സൂപ്പർ കപ്പ് ഫുട്ബാളിന് ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ കിക്കോഫ്
text_fieldsഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും ക്ലബുകൾ പന്ത് തട്ടാനിറങ്ങുന്ന സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് ചൊവ്വാഴ്ച കലിംഗ സ്റ്റേഡിയത്തിൽ കിക്കോഫ്. കലിംഗയിലെ മെയിൻ പിച്ചിലും പിച്ച് ഒന്നിലുമായി നടക്കുന്ന മത്സരങ്ങൾ 20 ദിവസം നീളും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കീഴിലാണ് ടൂർണമെന്റ്. നാല് വീതം ടീമുകൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടും. ഇന്ന് ഉച്ചക്ക് ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഹൈദരബാദ് എഫ്.സിയും രാത്രി മോഹൻ ബഗാനെ ശ്രീമനിധി ഡെക്കാനും നേരിടും.
ബ്ലാസ്റ്റേഴ്സും ഗോകുലവും
കേരളത്തിൽനിന്ന് ഐ.എസ്.എൽ വമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഐ ലീഗ് മുൻ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയും ഇക്കുറിയും ഇറങ്ങുന്നുണ്ട്. നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ജാംഷഡ്പുർ എഫ്.സി, ഷില്ലോങ് ലജോങ്, മുംബൈ സിറ്റി, ചെന്നൈയിൻ എഫ്.സി, പഞ്ചാബ് എഫ്.സി, എഫ്.സി ഗോവ, ഒഡിഷ എഫ്.സി, ബംഗളൂരു എഫ്.സി എന്നിവയാണ് മറ്റു ടീമുകൾ. ബ്ലാസ്റ്റേഴ്സ് ഗ്രൂപ് ബിയിലും ഗോകുലം സിയിലുമാണ്. നാളെ ഷില്ലോങ് ലജോങുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി.
ഇന്റർ കാശി കടന്നു
തിങ്കളാഴ്ച ഒരു ക്വാളിഫയർ മത്സരം നടന്നിരുന്നു. രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപിച്ച് ഇന്റർ കാശി അവസാന ടീമായി കടന്നു. എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഖത്തറിലായതിനാൽ ഇതേസമയത്ത് നടക്കുന്ന സൂപ്പർ കപ്പിൽ ഐ.എസ്.എൽ ടീമുകൾക്ക് പല പ്രമുഖരുടെയും സേവനം ലഭിക്കില്ല.
കഴിഞ്ഞവർഷം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലുമായിരുന്നു ടൂർണമെന്റ്. കോഴിക്കോട് നടന്ന ഫൈനലിൽ ബംഗളൂരുവിനെ തോൽപിച്ച് ഒഡിഷ ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.