ഒളിമ്പിക്സ് ഫുട്ബാളിന് കിക്കോഫ്; അർജന്റീന, സ്പെയിൻ, ഫ്രാൻസ് ഇന്ന് കളത്തിൽ
text_fieldsപാരിസ്: ലോകം വീണ്ടുമൊരു ഫുട്ബാൾ ആവേശത്തിലേക്ക് മിഴിതുറക്കുന്നു. ഒളിമ്പിക്സ് പുരുഷ-വനിത ഫുട്ബാൾ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്.
പുരുഷ ഫുട്ബാളിൽ ഗ്രൂപ്പ് ബിയിൽ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന മെറോക്കെയെ നേരിടും. ഗ്രൂപ്പ് സിയിൽ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഉസ്ബൈക്കിസ്താനെയും നേരിടും. രണ്ടു മത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് പോരാട്ടം. സെന്‍റ് എറ്റിയെനിലെ ജെഫ്‌റോയ്-ഗുയിച്ചാർ സ്റ്റേഡിയത്തിലാണ് മത്സരം.
കോപ്പ കിരീട തിളക്കവുമായി എത്തുന്ന അർജന്‍റീന ആദ്യ ദിനം കളത്തിലിറങ്ങുന്നത് ആവേശം വിതറും. ഗ്രൂപ്പ് എയിലെ ഫ്രാൻസ്- യു.എസ് പോരാട്ടം ഇന്ന് രാത്രി 12.30 ന് നടക്കും.
അണ്ടർ-23 ടീം അംഗങ്ങളായിരിക്കും മത്സരിക്കുക എങ്കിലും ഒരോ ടീമിനും മൂന്ന് സീനിയർ താരങ്ങളെ മത്സരിപ്പിക്കാനാകും. ഇത് മത്സരങ്ങളുടെ ആവേശം വർധിപ്പിക്കും.
ഫ്രാൻസിലെ ഏഴു നഗരങ്ങളാണ് ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാകുന്നത്. ഒളിമ്പിക്സിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും മാർച്ച് പാസ്റ്റും 26നാണ്. ആഗസ്റ്റ് 10നാണ് ഫുട്ബാൾ മത്സരങ്ങളുടെ കലാശപ്പോര്.
ഗ്വിനിയ-ന്യൂസിലൻഡ്, ഈജിപ്റ്റ്-ഡോമിനിക്കൻ റിപ്പബ്ലിക്, ഇറാഖ്-യുക്രെയ്ൻ, ജപ്പാൻ-പരാഗ്വെ, മാലി-ഇസ്രേൽ മത്സരങ്ങളും ഇന്ന് നടക്കും. നിലവിലെ സ്വർണ മെഡൽ ജേതാക്കളായ ബ്രസീലിന് ഇത്തവണ യോഗ്യത നേടാനായില്ല. 16 ടീമുകൾ ആണ് ഒളിമ്പിക്സ് ഫുട്ബാളിൽ പങ്കെടുക്കുന്നത്.
മൂന്നു സീനിയർ താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്താമെന്നതിനാൽ പല ടീമുകളും ശ്രദ്ധേയരായ താരങ്ങളുമായാണ് പാരിസിലെത്തിയത്. ഒളിമ്പിക്സിൽ കളിക്കാനിറങ്ങുന്ന അഞ്ചു സൂപ്പർ താരങ്ങളെ പരിചയപ്പെടാം;
ഹൂലിയൻ അൽവാരസ് (അർജന്‍റീന)
കോപ്പ അമേരിക്കയിൽ പതിനാറാം തവണയും മുത്തമിട്ട അർജന്‍റീന തന്നെയാണ് ഒളിമ്പിക്സ് ഫുട്ബാളിലെ ഫേവറൈറ്റുകൾ. ഖത്തർ ലോകകപ്പ് ചാമ്പ്യന്മാരായ ടീമിലുണ്ടായിരുന്ന നിക്കോളാസ് ഒട്ടമെൻഡി, ഗോൾ കീപ്പർ ജെറോണിമോ, മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം ഹൂലിയൻ അൽവാരസ് എന്നിവരാണ് സ്ക്വാഡിലെ സീനിയർ താരങ്ങൾ. മൂന്നാം ഒളിമ്പിക്സ് സ്വർണം ലക്ഷ്യമിട്ടാണ് ഹവിയർ മഷറാനോയുടെ പരിശീലനത്തിൽ അർജന്‍റീന കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി 36 മത്സരങ്ങളിൽനിന്നായി 11 ഗോളുകളാണ് അൽവാരസ് നേടിയത്. സിറ്റിയുടെ പ്രീ സീസൺ മത്സരങ്ങളും മാഞ്ചസ്റ്റർ യുനൈഡിനെതിരായ കമ്യൂണിറ്റി ഷീൽഡ് പോരാട്ടവും താരത്തിന് നഷ്ടമാകും.
അലക്സാണ്ടർ ലകാസെറ്റ് (ഫ്രാൻസ്)
നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിൽ ടീമിനെ നയിക്കാൻ ഭാഗ്യം കിട്ടിയതിന്‍റെ സന്തോഷത്തിലാണ് സൂപ്പർതാരം അലക്സാണ്ടർ ലകാസെറ്റ്. ഫ്രഞ്ച് ലീഗ് വണ്ണിൽ തകർപ്പൻ ഫോമിലുള്ള താരം, ലിയോണിനായി കഴിഞ്ഞ സീസണിൽ 25 മത്സരങ്ങളിൽനിന്ന് 22 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2017ലാണ് അവസാനമായി താരം ഫ്രഞ്ച് ദേശീയ ടീമിനൊപ്പം കളിച്ചത്. തിയറി ഹെൻറി പരിശീലിപ്പിക്കുന്ന ടീമിൽ സെവിയ്യയുടെ ലോയ്ക് ബേഡും ക്രിസ്റ്റൽ പാലസ് മുന്നേറ്റതാരം ജീൻ ഫ്രിലിപ്പെ മറ്റേറ്റയും സീനിയർ താരങ്ങളായി കളിക്കുന്നുണ്ട്. നേരത്തെ സൂപ്പർതാരം കിലിയൻ എംബാപ്പെ ടീമിനായി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, താരത്തിന്‍റെ റയലിലേക്കുള്ള കൂടുമാറ്റത്തോടെ അതിനുള്ള വാതിലുകൾ അടഞ്ഞു. ഒളിമ്പിക്സിനായി താരത്തെ വിട്ടുനൽകാൻ ക്ലബ് അനുമതി നൽകിയില്ല.
അഷ്റഫ് ഹക്കീമി (മൊറോക്കോ)
ഖത്തർ ലോകകപ്പിൽ മൊറോക്കോയുടെ ഹീറോയായ അഷ്റഫ് ഹക്കീമിയാണ് ഒളിമ്പിക്സിലെ മറ്റൊരു ശ്രദ്ധേയനായ താരം. പി.എസ്.ജി താരമായ ഹക്കീമിക്ക് ക്ലബിന്‍റെ പ്രീ സീസൺ മത്സരങ്ങൾ നഷ്ടമാകും. അണ്ടർ 23 ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളെന്ന നിലയിലാണ് മൊറോക്കോ ഇത്തവണ ഒളിമ്പിക്സിന് യോഗ്യത നേടിയത്.
ഫെർമിൻ ലോപ്പസ് (സ്പെയിൻ)
യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ ടീമിന്‍റെ ഭാഗമായിരുന്നു സൂപ്പർ താരം ഫെർമിൻ ലോപ്പസും അലക്സ് ബെയ്നയും. 21കാരനായ വിങ്ങർ ലോപ്പസ് യൂറോ കപ്പിൽ ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാനിറങ്ങിയത്. ബാഴ്സലോണ താരമായ ലോപ്പസ് കഴിഞ്ഞ സീസണിൽ 11 ഗോളുകളാണ് വിവിധ ചാമ്പ്യൻഷിപ്പുകളിലായി ബാഴ്സക്കുവേണ്ടി നേടിയത്. ഒരു വർഷം തന്നെ യൂറോ കപ്പും ഒളിമ്പിക്സ് കിരീടവും നേടുന്ന താരങ്ങളെന്ന റെക്കോഡ് ലക്ഷ‍്യമിട്ടാണ് ലോപ്പസും ബെയ്നയും കളത്തിലിറങ്ങുന്നത്.
നാബി കീറ്റ (ഗ്വിനിയ)
മുൻ ലിവർപൂൾ മിഡ്ഫീൽഡറായ നാബി കീറ്റയുടെ നേതൃത്വത്തിലാണ് ഗ്വിനിയ ഒളിമ്പികിസിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. ഗ്വിനിയ രണ്ടാം തവണ മാത്രമാണ് ഒളിമ്പിക്സ് ഫുട്ബാളിന് യോഗ്യത നേടുന്നത്. നിലവിൽ ബുണ്ടസ് ലീഗ ക്ലബ് വെർഡർ ബ്രെമൻ താരമായ നാബി, കഴിഞ്ഞ സീസണിൽ പരിക്കും സസ്പെൻഷനും കാരണം അഞ്ചു മത്സരങ്ങളിൽ മാത്രമാണ് ക്ലബിനായി കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.