കെ.പി.എൽ സെമി നീട്ടിവെച്ചില്ല; അകത്തായിട്ടും പൊലീസ് ‘പുറത്ത്'
text_fieldsമലപ്പുറം: കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) സെമിയിലെത്തിയ കേരള പൊലീസ് ടീമിന് അപ്രതീക്ഷിത തിരിച്ചടി. സൂപ്പർ സിക്സിൽ മികച്ച പ്രകടനത്തോടെ സെമിയിലെത്തിയ പൊലീസ് ടീമിന് പക്ഷെ സ്വന്തം നാട്ടിൽ കളിക്കാനുള്ള ഭാഗ്യമില്ല. ശ്രീനഗറിൽ അഖിലേന്ത്യ പൊലീസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പും കെ.പി.എൽ മത്സരങ്ങളും ഒരേസമയത്ത് നടക്കുന്നതാണ് ടീമിന് തിരിച്ചടിയായത്. കെ.പി.എൽ മത്സരങ്ങൾ നീട്ടിവെക്കണമെന്ന് പൊലീസ് ടീം ആവശ്യപ്പെട്ടിരുന്നെങ്കിലും അധികം നീട്ടാനാവില്ലെന്നാണ് കേരള ഫുട്ബാൾ അസോസിയേഷന്റെ (കെ.എഫ്.എ) പ്രതികരണം.
ഈ മാസം ആറിനാണ് കേരള പൊലീസ് ടീം ശ്രീനഗറിലേക്ക് പോയത്. കെ.പി.എൽ സെമി തുടങ്ങുന്ന തിങ്കളാഴ്ചതന്നെയാണ് ശ്രീനഗറിൽ കേരളത്തിന്റെ ആദ്യമത്സരം. ഈ സാഹചര്യത്തിലാണ് മത്സരങ്ങൾ നീട്ടിവെക്കണമെന്ന് പൊലീസ് ടീം ആവശ്യപ്പെട്ടത്. ഇതിനുശേഷം നടന്ന ചർച്ചയിൽ ഒമ്പതുദിവസം നീട്ടിനൽകാമെന്ന് മറ്റുടീമുകളുടെ സമ്മതത്തോടെ കെ.എഫ്.എ അറിയിച്ചിരുന്നു. എന്നാൽ, ഈ മാസം 24ന് മാത്രമേ തിരിച്ചെത്താൻ സാധിക്കൂവെന്ന് പൊലീസ് ടീം അറിയിച്ചു.
കെ.എഫ്.എ ഭാരവാഹികൾ ഇക്കാര്യം സെമിയിലെത്തിയ മറ്റു ടീമുകളുമായി സംസാരിച്ചെങ്കിലും 24 വരെ കാത്തിരിക്കാൻ വലിയ പ്രയാസമുണ്ടെന്ന് അവർ അറിയിക്കുകയായിരുന്നു. കൂടാതെ, സൂപ്പർ കപ്പിനായുള്ള ഒരുക്കംകൂടിയുള്ളതിനാൽ കെ.പി.എൽ നീട്ടാൻ നിർവാഹമില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു കെ.എഫ്.എ. ഇതോടെയാണ് കേരള പൊലീസിനെ മത്സരത്തിൽനിന്ന് ഒഴിവാക്കിയതായി സ്ഥിരീകരിച്ച് മറ്റുടീമുകളുടെ സെമി ലൈനപ്പ് പുറത്തിറക്കിയത്.
പൊലീസ് ടീമിന് ഈ മാസം 22 വരെ സമയം നൽകിയിരുന്നെന്നും ഇതിനപ്പുറം നീട്ടിനൽകാൻ മറ്റു ടീമുകൾ തയാറാവാത്തതിനാലാണ് നിലവിൽ നിശ്ചയിച്ച പ്രകാരം മത്സരം നടക്കുന്നതെന്നും കെ.എഫ്.എ സെക്രട്ടറി അനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പൊലീസ് ടീമിന് പങ്കെടുക്കാൻ നിർവാഹമില്ലാത്തതിനാൽ സൂപ്പർ സിക്സിൽ അഞ്ചാമതെത്തിയ കോവളം എഫ്.സി സെമിയിൽ കളിക്കുമെന്നും അനിൽ കുമാർ പറഞ്ഞു.അവസരം നഷ്ടപ്പെടുന്നതിൽ കളിക്കാർക്കും ടീമിനും നിരാശയുണ്ടെന്നും കളിനീട്ടുമെന്ന പ്രതീക്ഷയിലായിരുെന്നന്നും കേരള പൊലീസ് ടീം പരിശീലകൻ ഷിംജിത്ത് ശ്രീനഗറിൽനിന്ന് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.