സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇന്ന് ബംഗാളിനെതിരെ
text_fieldsസ്വപ്നകിരീടത്തിലേക്ക് ഇനിയൊരു ചുവട് മാത്രം. സന്തോഷ് ട്രോഫിയിൽ തങ്ങളുടെ 17ാം ഫൈനൽ പോരാട്ടത്തിൽ എട്ടാം കിരീടംതേടി കേരളം ഇന്നിറങ്ങുന്നു. വംഗനാടിന്റെ കരുത്തുമായെത്തുന്ന ബംഗാളാണ് എതിരാളികൾ. 47ാം ഫൈനൽ കളിക്കുന്ന ബംഗാളിന് 33ാം കിരീടമാണ് ലക്ഷ്യം.
ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി 7.30നാണ് ഫൈനൽ. പുതുവത്സരരാവിലെ കലാശപ്പോരിൽ 78ാമത് സന്തോഷ് ട്രോഫി കിരീടത്തിൽ ആരുടെ മുത്തം പതിയുമെന്നറിയാൻ ഫൈനൽ വിസിൽ വരെ കാത്തിരിക്കാം.
പവർ എൻജിനായി കേരളം
ഡെക്കാൻ അറീനയിലെ ടർഫ് മൈതാനത്തിൽനിന്ന് ഗച്ചിബൗളി സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനിയിലേക്ക് കളി മാറിയതോടെ കേരളം ഡബ്ൾ സ്ട്രോങ്ങായി. കേരള താരങ്ങൾ ഒന്നാന്തരം പാസിങ് ഗെയിം പുറത്തെടുത്ത സെമി പോരാട്ടത്തിൽ ആദ്യ ഇലവനിലിറക്കിയ താരങ്ങളെല്ലാം തകർപ്പൻ ഫോമിലായിരുന്നു.
പ്രതിരോധനിരയിൽനിന്ന് പിറവിയെടുത്ത പാസുകൾ മുന്നേറ്റനിരയിലേക്ക് മിക്കപ്പോഴും തടസ്സമില്ലാതെ ഒഴുകി നീങ്ങി. ലൈനും പൊസഷനും പാലിച്ച് മണിപ്പൂർ മുന്നേറ്റത്തെ സഞ്ജുവും മനോജും നയിച്ച പ്രതിരോധം വരച്ച വരയിൽ നിർത്തി. മുഹമ്മദ് റോഷലിന്റെ സൂപ്പർ സബ് പ്രകടനവും കോച്ച് ബിബി തോമസിന് ആത്മവിശ്വാസം പകരുന്നു. ബാറിന് കീഴിൽ പരിചയസമ്പന്നനായ ഹജ്മലും ഫോമിലാണ്.
ഇതിനകം എട്ടു ഗോളടിച്ച നസീബ് റഹ്മാനിലും ആറു ഗോൾ കുറിച്ച മുഹമ്മദ് അജ്സലിലുമാണ് സ്കോറിങ്ങിൽ പ്രധാന പ്രതീക്ഷ. കേരളത്തിന്റെ പകുതി താരങ്ങളും കൊൽക്കത്ത ലീഗിൽ കളിക്കുന്നവരായതിനാൽ ബംഗാളിനെ പൂട്ടാൻ പാടുപെടേണ്ടിവരില്ലെന്നും ആരാധകർ കണക്കുകൂട്ടുന്നു.
ആശങ്കയായി പരിക്കും കാർഡും
മണിപ്പൂരിനെതിരായ സെമിയുടെ ഇഞ്ചുറി ടൈമിൽ പ്രതിരോധ താരം എം. മനോജ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനാൽ ഫൈനൽ നഷ്ടമാവുമെന്നത് കേരളത്തിന് തിരിച്ചടിയാണ്. പ്രതിരോധക്കോട്ടയിൽ ക്യാപ്റ്റൻ സഞ്ജുവിന്റെ വിശ്വസ്ത കൂട്ടാളിയാണ് മനോജ്. ഈ പൊസിഷനിലേക്ക് ആദിൽ അമലിനെ പരിഗണിച്ചേക്കും.
സെമിയിൽ 68 മിനിറ്റ് കളിച്ച ശേഷം പരിക്കേറ്റ് കയറിയ നിജോ ഗിൽബർട്ട് ആദ്യ ഇലവനിലുണ്ടാകുമോ എന്ന കാര്യവും സംശയകരമാണ്. നിജോക്ക് പകരക്കാരനായെത്തിയാണ് മുഹമ്മദ് റോഷൽ ഹാട്രിക് അടിച്ചെടുത്തത്. പരിക്കുമൂലം ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരുന്ന സ്റ്റാർ സ്ട്രൈക്കർ ഗനി അഹമ്മദ് നിഗത്തിന്റെ സേവനവും ലഭിച്ചേക്കില്ല.
കളി അധിക സമയത്തേക്ക് നീളാനുള്ള സാധ്യത മുന്നിൽക്കണ്ട് പെനാൽറ്റി സ്പെഷലിസ്റ്റായി പകരക്കാരുടെ ബെഞ്ചിൽ ഗനിയെ ഉൾപ്പെടുത്തും. ഫൈനലിലെത്തി കിരീടമുയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു എല്ലാ പ്ലാനിങ്ങുമെന്ന് കേരള പരിശീലകൻ ബിബി തോമസ് പറഞ്ഞു. തുടർച്ചയായ കളികൾ കളിക്കാരെ ക്ഷീണിതരാക്കിയിട്ടുണ്ട്. മുന്നിലുള്ള കളി മാത്രമല്ല; അവരുടെ ഭാവികൂടി മുന്നിൽ കാണണം. ഫൈനൽ ഞങ്ങൾക്ക് അഭിമാന പോരാട്ടമാണ് -ബിബി തോമസ് പറഞ്ഞു.
ബംഗാളിന്റെ ഗോൾ മെഷീൻ
കരുത്തരുൾപ്പെട്ട എ ഗ്രൂപ്പിൽനിന്ന് അജയ്യരായാണ് ബംഗാളിന്റെ വരവ്. സെമി ഫൈനലിലിടം നേടിയ നാലിൽ മൂന്നു ടീമും ഇതേ ഗ്രൂപ്പിൽനിന്നായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ സർവിസസിനെ ഗ്രൂപ് ഘട്ടത്തിലും സെമിഫൈനലിലും തോൽപിച്ച ബംഗാൾ മികച്ച ടീം ഗെയിമാണ് ഇതുവരെ പുറത്തെടുത്തത്. കൊൽക്കത്ത ലീഗിലെ മുൻനിര താരങ്ങളാണ് ടീമിന്റെ കരുത്ത്. ഗോളടിച്ചുകൂട്ടുന്ന റോബി ഹൻസ്ദാ, നരോഹരി ശ്രേഷ്ഠ, മനതോസ് മാജി എന്നിവരാണ് ഫോർവേഡുകൾ.
ഹൻസ്ദാ ഇതിനകം 11 ഗോൾ നേടി ടോപ്സ്കോററാണ്. നരോഹരി ഏഴും മനതോസ് മാജി ആറും ഗോൾ കുറിച്ചുകഴിഞ്ഞു. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ കഴിവുള്ള താരമാണ് നരോഹരി. ആക്രമണംതന്നെയാണ് ബംഗാളിന്റെ കരുത്ത്. കഴിഞ്ഞ തവണ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനാവാതെ പോയ ബംഗാളിന് അഭിമാനം കാക്കാൻ കിരീടംതന്നെയാണ് ലക്ഷ്യം.
കേരളം Vs ബംഗാൾ പെനാൽറ്റി കിരീടപ്പോര്
സന്തോഷ് ട്രോഫി ഫൈനലിൽ കേരളവും ബംഗാളും ഏറ്റുമുട്ടിയ നാലുതവണയും പെനാൽറ്റിയാണ് ഫലം നിശ്ചയിച്ചതെന്ന കൗതുകമുണ്ട്. 1988 -89 ഗുവാഹതിയിൽ നടന്ന ഫൈനൽ മുഴുവൻ സമയം 1 -1ന് സമനില പാലിച്ചു. 4 -3ന് പെനാൽറ്റിയിൽ ബംഗാളിനായിരുന്നു ജയം.
1993 -94 കട്ടക്കിൽ 2 -2ന് സമനില. 5 -3ന് പെനാൽറ്റിയിൽ ബംഗാളിന് ജയം. 2017 -18ൽ കൊൽക്കത്തയിൽ 2 -2ന് സമനില. പെനാൽറ്റിയിൽ 4 -2ന് കേരളം ജയിച്ചു. 2021 -22ൽ മഞ്ചേരിയിൽ 1 -1ന് സമനില. ഷൂട്ടൗട്ടിൽ 5 -4ന് കേരളത്തിന്റെ ജയം. സന്തോഷ് ട്രോഫിയിൽ ആകെ ഇരു ടീമും പരസ്പരം ഏറ്റുമുട്ടിയ 32 മത്സരങ്ങളിൽ ബംഗാൾ 15ഉം കേരളം ഒമ്പതും കളിയിൽ ജയിച്ചു. എട്ടെണ്ണം സമനിലയിലായി.
റഫറിയിങ്ങിനെതിരെ ആഞ്ഞടിച്ച് കേരള പരിശീലകൻ
ഹൈദരാബാദ്: മണിപ്പൂരിനെതിരായ സെമിഫൈനലിൽ കേരള പ്രതിരോധ താരം എം. മനോജിനെ രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി പുറത്താക്കിയ നടപടിയിൽ റഫറിയിങ്ങിനെ രൂക്ഷമായി വിമർശിച്ച് കേരള പരിശീലകൻ ബിബി തോമസ്. റഫറിയുടെ തീരുമാനം ലജ്ജാകരമാണെന്നും ഇന്ത്യൻ ഫുട്ബാളിനുതന്നെ നാണക്കേടാണെന്നും ബിബി തോമസ് വിമർശിച്ചു. ‘‘അന്തിമ വിസിലിന് രണ്ടു മിനിറ്റ് മാത്രം ശേഷിക്കെയാണ് മനോജിനെ റഫറി കാർഡ് കാണിച്ചു പുറത്താക്കുന്നത്.
എന്തിനാണ് റഫറി ചുവപ്പുകാർഡ് നൽകിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഫോർത്ത് ഒഫിഷ്യലിനോട് ഞാൻ കാരണം ചോദിച്ചു. അവർക്ക് പ്രത്യേകിച്ചൊരു മറുപടിയുമില്ല. ഇത് ഇന്ത്യൻ ഫുട്ബാളിലെ ദുരന്തമാണ്. കളിക്കാരുടെ വികാരവും സമർപ്പണവും കഠിനാധ്വാനവും ഒരുപോലെയാണ്. അതിനെ ഒരൊറ്റ തീരുമാനംകൊണ്ട് കൊല്ലരുത്. ഇതുപോലൊരു തീരുമാനം ഞാനെന്റെ കരിയറിൽ കണ്ടിട്ടില്ല. ഇന്ത്യൻ ഫുട്ബാളിന് നാണക്കേടാണിത്’’ - കോച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.