സാഫ് കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്
text_fieldsബംഗളൂരു: ഇന്റർ കോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട ആവേശവുമായെത്തുന്ന നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് സാഫ് കപ്പിൽ ബുധനാഴ്ച ആദ്യ അങ്കം. വിസ നടപടിക്രമങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിൽ ഇന്ന് രാവിലെ എട്ടിന് ബംഗളൂരുവിൽ പറന്നിറങ്ങുന്ന പാക് ടീം രാത്രി 7.30ന് ആതിഥേയരെ നേരിടും. വിസ നടപടിക്രമങ്ങളിൽ കുരുങ്ങി പാക് ടീമിന്റെ മൗറീഷ്യസിൽനിന്നുള്ള യാത്ര വൈകുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് യാത്ര തിരിച്ച ടീം മുംബൈയിലെത്തി ഏതാനും മണിക്കൂർ വിശ്രമിച്ചശേഷം രാവിലെയാണ് ബംഗളൂരുവിലേക്ക് തിരിക്കുക. മതിയായ വിശ്രമവും പരിശീലനവുമില്ലാതെ ടീം ആദ്യ മത്സരത്തിനിറങ്ങേണ്ടിവരും. മൗറീഷ്യസിൽ നടന്ന ചതുർരാഷ്ട്ര ടൂർണമെന്റിൽ എല്ലാ കളിയും തോറ്റാണ് പാകിസ്താന്റെ വരവ്.
സാഫ് കപ്പിൽ മികച്ച റെക്കോഡുള്ള ഇന്ത്യ ഇത്തവണയും കിരീടത്തിൽ കണ്ണുവെച്ചാണ് സ്വന്തം മൈതാനത്തിറങ്ങുന്നത്. 1993ൽ പ്രഥമ സാഫ് കപ്പിൽ മലയാളി താരം ഐ.എം. വിജയന്റെ മികവിൽ കിരീടം ചൂടിയ ഇന്ത്യ പിന്നീട് നടന്ന ടൂർണമെന്റുകളിൽ ഒറ്റത്തവണ മാത്രമാണ് ഫൈനൽ കാണാതെ പോയത്; 2003ൽ. എട്ടുതവണ ചാമ്പ്യന്മാരും നാലുതവണ റണ്ണേഴ്സ് അപ്പുമായി. ആതിഥ്യമരുളിയ മൂന്നുതവണയും (1999, 2011, 2015) കിരീടം ചൂടിയെന്ന സവിശേഷതയുമുണ്ട്.
ചിരവൈരികളായ പാകിസ്താനുമായുള്ള ആദ്യ മത്സരംതന്നെ മികച്ച സ്കോറിൽ പൂർത്തിയാക്കുകയാണ് കോച്ച് ഇഗോർ സ്റ്റിമാക്കിന്റെയും ശിഷ്യരുടെയും ലക്ഷ്യം. മികച്ച ഫോമിലുള്ള സുനിൽചേത്രി നയിക്കുന്ന ടീമിന് ലാലിയൻ സുവാല ചാങ്തെ, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, ജീക്സൺ സിങ് തുടങ്ങി യുവതാരങ്ങളുടെ മികച്ച ലൈനപ്പും ബെഞ്ച് സ്ട്രെങ്തുമാണ് കൈമുതൽ. പരിക്കേറ്റ ഇഷാൻ പണ്ഡിത ടീം ക്യാമ്പ് വിട്ടു.
ഇതുവരെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയ 26 മത്സരങ്ങളിൽ 13 എണ്ണത്തിലും ഇന്ത്യക്കാണ് ജയം. 10 എണ്ണം സമനിലയിലായപ്പോൾ മൂന്നുജയം മാത്രമാണ് പാക് ക്രെഡിറ്റിലുള്ളത്. എന്നാൽ, റാങ്കിങ് നോക്കേണ്ടെന്നും അപകടകാരികളായ താരങ്ങൾ പാക് നിരയിലുണ്ടെന്നും ഇന്ത്യൻ കോച്ച് സ്റ്റിമാക്ക് തന്നെ പറയുന്നു. പാക് ടീമിൽ അഞ്ച് കളിക്കാർ ഡെന്മാർക്കിലും നാലുപേർ യു.കെയിലും ജനിച്ചുവളർന്നവരാണ്.
ഇംഗ്ലണ്ട് അണ്ടർ20 മുൻ ക്യാപ്റ്റനായ ഈസ സുലൈമാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ് അക്കാദമിയിൽനിന്ന് കളി പഠിച്ചിറങ്ങിയ ഓടിസ് ഖാൻ, ഡെന്മാർക്ക് രണ്ടാം ഡിവിഷൻ കളിക്കുന്ന അബ്ദുല്ല ഇഖ്ബാൽ തുടങ്ങിയവരാണ് അവരിൽ ചിലർ. ഇംഗ്ലീഷ് ഫുട്ബാൾ ലീഗിൽ എഫ്.എ കപ്പിലെ രണ്ട് ഗോളടക്കം ഗ്രിംസ്ബി ടൗണിനായി ആറ് ഗോളടിച്ചാണ് ഓടിസ് ഖാന്റെ വരവ്.
ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വൈകീട്ട് 3.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ്പായ നേപ്പാൾ കുവൈത്തിനെ നേരിടും. ഫിഫയുടെ വിലക്ക് നേരിടുന്ന ശ്രീലങ്ക അയോഗ്യരായതോടെ ഇത്തവണ സാഫ് രാജ്യങ്ങൾക്കു പുറമെ, കുവൈത്തും ലബനാനും അതിഥി രാജ്യങ്ങളായി പങ്കെടുക്കും.
മുമ്പ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് ലഭിച്ചതിന് സമാനമായി, ശ്രീലങ്കൻ ഫുട്ബാൾ ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ സർക്കാർ ഇടപെടൽ ആരോപിച്ചാണ് ഫിഫ വിലക്ക് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.