ജയത്തോടെ സിറ്റി ഒന്നാമത്; ചെൽസിക്ക് തോൽവി
text_fieldsലണ്ടൻ: ലെസ്റ്റർ സിറ്റിയെ 1-0ത്തിന് മറികടന്ന മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയന്റ് നിലയിൽ വീണ്ടും തലപ്പത്ത്. 49ാം മിനിറ്റിൽ കെവിൻ ഡിബ്രുയിന്റെ തകർപ്പൻ ഫ്രീകിക്കിലൂടെയാണ് സിറ്റി ഗോൾ നേടിയത്. 12 കളികളിൽനിന്ന് 29 പോയന്റാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സമ്പാദ്യം.
സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡില്ലാതെയാണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങിയത്. പനിയും കാലിലെ പരിക്കുമാണ് നോർവീജിയൻ താരത്തിന് വിനയായത്. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച പ്രതിരോധമായിരുന്നു ലെസ്റ്ററിന്റേത്. 25 വാര അകലെനിന്നാണ് ഡിബ്രുയിൻ ഫ്രീകിക്ക് ഗോൾ നേടിയത്. പിന്നീട് ലെസ്റ്ററിന്റെ യൂറി ടെലിമാൻസിന്റെ ഷോട്ട് ബാറിൽ തട്ടി തിരിച്ചുവന്നതൊഴിച്ചാൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം തന്നെയായിരുന്നു. 28 പോയന്റുള്ള ആഴ്സനലിന് ഞായറാഴ്ച നോട്ടിങ്ഹാമിനെതിരെ ജയിച്ചാൽ പോയന്റ് പട്ടികയിൽ ഒന്നാമതാകാം.
അതേസമയം, ചെൽസിക്ക് ബ്രൈറ്റനെതിരെ ഞെട്ടിക്കുന്ന തോൽവി. 4-1നാണ് നീലപ്പടയെ തോൽപ്പിച്ചത്. ന്യൂകാസിൽ ആസ്റ്റൺവില്ലയെയും (4-0), ടോട്ടനം ബേൺമൗത്തിനെയും (3-2) കിസ്റ്റൽ പാലസ് സതാംപ്റ്റനെയും (1-0) തോൽപ്പിച്ചു.
ബയേണിന് തകർപ്പൻ ജയം
മ്യൂണിക്: ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. മെയ്ൻസിനെ 6-2നാണ് ബയേൺ തോൽപിച്ചത്. സെർജി നാബ്രി, ജമാൽ മുസിയാല, സാദിയോ മാനെ, ലിയോൺ ഗോരസ്ക, മാതിസ് ടെൽ, ചൗപോ മോട്ടിങ് എന്നിവരാണ് ബയേണിന്റെ സ്കോറർമാർ. സിൽവൻ വിഡ്മറും മാർക്കസ് ഇങ്‍വാട്സനുമാണ് മെയ്ൻസിനായി വലകുലുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.