സന്തോഷ് ട്രോഫി ദ്വീപ് കടക്കാൻ കേരളം
text_fieldsകോഴിക്കോട്: യോഗ്യത പോരാട്ടങ്ങൾക്കപ്പുറം സന്തോഷ് ട്രോഫിയിൽ മറ്റൊരു മത്സരാനുഭവമില്ലാത്ത ലക്ഷദ്വീപ് വെള്ളിയാഴ്ച മത്സരത്തിനിറങ്ങുന്നത് എട്ടാം തവണ സന്തോഷ് ട്രോഫി മോഹമുയർത്തുന്ന കേരളത്തിനെതിരെ. ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയോട് പരാജയമേറ്റുവാങ്ങിയ ലക്ഷദ്വീപിന് ഇന്ന് ഏറെ നിർണായകമാണ്. ബി. നവാസിന്റെ നായകത്വത്തിലിറങ്ങുന്ന ലക്ഷദ്വീപ് ടീമിൽ ആറുപേർ യോഗ്യത മത്സരത്തിൽ മാത്രം കളിച്ചിട്ടുള്ളവരാണ്. ഇന്നും ജയിച്ച് പോണ്ടിച്ചേരിയും റെയിൽവേസും കൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ചിൽ ഒന്നാംസ്ഥാനത്തേക്ക് കയറുകയാണ് ആതിഥേയരുടെ ലക്ഷ്യം. ആദ്യ കളിയിൽ കേരളം റെയിൽവേസിനെ ഒരു ഗോളിനാണ് തോൽപിച്ചത്.
ദ്വീപിലെ മഡ് ഗ്രൗണ്ടിൽ മാത്രം പരിശീലനം നടത്തുന്ന ലക്ഷദ്വീപിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയംപോലും അപരിചിതമാണ്. ഒക്ടോബർ എട്ടിനാണ് പരിശീലനം തുടങ്ങിയത്. 22 വരെ ലക്ഷദ്വീപിൽ പരിശീലനം തുടർന്നു. നവംബർ നാലു മുതൽ 12 വരെ ടീം എറണാകുളത്തായിരുന്നു. 13ന് കോഴിക്കോട്ടെത്തിയ ടീമിന് നഗരത്തിൽ പ്രാക്ടിസിന് ഗ്രൗണ്ടുപോലും ലഭിച്ചില്ല. ഏറെ ശ്രമത്തിനുശേഷം ഫാറൂഖ് കോളജ് ഗ്രൗണ്ട് ലഭിച്ചത് ഏറെ ആശ്വാസമായി. മുൻ ഇന്ത്യൻ ഗോൾ കീപ്പർ ഫിറോസ് ഷരീഫാണ് മുഖ്യ പരിശീലകൻ. വിവ ചെന്നൈ താരം അബ്ദുൽ ഹാഷിമാണ് വൈസ് ക്യാപ്റ്റൻ.
ഗനി നിഗം, വി. അർജുൻ, ടി. ഷിജിൻ, ഇ. സജീഷ്, മുഹമ്മദ് അജ്സൽ എന്നീ സ്ട്രൈക്കർമാരെയും പ്രതിരോധ മതിലുയർത്തുന്ന മുഹമ്മദ് അസ്ലം, ജോസഫ് ജസ്റ്റിൻ, ആദിൽ അമൽ, എം. മനോജ്, പി.ടി. മുഹമ്മദ് റിയാസ്, ജി. സഞ്ജു, മുഹമ്മദ് മുഷറഫ് എന്നിവരെയും നിലക്കുനിർത്താൻ ദ്വീപുകാർ ഏറെ പ്രയാസപ്പെടും.
ഇന്നത്തെ കളി
7.30 am പുതുച്ചേരി Vs റെയിൽവേസ്
3.30 pm കേരളം Vs ലക്ഷദ്വീപ്
(കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.