20 ടീമുകളുമായി കെ.പി.എൽ 11ാം സീസണ്‍; കിക്കോഫ് 25ന്
text_fieldsകൊച്ചി: കേരള പ്രീമിയര്‍ ലീഗ് (കെ.പി.എല്‍) 2023-24 സീസണിന് നവംബര്‍ 25ന് തുടക്കമാകും. ഗോകുലം കേരള എഫ്.സിയും കേരള യുനൈറ്റഡ് എഫ്.സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഏഴിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് കിക്കോഫ്.
കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയമാണ് മറ്റൊരു വേദി. കഴിഞ്ഞ സീസണില്‍നിന്ന് വ്യത്യസ്തമായി രണ്ടു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ മത്സരിക്കുന്നതെന്ന് കേരള ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫൈനല്‍ ഉള്‍പ്പെടെ ആകെ 108 മത്സരങ്ങൾ ഉണ്ടാകും. കെ.പി.എല്‍ യോഗ്യത റൗണ്ട് ജയിച്ചെത്തിയ ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, ലൂക്ക സോക്കര്‍ ക്ലബ്, കോര്‍പറേറ്റ് എന്‍ട്രിയിലൂടെ എത്തിയ എഫ്.സി കേരള എന്നിവയാണ് ഈ സീസണിലെ പുതിയ ടീമുകള്‍. കോവളം എഫ്.സി, കേരള പൊലീസ്, കെ.എസ്.ഇ.ബി, ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, എം.കെ സ്പോര്‍ട്ടിങ് ക്ലബ്, സാറ്റ് തിരൂര്‍, ബാസ്‌കോ ഒതുക്കുങ്ങല്‍, ഗോകുലം കേരള എഫ്.സി, കേരള യുനൈറ്റഡ് എഫ്.സി, സായി-എൽ.എൻ.സി.പി.ഇ, പറപ്പുറം എഫ്.സി, മുത്തൂറ്റ് എഫ്.എ, എഫ്.സി അരീക്കോട്, റിയല്‍ മലബാര്‍ എഫ്.സി കൊണ്ടോട്ടി, വയനാട് യുനൈറ്റഡ് എഫ്.സി, ലിഫ എന്നിവയാണ് മറ്റു ടീമുകള്‍.
രണ്ടു ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും 10 ടീമുകള്‍ വീതം ഉണ്ടാകും. സിംഗ്ള്‍ ലെഗ് ഫോര്‍മാറ്റിലായിരിക്കും പ്രാഥമിക റൗണ്ട്. ഓരോ ഗ്രൂപ്പിലെയും മികച്ച മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്സില്‍ പ്രവേശിക്കും. സിംഗ്ള്‍ ലെഗ് മത്സരങ്ങള്‍ക്കുശേഷം മികച്ച നാലു ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. തുടര്‍ന്ന് ഫൈനല്‍. സെമിഫൈനലിലും ഇത്തവണ സിംഗ്ള്‍ ലെഗ് ആയിരിക്കും. കെ.പി.എല്‍ ചാമ്പ്യന്മാരെ ഐ ലീഗിന്റെ മൂന്നാം ഡിവിഷനിലേക്ക് കെ.എഫ്.എ നാമനിർദേശം ചെയ്യും. 2024 ജനുവരിയോടെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാന്‍, ട്രഷറര്‍ റെജിനോള്‍ഡ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കേരള വിമന്‍സ് ലീഗ് ഡിസംബര്‍ അഞ്ചുമുതൽ
കെ.എഫ്.എ സ്‌കോര്‍ലൈന്‍ കേരള വിമന്‍സ് ലീഗ് (കെ.ഡബ്ല്യു.എല്‍) മത്സരങ്ങള്‍ ഡിസംബര്‍ അഞ്ചിന് തുടങ്ങും. തുടര്‍ച്ചയായ രണ്ടാം സീസണില്‍ ഇത്തവണ ഏഴു ടീമുകളാണ് പങ്കെടുക്കുക. ഗോകുലം കേരള എഫ്.സി, കേരള യുനൈറ്റഡ് എഫ്.സി, കടത്തനാട് രാജ എഫ്.എ, ലോര്‍ഡ്സ് എഫ്.എ കൊച്ചി വെ.എം.എ.എ, എഫ്.സി കേരള, എസ്.ബി.എഫ്.എ പൂവാര്‍, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ടീമുകളാണ് വനിത കിരീടത്തിനായി മത്സരിക്കുക. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഫ്ലഡ്ലിറ്റിലായിരിക്കും എല്ലാ മത്സരങ്ങളും. ഡിസംബര്‍ അഞ്ചിന് രാത്രി ഏഴിന് ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്.സി, ലോര്‍ഡ്സ് എഫ്.എയെ നേരിടും. ജനുവരി 28 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ആകെ 42 മത്സരങ്ങള്‍. ലീഗ് ജേതാക്കള്‍ എ.ഐ.എഫ്.എഫിന്റെ ഇന്ത്യന്‍ വിമന്‍സ് ലീഗ് രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.