ഏഷ്യക്കാർക്കെതിരെ വംശീയാധിക്ഷേപം; ഗ്രിസ്മാനുമായുള്ള കരാർ ജാപ്പനീസ് കമ്പനിയായ 'കൊനാമി' റദ്ദാക്കി
text_fieldsപാരീസ്: ഫ്രാൻസ് താരങ്ങളായ അേൻറായിൻ ഗ്രീസ്മാനും ഉസ്മാൻ ഡെംബലെയും ഏഷ്യൻ വംശജർക്കെതിരെ വംശീയാധിക്ഷേപം നടത്തുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടിയുമായി ജാപ്പനീസ് കമ്പനിയായ 'കൊനാമി'. ഡിജിറ്റൽ എൻടർടൈമന്‍റ് കമ്പനിയായ കൊനാമി ഗ്രീസ്മാനുമായുള്ള കരാർ റദ്ദാക്കുന്നതായി അറിയിച്ചു. കൊനാമിയുടെ കണ്ടന്‍റ് അംബാസഡർ ആയിരുന്നു ഗ്രിസ്മാൻ. വിഡിയോ ഗെയിമിൽ കൊനാമിയുമായി സഹകരിക്കുന്ന ബാർസലോണയോട് വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും കൊനാമി ആവശ്യപ്പെട്ടിട്ടുണ്ട്.
ബാഴ്സലോണയുടെ പ്രധാന സ്പോൺസർമാരിലൊരാളായ ജാപ്പനീസ് കമ്പനി റാക്ടേൻ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗ്രീസ്മാനും ഡെംബലെയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ബാഴ്സലോണ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉയ്ഗൂർ മുസ്ലിംകൾക്കെതിരൊയ പീഡനത്തിൽ പ്രതിഷേധിച്ച് ചൈനീസ് മൊബൈൽ കമ്പനിയായ വാവേയുമായി കരാർ റദ്ദാക്കിയ ഗ്രിസ്മാൻ വംശീയ അധിക്ഷേപ വിവാദത്തിൽ ഉൾപ്പെടുന്നതും കൗതുകക്കാഴ്ചയാണ്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ഇങ്ങനെ:
കളിക്കാർ താമസിക്കുന്ന ഹോട്ടലിലെ ടി.വി നന്നാക്കാൻ എത്തിയതാണ് ഏഷ്യൻ വംശജരായ യുവാക്കൾ. കളിക്കാർക്ക് 'പ്രോ എവലൂഷൻ സോക്കർ' ഗെയിം കളിക്കാൻ വേണ്ടിയാണ് ടി.വി നന്നാക്കുന്നത്. അവരുടെ ഭാഷയെയും മുഖത്തെയും കളിയാക്കിയാണ് ഗ്രീസ്മാൻ ചിരിച്ചത്. എന്നാൽ വിഡിയോ പുതിയതല്ലെന്നും രണ്ട് വർഷം മുമ്പുള്ളതാണെന്നുമാണ് വാദം. ഈ യൂറോകപ്പിലെയും വിഡിയോയിലെയും ഗ്രീസ്മാെൻറ ഹെയർസ്റ്റൈൽ നോക്കിയാണ് നെറ്റിസൺസ് ഇക്കാര്യം കണ്ടെത്തിയത്.
വിഡിയോ എന്ന് എടുത്താതാണേലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും സ്റ്റോപ്പ് ഏഷ്യൻഹേറ്റ് എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആകുകയും ചെയ്തു. ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ ഇക്കാര്യത്തിൽ പ്രസ്താവന പുറത്തിറക്കണമെന്നും കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യം ഉയർന്ന് കഴിഞ്ഞു. വിഡിയോയുടെ ഉറവിടവും എന്നാണ് ചിത്രീകരിച്ചതെന്നും വ്യക്തമല്ല. ഏഷ്യൻ വംശജരെ ബാഴ്സലോണ താരമായ ഗ്രീസ്മാൻ കളിയാക്കി ചിരിക്കുന്ന ദൃശ്യങ്ങൾ സഹതാരമായ ഡെംബലെയാണ് പകർത്തിയതെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.