ഇന്ന് തട്ടകപ്പോര്
text_fieldsമലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് മലപ്പുറം എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. ഇരു ടീമുകളുടെയും ഹോംഗ്രൗണ്ടായ പയ്യനാട്ട് നടക്കുന്ന തട്ടകപ്പോരിൽ മത്സരം പൊടിപാറും. വൈകീട്ട് 7.30നാണ് മത്സരം. രണ്ടു ടീമിന്റെയും ഹോം ഗ്രൗണ്ടിലെ കളിവീറിനൊപ്പം ഗാലറിയിലും ആവേശം പെയ്തിറങ്ങും.
ഒന്നാമതാവാൻ മലപ്പുറം
ആറു ടീമുകളുള്ള ടൂര്‍ണമെന്റില്‍ നിലവില്‍ നാലാം സ്ഥാനത്താണ് എം.എഫ്.സി. ഉദ്ഘാടനമത്സരത്തില്‍ ഫോഴ്സ കൊച്ചിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ച് അരങ്ങേറിയ എം.എഫ്.സിക്ക് സ്വന്തം തട്ടകത്തിൽ കളിച്ച രണ്ടാം മത്സരത്തില്‍ കാലിടറി. ആർത്തിരമ്പിവന്ന സ്വന്തം ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമായിരുന്നില്ല ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കാലിക്കറ്റ് എഫ്.സിയാണ് മലപ്പുറത്തിന്റെ ആദ്യ ഹോം മാച്ചിലെ വിജയമെന്ന സ്വപ്നം തകര്‍ത്തത്.
മുന്നേറ്റത്തിലെ മൂർച്ചക്കുറവും ദുർബല മധ്യനിരയുമായിരുന്നു പരാജയകാരണം. എന്നാൽ, സമ്മർദങ്ങളില്ലാതെ കൂളായി കളിച്ച് കാലിക്കറ്റ് വിലപ്പെട്ട മൂന്നു പോയന്റ് സ്വന്തമാക്കുകയും ചെയ്തു. ഇന്നത്തെ മത്സരം വിജയിച്ചാല്‍ മലപ്പുറത്തിന് ആറു പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം. രണ്ടു കളികളിൽ മൂന്നു പോയന്റാണ് മലപ്പുറത്തിന് നിലവിലുള്ളത്. മൂന്നു കളികളിൽ അഞ്ചു പോയന്റുള്ള കാലിക്കറ്റ് എഫ്.സിയാണ് നിലവിൽ ഒന്നാമത്.
ജീവന്മരണ പോരാട്ടത്തിന് തൃശൂർ
പോയന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് തൃശൂര്‍ മാജിക് എഫ്.സി. ആദ്യ രണ്ടു കളികളിലും പരാജയപ്പെട്ട തൃശൂരിന്റെ നില പരുങ്ങലിലാണ്. ഇനിയുള്ള മത്സരങ്ങളില്‍ വിജയം നേടിയില്ലെങ്കില്‍ അവസാന നാലിലെത്തുക പ്രയാസമാകും. അതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല. സി.കെ. വിനീതിന്റെ നേതൃത്വത്തിലുള്ള ടീം പയ്യനാട്ട് നടന്ന ആദ്യ കളിയില്‍ കണ്ണൂര്‍ വാരിയേഴ്സിനോടാണ് പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ടീം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ വഴങ്ങി പരാജയം രുചിച്ചു. തിരുവനന്തപുരത്തിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം കളിയിലും തോല്‍വി തന്നെയായിരുന്നു ഫലം. കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട തൃശൂരിന് ഇതുവരെ പോയന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല. മലപ്പുറത്തെ കീഴടക്കി പോയന്റ് പട്ടിക തുറക്കാനുള്ള ശ്രമത്തിലാകും തൃശൂര്‍ മാജിക് എഫ്.സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.