ഹോം ഗ്രൗണ്ടിൽ തിരുവനന്തപുരം കൊമ്പൻസിനെ 2-1ന് തോൽപിച്ച് ഫോഴ്സ കൊച്ചി
text_fieldsകൊച്ചി: ഹോംഗ്രൗണ്ടിൽ ആയിരങ്ങളുടെ മുന്നിൽ തോറ്റ ഒന്നാം കളിയും സമനിലയിൽ കുരുക്കപ്പെട്ട രണ്ടാമത്തെയും മൂന്നാമത്തെയും കളികളും ഇനി പഴങ്കഥ...കൊച്ചി ഇനി പഴയ കൊച്ചിയല്ല...സൂപ്പർ ലീഗ് കേരളയിലെ രണ്ടാം ഹോം ഗ്രൗണ്ട് മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിെൻറ കൊമ്പ് ഒടിച്ച് മൈതാനത്തിട്ട അൽ ഫോഴ്സ കൊച്ചിയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൂപ്പർലീഗിലെ ആദ്യ ജയം ഫോഴ്സ സ്വന്തമാക്കിയത്. മൂന്നാം റൗണ്ടിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചു പോയിൻറുമായി ഫോഴ്സ സ്വന്തം നില മെച്ചപ്പെടുത്തി.
40ാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസിെൻറ മുന്നേറ്റനിര താരം മാർക്കോസ് വീൽഡർ അടിച്ച ഹെഡറിലൂടെയാണ് കൊമ്പൻമാർ കളിയുടെ ആദ്യപകുതിയിൽ ആധിപത്യമുറപ്പിച്ചത്-സ്കോർ 1-0. പിന്നാലെ രണ്ടാം പകുതിയിൽ ഫോഴ്സക്കുവേണ്ടി പകരക്കാരനായി ഇറങ്ങിയ രാഹുൽ കെ.പി. തിരുവനന്തപുരത്തോട് പകരം വീട്ടി.
62ാം മിനിറ്റിലായിരുന്നു ഇത്. ഡോറിൽറ്റൺ ഗോമസ് ബോക്സിലേക്ക് നൽകിയ ക്രോസിൽ കാലു വെക്കേണ്ട കാര്യമേ രാഹുലിനുണ്ടായിരുന്നുള്ളൂ; തൊട്ടുമുന്നിലുള്ള തിരുവനന്തപുരത്തിെൻറ ഗോൾകീപ്പർ മിഷേൽ അമേരിക്കോ നിഷ്പ്രഭനായി. സ്കോർ 1-1. സ്വന്തം മണ്ണിൽ അത്രനേരം തലതാഴ്ത്തി നിന്ന ഫോഴ്സയുടെ ഫാൻസിന് ചെറുതല്ലാത്ത ആശ്വാസം. സമനില നേടിയതിെൻറ കരുത്തിൽ കൂടുതൽ ഫോമിൽ തകർത്തുകളിക്കുകയായിരുന്നു കൊച്ചിയുടെ വമ്പൻമാർ.
പിന്നാലെ 76ാം മിനിറ്റിൽ വീണ്ടും ഫോഴ്സ തിരുവനന്തപുരത്തിെൻറ ഗോൾവല കുലുക്കി. കൊമ്പൻമാരുടെ ബോക്സിലേക്ക് നിജോ ഗിൽബർട്ട് ഉയർത്തി നൽകിയ പന്ത് നിലം തൊടുന്നതിനു മുമ്പേ അടിച്ചുകയറ്റിയത് ബ്രസീലുകാരനായ ഡോറിൽട്ടൺ ഗോമസാണ്. 76ാം മിനിറ്റിൽ ഫോഴ്സയെ മുന്നിലെത്തിച്ച് സ്കോർ നില 2-1 ആയി. സമനില തെറ്റിയ കൊമ്പൻസ് അവസാന നിമിഷത്തിലും തിരിച്ചടിക്കാൻ ഭഗീരഥ പ്രയത്നം നടത്തിയെങ്കിലും എല്ലാം ഗോൾപോസ്റ്റിനു പുറത്തേക്കായിരുന്നു കുതിച്ചത്. രണ്ടു ഗോളിൽ മതിമറന്നിരിക്കാതെ ഫോഴ്സയും അവസാനം വരെ ആഞ്ഞുപിടിച്ചു. എന്നാൽ, 90ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമെല്ലാം നിരവധി ഗോൾശ്രമങ്ങളുണ്ടായെങ്കിലും വല കുലുക്കാൻ കഴിഞ്ഞില്ല.
മന്ദഗതിയിൽ തുടങ്ങിയ കളിയുടെ ആരംഭത്തിലെല്ലാം ഫോഴ്സക്കായിരുന്നു പന്തിൽ ആധിപത്യമെങ്കിലും അൽപം കഴിഞ്ഞതോടെ സീൻ മാറി. ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഒന്നും ഗോളായില്ല. 21ാം മിനിറ്റിൽ ഫോഴ്സയുടെ പ്രതിരോധ നിരയിലെ കുതിര അജയ് അലക്സിലൂടെ ഗംഭീരമായൊരു അവസരം കിട്ടിയെങ്കിലും ഗോൾ പോസ്റ്റിെന തൊട്ടുരുമ്മി പുറത്തേക്ക് നീങ്ങിയത് ഫോഴ്സയിൽ നിരാശ പടർത്തി.
ഫ്രീകിക്കിലൂടെ ബോക്സിലേക്ക് താഴ്ന്നു വന്ന പന്ത് ഹെഡ് ചെയ്തപ്പോൾ ഗോളായെന്നാണ് എല്ലാവരും കരുതിയതെങ്കിലും പുറത്തേക്ക് പോകാനായിരുന്നു പന്തിെൻറ വിധി. തൊട്ടുപിന്നാലെ പെനൽറ്റി ബോക്സിന് തൊട്ട് പുറത്ത് നിന്ന് കൊമ്പൻസിൻ്റെ ഗണേശൻ തൊടുത്ത മനോഹരമായൊരു ഷോട്ടും വലയിലെത്താതെ പോയി. മുപ്പത്തിയെട്ടാം മിനിറ്റിൽ ആവർത്തിച്ചുള്ള രണ്ട് അവസരങ്ങളാണ് തിരുവനന്തപുരത്തിന് ഭാഗ്യക്കേടുകൊണ്ട് നഷ്ടമായത്.
ജയം അത്രമേൽ അനിവാര്യമായതിനാൽ തന്നെ വലിയ പരീക്ഷണങ്ങൾക്കൊന്നും നിൽക്കാതെ കഴിഞ്ഞ കളിയിലെ സ്ക്വാഡിൽ ഒരേയൊരു മാറ്റമാണ് കോച്ച് മരിയോ ലെമോസ് കൊച്ചിയുടെ ടീമിൽ വരുത്തിയത്. ബ്രസീൽ മിഡ്ഫീൽഡർ റാഫേൽ അഗസ്റ്റോയുടെ പരിക്ക് മലയാളി താരം ആസിഫ് കോട്ടയിലിന് അവസരമായി. ടുണീഷ്യന്‍ ഇന്റര്‍നാഷണല്‍ മുഹമ്മദ് നിദാല്‍, കൊളംബിയന്‍ താരം ലൂയിസ് റോഡ്രിഗസ്, ബ്രസീലിയന്‍ ഡോറില്‍ട്ടന്‍ ഗോമസ് തുടങ്ങിയവര്‍ ഫോഴ്സ കൊച്ചിക്ക് വേണ്ടി ആദ്യമിറങ്ങി. സന്തോഷ് ട്രോഫി താരങ്ങളായ നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍ ജയരാജ് തുടങ്ങിയ മലയാളിതാരങ്ങളും ആദ്യഇലവനില്‍ ഇറങ്ങി.
കണ്ണൂരിനെതിരെ കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് കൊമ്പൻസ് കൊച്ചിക്കെതിരെ ഇറങ്ങിയത്. രണ്ടു മഞ്ഞക്കാർഡ് കിട്ടി പുറത്തുനിൽക്കുന്ന തിരുവനന്തപുരത്തിെൻറ ക്യാപ്റ്റൻ പാട്രിക് മോത്തയുടെ സ്ഥാനത്ത് എസ്. സീസൺ ആണ് ക്യാപ്റ്റെൻറ ആം ബാൻഡ് ധരിച്ച് നയിക്കാനെത്തിയത്. മോത്തക്കു പകരം ബ്രസീൽ താരം ഡെവി കുൻ മധ്യനിരയിൽ എത്തി. വിഷ്ണു ടി.എം, അക്മൽ ഷാൻ എന്നിവർക്ക് ഗണേശൻ, പോൾ റാങ്സ്വാവ പകരക്കാരായി. ടൂർണമെൻറിലെ ആദ്യ ജയത്തിനു പിന്നാലെ തലയുയർത്തിയാണ് ഫോഴ്സയുടെ ആരാധകർ സ്റ്റേഡിയം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.