വിഷുപ്പിറ്റേന്ന് കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി പോരാട്ടം
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിന് ശനിയാഴ്ച മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിൽ തുടക്കമാവുമ്പോൾ യോഗ്യത റൗണ്ടിലെ മികച്ച പ്രകടനത്തിലൂടെ എത്തിയ പത്ത് ടീമുകളും കിരീട പ്രതീക്ഷയിലാണ്.
ആതിഥേയരെന്ന ആനുകൂല്യം കേരളത്തിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും ഒന്നിനൊന്ന് കരുത്തരാണ് ഓരോ സംഘങ്ങളും. 32 തവണ സന്തോഷ് ട്രോഫി കിരീടം നേടിയ ബംഗാൾ മുതൽ വടക്കുകിഴക്കൻ കരുത്തരും അട്ടിമറി വീരന്മാരുമെല്ലാം രണ്ട് ഗ്രൂപ്പിലുമായി അണിനിരക്കുന്നുണ്ട്.
ബംഗാൾ x പഞ്ചാബ്
ശനിയാഴ്ച രാവിലെ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന ബംഗാൾ-പഞ്ചാബ് ഗ്രൂപ് എ മത്സരം കേരളത്തിനും നിർണായകമാണ്. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി ഫൈനൽ പ്രവേശനമെന്നതിനാൽ ഈ കളിയുടെ ഫലം ഇതേ ഗ്രൂപ്പിലുള്ള ആതിഥേയരും ഉറ്റുനോക്കുന്നുണ്ട്.
കിഴക്കൻ മേഖല യോഗ്യത റൗണ്ടിലെ ഏകപക്ഷീയ ജയങ്ങളുമായാണ് ബംഗാളിന്‍റെ വരവ്. ഉത്തരമേഖലയിൽ ഗോൾമഴ പെയ്യിച്ചവരാണ് പഞ്ചാബ്. യോഗ്യത റൗണ്ടിൽ 14 ഗോളുകൾ അടിച്ചപ്പോൾ ഒരെണ്ണം പോലും വഴങ്ങിയില്ല.
കേരളം x രാജസ്ഥൻ
മഹാരാഷ്ട്രയെ പുറത്താക്കി പശ്ചിമ മേഖലയിൽ നിന്ന് കടന്നുകൂടിയ രാജസ്ഥാനെ എഴുതിത്തള്ളാനാവില്ല. കേരള പ്രീമിയർ ലീഗിലെ പ്രകടനം കൂടി കണക്കിലെടുത്ത് മാറ്റം വരുത്തിയ 20 അംഗം സംഘത്തിൽ നിറയെ പ്രതീക്ഷയാണ് ആതിഥേയർക്ക്.
ദക്ഷിണമേഖല പുതുച്ചേരിയെ ഒന്നിനെതിരെ നാലും ആൻഡമാനിനെ എതിരില്ലാത്ത ഒമ്പതും ലക്ഷദ്വീപിനെ ഏകപക്ഷീയമായ അഞ്ചും ഗോളിനാണ് കേരളം മടക്കിയയച്ചത്. കരുത്തരുടെ ഗ്രൂപ്പായതിനാൽ വിജയത്തിൽ കുറഞ്ഞ ഏത് ഫലവും നാട്ടുകാർക്ക് തിരിച്ചടിയാണ്. മേഘാലയയാണ് ഗ്രൂപ് എയിലെ നാലാമത്തെ ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.