കോഴിക്കോടിന്റെ ബിലാൽ ഇനി ഇന്ത്യൻ ടീമിൽ
text_fieldsകോഴിക്കോട്: അണ്ടർ 21 സാഫ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിൽ ഇടംപിടിച്ച് കോഴിക്കോട്ടുകാരൻ. കരുവിശ്ശേരി സ്വദേശി മുഹമ്മദ് ബിലാലിനാണ് ദേശീയ ടീമിന്റെ വാതിൽ തുറന്നത്. ടീമിലെ ഏക മലയാളിയും ബിലാലാണ്. ഒഡിഷയിൽ നടന്ന ട്രയൽസിലാണ് സ്റ്റോപ്പർ ബാക്കായ ബിലാലിന് ഇന്ത്യൻ ടീമിലേക്ക് വഴി തുറന്നത്.
മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയിലെ മുഖ്യ താരമായ ബിലാൽ മുഹമ്മദ് നിലവിൽ ശ്രീനിധി ഡക്കാൻ ജൂനിയർ ടീമംഗമാണ്. സബ് ജൂനിയർ ഫുട്ബാൾ കിരീടം കോഴിക്കോടിന് േനടിക്കൊടുത്തത് ബിലാലിന്റെ നേതൃത്വത്തിലായിരുന്നു. മികച്ച സ്റ്റോപ്പർ ബാക്കിനുള്ള പുരസ്കാരവും ആ ടൂർണമെന്റിൽ ബിലാൽ നേടിയിരുന്നു. ബംഗളൂരുവിൽ നടന്ന ദക്ഷിണ മേഖല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ നയിച്ചതും ബിലാലായിരുന്നു. കെ.പി.എല്ലിൽ മുത്തൂറ്റ് എഫ്.സിയുടെ നായകനും ബിലാലായിരുന്നു. സംസ്ഥാന സ്കൂൾ ഫുട്ബാൾ ടീമിനെയും നയിച്ചിട്ടുണ്ട്.
കരുവിശ്ശേരി ചെമ്പോത്ര വയൽ നിസാറിന്റെയും ഫസ്നയുടെയും മകനായ ബിലാലിന് ആറാം വയസ്സു മുതൽ ഒപ്പം കൂടിയതാണ് കാൽപന്ത് പ്രണയം. ആറാം വയസ്സിൽ യൂനിവേഴ്സൽ സോക്കർ അക്കാദമിയിൽ പി.എം ദീപകിന്റെ കീഴിലായിരുന്നു പരിശീലനം. മുത്തൂറ്റ് അക്കാദമിയിൽ സെലക്ഷൻ കിട്ടിയ ബിലാൽ പ്ലസ് ടു വിന് പഠിച്ചത് മലപ്പുറം ജില്ലയിലെ അത്താണിക്കൽ എം.ഐ.സി സ്കൂളിലായിരുന്നു. മലപ്പുറം ജില്ല സ്കൂൾ ടീമിനെ നയിക്കാനും അങ്ങനെ ബിലാലിന് അവസരമുണ്ടായി.
സാഫ് ചാമ്പ്യൻഷിപ് ട്രയൽസിൽ കേരളത്തിൽ നിന്ന് ടീമിലെത്താൻ സാധ്യത പ്രവചിച്ചിരുന്നതും ബിലാലിനാണ്. പിതാവ് നാസർ നടക്കാവിൽ സി.ഡി.എഫ്.എക്സ് എന്ന കാർ അക്സസറീസ് സ്ഥാപനം നടത്തുന്നു. പത്താം ക്ലാസുകാരനായ ഫസാ യാസീനും യു.കെ.ജി വിദ്യാർഥിയായ ഉമർ സെയ്നുമാണ് ബിലാലിന്റെ സഹോദരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.