സമനിലയിലൂടെ ലഭിച്ച രണ്ടു പോയന്റ് മാത്രമാണ് തൃശൂരിന്റെ സമ്പാദ്യം.
കാലിക്കറ്റിനു പുറമെ സെമിപോരാട്ടത്തിന് യോഗ്യത നേടാൻ മറ്റു നാലു ടീമുകൾക്കും സാധ്യത നിലനിൽക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളാണ് ലീഗിൽ ഇനി ബാക്കിയുള്ളത്. ഇതിലെ ജയപരാജയങ്ങൾ നിർണായകമാകും. ടീമുകളുടെ തോൽവി പുറത്തേക്കുള്ള വഴിയൊരുക്കും. അടുത്ത മത്സരം ജയിക്കാനായാൽ കണ്ണൂരിനും അവസാന നാലിൽ ഇടംപിടിക്കാം. മലപ്പുറവും കാലിക്കറ്റുമാണ് അടുത്ത മത്സരങ്ങളിലെ എതിരാളികൾ. അവസാന കളിയിൽ ഒറ്റ ഗോളിൽ തിരുവനന്തപുരത്തിനോട് തോറ്റതാണ് കണ്ണൂരിന് തിരിച്ചടിയായത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ സെമി ഉറപ്പിക്കാമായിരുന്നു. രണ്ടു സമനിലയായാലും പ്രതീക്ഷകൾ അവസാനിക്കില്ല. പക്ഷേ, തോൽവി തിരിച്ചടി നൽകും. നിലവിൽ മൂന്നാമതുള്ള തിരുവനന്തപുരത്തിന് നിർണായകമാണ് കാര്യങ്ങൾ.
അഞ്ചാം സ്ഥാനത്തുള്ള മലപ്പുറവുമായാണ് തിരുവനന്തപുരത്തിന്റെ കളി. ഇതിൽ ജയിച്ചാൽ അനായാസം മുന്നേറാം. എന്നാൽ, തോൽവി ടീമിനെ സമ്മർദത്തിലാക്കും. ഒമ്പതു പോയന്റുമായി അഞ്ചാംസ്ഥാനത്തുള്ള മലപ്പുറത്തിന് ഇനിയുള്ളതെല്ലാം ജീവന്മരണ പോരാട്ടമാണ്. ഗോൾ ശരാശരിയിൽ പിന്നിലുള്ള ടീമിന് രണ്ടു മത്സരവും ജയിക്കേണ്ടിവരും. സമനിലയായാൽ കൊച്ചിയുടെ മത്സരഫലങ്ങൾ അനുകൂലമാകണം. കൊച്ചി തോൽക്കുകയാണെങ്കിൽ സാധ്യത വർധിക്കും. മലപ്പുറം എഫ്.സിക്ക് തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേഴ്സുമാണ് എതിരാളികൾ. അവസാന നാലിൽ ഇടംപിടിക്കാനുള്ള ജീവന്മരണ പോരാട്ടമാണ് ഇനി നടക്കുക. അതിനാൽ മികച്ച മത്സരം കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.