നീതിക്കായി വൈര്യം മറന്ന് അവരൊന്നിച്ചു! സാൾട്ട് ലേക്കിൽ ഈസ്റ്റ് ബംഗാൾ-ബഗാൻ ആരാധകരുടെ അസാധാരണ പ്രതിഷേധം
text_fieldsകൊല്‍ക്കത്ത: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്തയിലെ പ്രസിദ്ധമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഫുട്ബാൾ ആരാധകരുടെ അസാധാരണ പ്രതിഷേധം. ചിരവൈരികളായ ഈസ്റ്റ് ബംഗാളിന്‍റെയും മോഹൻ ബഗാന്‍റെയും ആരാധകരാണ് കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി തേടി, വൈര്യം മറന്ന് സ്റ്റേഡിയത്തിനു മുന്നിൽ പ്രതിഷേധത്തിൽ അണിനിരന്നത്.
സുരക്ഷാ കാരണങ്ങളെ തുടർന്ന് ഡ്യൂറൻഡ് കപ്പില്‍ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാൾ ഡെർബി റദ്ദാക്കിയിരുന്നു. സ്റ്റേഡിയത്തിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ഇരു ക്ലബുകളുടെയും നൂറുകണക്കിന് ആരാധകൾ പങ്കെടുത്തു. പ്രതിഷേധം നടന്നേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും നിരവധി പേർ പ്രതിഷേധവുമായി എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പിന്നാലെ പൊലീസ് ലാത്തി വീശി.
ഏതാനും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപിടിച്ചായിരുന്നു ആരാധകരുടെ പ്രതിഷേധം. സമാധാനപരമായി പ്രതിഷേധിച്ചവർക്കുവേരെ പൊലീസ് അനാവശ്യമായാണ് ലാത്തിവിശീയതെന്ന് വ്യാപക വിമർശനമുണ്ട്. ഡൽഹിയിലും വൻപ്രതിഷേധം അരങ്ങേറി. നേരത്തെ, ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിഷയം ചൊവ്വാഴ്ച പരിഗണിക്കും. ആഗസ്റ്റ് ഒമ്പതിനാണ് നാടിനെ നടുക്കിയ കൊലപാതകം.
കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാറിനെതിരെ സമ്മർദം ശക്തമാകുന്നതിനിടെയാണ് കോടതി സ്വമേധയ വിഷയത്തിൽ ഇടപെടുന്നത്. നിലവിൽ സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് യുവ ഡോക്ടറെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.