‘ആ നിമിഷം മരണം വരെ കൂടെയുണ്ടാവും’; ലോകകപ്പ് കലാശപ്പോരിലെ അഭിശപ്ത നിമിഷം ഓര്‍ത്തെടുത്ത് മുആനി
text_fieldsഅത്യന്തം നാടകീയതകൾ നിറഞ്ഞതായിരുന്നു ഖത്തർ ലോകകപ്പിന്റെ കലാശപ്പോര്. അടിച്ചും തിരിച്ചടിച്ചും അർജന്റീനയും ഫ്രാൻസും കളം നിറഞ്ഞ മത്സരം എക്‌സ്ട്രാ ടൈം അവസാനിക്കുമ്പോൾ 3-3 ന് സമനിലയിലായിരുന്നു . ഒടുക്കം ഷൂട്ടൗട്ടിൽ അർജന്റീനക്ക് മുന്നിൽ ഫ്രാൻസ് തോൽക്കുകയും ചെയ്തു.
മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുംമുമ്പേ എക്സ്ട്രാ ടൈമിലെ അവസാന മിനിറ്റില്‍ ഗോൾ പോസ്റ്റിന് മുന്നിൽ എമിലിയാനോ മാർട്ടിനസ് മാത്രം നിൽക്കേ ഫ്രാൻസിന് ഒരു സുവർണാവസരം ലഭിച്ചിരുന്നു. പോസ്റ്റിനെ ലക്ഷ്യമാക്കി ഫ്രഞ്ച് സ്‌ട്രൈക്കർ റെൻഡൽ കോലോ മുആനി തൊടുത്ത ഷോട്ട് അവിശ്വസനീയമായാണ് ഗോൾകീപ്പർ തട്ടിയകറ്റിയത്. ഒരുവേള അത് ഗോളായിരുന്നെങ്കില്‍ തുടർച്ചയായ രണ്ടാം തവണയും ഫ്രഞ്ച് പട ഫുട്‌ബോളിന്റെ വിശ്വകിരീടത്തിൽ മുത്തമിട്ടേനെ. ആ നിമിഷത്തെ ഓര്‍ത്തെടുക്കുകയാണിപ്പോള്‍ കോലോ മുആനി. മരണം വരെയും ആ നിമിഷം താന്‍ മറക്കില്ലെന്ന് മുആനി പറഞ്ഞു.
‘ഇപ്പോഴും ആ നിമിഷം എന്റെ മനസ്സിലുണ്ട്. പന്ത് കാലിൽ കിട്ടിയതും ഷൂട്ട് ചെയ്യാൻ എന്റെ മനസ് മന്ത്രിച്ചു. പോസ്റ്റിനെ ലക്ഷ്യമാക്കി ഞാൻ പന്ത് തൊടുത്തു. എന്നാൽ മാർട്ടിനസ് അവിശ്വസനീയമായി അതിനെ തട്ടിയകറ്റി. അവിടെ എനിക്ക് മറ്റ് പല ഓപ്ഷനുകളുമുണ്ടായിരുന്നു. പന്ത് എനിക്ക് ലോബ് ചെയ്യാമായിരുന്നു, അല്ലെങ്കിൽ ഇടതുവശത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന എംബാപ്പെക്ക് കൈമാറാമായിരുന്നു. എന്നാൽ അതൊന്നും എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞില്ല. കളിക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോഴാണ് നമുക്ക് മുന്നിൽ പല വഴികളുമുണ്ടായിരുന്നു എന്ന് തിരിച്ചറിയുക. അപ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും. ആ നിമിഷം മരണം വരെയും എന്റെ കൂടെയുണ്ടാവും’- മുആനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.