ഭരണതലപ്പത്ത് വെട്ടിനിരത്തൽ നീക്കവുമായി കെ.എഫ്.എ
text_fieldsതിരുവനന്തപുരം: ഫുട്ബാൾ അസോസിയേഷനുകളുടെ തലപ്പത്ത് വെട്ടിനിരത്തൽ നീക്കവുമായി കേരള ഫുട്ബാൾ അസോസിയേഷൻ. ഇനിമുതൽ കേരള ഫുട്ബാൾ അസോസിയേഷന്റെയും ജില്ല ഫുട്ബാൾ അസോസിയേഷന്റെയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും തെരഞ്ഞെടുക്കപ്പെടാനും കേന്ദ്ര-സംസ്ഥാന സർക്കാർ സർവിസിൽ ജോലി ചെയ്യുന്നവർക്ക് അർഹതയുണ്ടാകില്ല.
അതേസമയം ജനറൽ ബോഡിയിൽ ഇവർക്ക് പങ്കാളിത്തം ഉണ്ടാകും. ഇതുസംബന്ധിച്ച് നിയമ ഭേദഗതി മേയ് 31ന് കൊച്ചിയിൽ ചേർന്ന പ്രത്യേക ജനറൽ ബോഡി പാസാക്കി. സഹകരണവകുപ്പ് രജിസ്ട്രാർ അംഗീകരിക്കുന്ന മുറക്ക് ഭേദഗതി നിലവിൽ വരും. ഈ തീരുമാനത്തിനെതിരെ സർവിസിലുള്ള ഫുട്ബാൾ താരങ്ങൾ സർക്കാറിന് പരാതി നൽകി. രാജ്യത്തിനും കേരളത്തിനും ഫുട്ബാളിലൂടെ അഭിമാന നേട്ടം സമ്മാനിച്ചവരാണ് സ്പോർട്സ് േക്വാട്ടയിലൂടെ കേന്ദ്ര-സംസ്ഥാന സർവിസിലുള്ളത്.
അവരെ തഴഞ്ഞ് സ്വകാര്യ ബിസിനസ് ഗ്രൂപ് മേധാവിയെ കെ.എഫ്.എ തലപ്പത്ത് ഇരുത്താനുള്ള ശ്രമങ്ങളാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് മുൻ ഫുട്ബാൾ താരങ്ങളുടെ പരാതി. ജൂലൈ 15ന് മുമ്പായി 14 ജില്ലകളിലെയും ഫുട്ബാൾ അസോസിയേഷനുകളുടെയും ആഗസ്റ്റ് 30ന് മുമ്പായി കേരള ഫുട്ബാൾ അസോസിയേഷന്റെയും തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്.
പ്രസിഡന്റ് ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പല ജില്ല അസോസിയേഷനുകൾക്കും കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞതവണ സി.പി.എം എം.എൽ.എ എ. പ്രദീപ്കുമാറിനെ തോൽപിച്ചാണ് കേരള കോൺഗ്രസ് (എം) നേതാവും ഇടുക്കി അറക്കുളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടോം ജോസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്.
70 വയസ്സ് പൂർത്തിയാകുന്നതിനാൽ ടോം ജോസിന് ഇത്തവണ മത്സരിക്കാനാകില്ല. അതിനാൽ ഇത്തവണ കെ.എഫ്.എ പിടിക്കാൻ അരയും തലയും മുറുക്കിയാണ് സി.പി.എം രംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രമുഖ താരങ്ങളെ പാർട്ടി പരിഗണിക്കുന്നതിനിടയിലാണ് പുതിയ നിയമഭേദഗതി ഭരണസമിതി പാസാക്കിയത്.
സർക്കാർ സർവിസിലുള്ളവർക്ക് അസോസിയേഷൻ പ്രവർത്തനങ്ങളിൽ സമയം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്ന് കെ.എഫ്.എ സെക്രട്ടറി അനിൽകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഭരണഘടന തയാറാക്കിയ അഡ്മിനിസ്ട്രേറ്റർ കമ്മിറ്റിയും ഇത്തരം ശിപാർശ നടത്തിയിരുന്നുവെന്നും അനിൽകുമാർ പറയുന്നു. അതേസമയം ഭേദഗതിയെ സംബന്ധിച്ച് കെ.എഫ്.എ സംസ്ഥാന സ്പോർട്സ് കൗൺസിലിനെ അറിയിച്ചിട്ടില്ലെന്ന് പ്രസിഡന്റ് യു. ഷറഫലി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.