സൂപ്പർ ലീഗ് കേരള: കാലിക്കറ്റ്-കൊമ്പൻസ് മത്സരം സമനിലയിൽ (1-1)
text_fieldsകോഴിക്കോട്: സൂപ്പർ ലീഗ് കേരളയിലെ കന്നി മത്സരത്തിൽ കളിയാരാധകർക്ക് സമനില സമ്മാനിച്ച് കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും. ബ്രസീലിയൻ കരുത്തിലിറങ്ങിയ മഞ്ഞപ്പടയായ കൊമ്പൻസിനെ 1-1ൽ പിടിച്ചാണ് ആതിഥേയർ തുടങ്ങിയത്. ഇരു ടീമുകളുടെയും പ്രതിരോധ നിര ശക്തമായതിനാൽ ആദ്യ 10 മിനിറ്റിലേറെ കളി ഏറക്കുറെ ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് തുടർന്നു. അപൂർവമായാണ് പന്ത് ഗോൾവല ലക്ഷ്യമാക്കി പറന്നത്.
നാലാം മിനിറ്റിൽ കാലിക്കറ്റ് എഫ്.സിയുടെ ഏണസ്റ്റിന് ലഭിച്ച അവസരം നഷ്ടമായി. 14ാം മിനിറ്റിൽ മഞ്ഞപ്പടക്ക് അനുകൂലമായി കോർണർ കിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല.
19ാം മിനിറ്റിൽ കൊമ്പൻസിന്റെ മുഹമ്മദ് അഷറിന് ലഭിച്ച പന്ത് ഗോളാക്കാൻ കഴിയാതെ അവസരം നഷ്ടമായി. ഒരു മിനിറ്റ് പോലും കാത്തിരിക്കാതെ തനിക്ക് ലഭിച്ച പന്തുമായി ഗോൾപോസ്റ്റിലേക്ക് ആക്രമണമുതിർത്ത പന്ത് കാലിക്കറ്റ് എഫ്.സിയുടെ ഗോളി വിശാൽ ജൂണിന്റെ കൈയിൽ തട്ടി ഗോൾപോസ്റ്റിലേക്ക് കടന്ന തോടെ കാലിക്കറ്റ് എഫ്.സിക്കെതിരെ കളിയിലെ ആദ്യ ഗോൾ പിറന്നു. 28ാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ ഫോർവേഡായ ഒട്ടേമർ പിപ്പോക്ക് ഗോളി വിശാലിനെ ഫൗൾ ചെയ്തതിന് ആദ്യ മഞ്ഞക്കാർഡ് കണ്ടു.
33ാം മിനിറ്റിൽ കാലിക്കറ്റ് എഫ്.സിയുടെ ഡിഫൻഡറായ ഘാനക്കാരൻ റിച്ചാർഡ് ഒസെ തോയ്സിങ്ങിന്റെ ഫ്രീകിക്ക് ഹെഡ് ചെയ്തത് തിരുവനന്തപുരം കൊമ്പൻസിന്റെ ബ്രസീലിയൻ ഗോളി മൈക്കിൽ അമേരി കോയെ മറികടന്ന് ഗോളായതോടെ കളി 1-1 സമനിലയിലായി. തുടർന്ന് ഇരു ടീമുകളും പന്തുകൊണ്ട് വലനെയ്തുള്ള കളി പുറത്തെടുത്തു. 44ാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസിന്റെ പ്രതിരോധക്കാരൻ ഷിനു ആറിനു പകരം 41ാം നമ്പർ താരം പപ്പുയയെ ഇറക്കി.
രണ്ടാം പകുതിയിൽ പൂർവാധികം കരുത്തുകാട്ടിയതോടെ കളി തീപാറുന്നതായി. ഗാലറികളിൽനിന്നുള്ള ആർപ്പും ആരവും അടുത്ത കാലത്തൊന്നും കോഴിക്കോട് കാണാത്ത കളിയാരവത്തിന് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.