അറബ് മേഖലയിൽ ജ്വലിച്ചുനിന്ന കുവൈത്തിന്റെ ഫുട്ബാൾ ചരിത്രം
text_fieldsകുവൈത്ത് സിറ്റി: ലോകം ഖത്തറിലെ ഫുട്ബാൾ ആവേശത്തിന്റെ പരകോടിയിലേക്ക് ചേക്കേറുമ്പോൾ കാൽപന്തിനാൽ സമ്പന്നമായൊരു സുവർണ കാലത്തിന്റെ ഓർമയിലാണ് കുവൈത്ത്. മൂന്നു പതിറ്റാണ്ടോളം അറബ് മേഖലയിൽ ജ്വലിച്ചുനിന്നൊരു ഫുട്ബാൾ ചരിത്രം കുവൈത്തിനുണ്ട്. നാലു പതിറ്റാണ്ടു മുമ്പ് ആദ്യമായി ലോകകപ്പിൽ പന്തുതട്ടിയതിന്റെ ഓർമകളും. എന്നാൽ, ആ ലോകകപ്പ് കുവൈത്തിന് അത്ര സുഖകരമല്ലാത്ത ചില ഓർമകൾ കൂടി സമ്മാനിച്ചു. ലോക ഫുട്ബാളിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ചില സംഭവങ്ങൾ!
1970ൽ സ്വന്തം മണ്ണിൽ ആദ്യമായി ഗൾഫ് കപ്പ് നേടുന്നതോടെയാണ് കുവൈത്തിന്റെ സുവർണകാലം തുടങ്ങുന്നത്. 2010 ലെ അവസാന കിരീടനേട്ടമടക്കം 10 തവണയാണ് കുവൈത്ത് ഗൾഫ് കപ്പിൽ മുത്തമിട്ടത്. 1976ൽ ഏഷ്യൻ കപ്പ് ഫൈനലിൽ പ്രവേശിച്ചു. അന്ന് ഇറാനോട് തോറ്റെങ്കിലും 1980ൽ കിരീടം നേടി മേഖലയിലെ ചാമ്പ്യന്മാരായി. ഇതേ വർഷം മോസ്കോ ഒളിമ്പിക്സിന് യോഗ്യത നേടി ശക്തി തെളിയിച്ചു. പിറകെ 1982ൽ സ്പെയിനിൽ നടന്ന ലോകകപ്പിലേക്ക് യോഗ്യത നേടി കുവൈത്ത് എക്കാലത്തെയും മികച്ച നേട്ടത്തിലെത്തി. ഏഷ്യയിൽനിന്ന് ലോകകപ്പിൽ പ്രവേശനം നേടുന്ന ആദ്യത്തെ അറബ് ടീമായിരുന്നു കുവൈത്ത്.
ലോകകപ്പിൽ
1982ലെ സ്പെയിൻ ലോകകപ്പിൽ ഇംഗ്ലണ്ടും ഫ്രാൻസും ചെക്കോസ്ലോവാക്യയും ഉൾപ്പെട്ട ഗ്രൂപ് നാലിലായിരുന്നു കുവൈത്ത്. ചെക്കോസ്ലോവാക്യയുമായുള്ള ആദ്യ മത്സരത്തിൽ 1-1 സമനില നേടിയത് കുവൈത്ത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു.
രണ്ടാം മത്സരത്തിൽ പക്ഷേ മികച്ചതൊന്നും കളത്തിൽ നേടാനാവാതെ ഫ്രാൻസിനോട് 4-1ന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോട് ഒരു ഗോളിനും തോറ്റതോടെ കുവൈത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചു.
രണ്ടാം കളിയിലെ വിവാദം
1982 ജൂൺ 21ലെ രണ്ടാം മത്സരത്തിൽ കുവൈത്ത് ഫ്രാൻസുമായി ഏറ്റുമുട്ടുന്നു. കാണികളുടെ കൂട്ടത്തിൽ അന്ന് കുവൈത്ത് രാജകുമാരനും ഫുട്ബാൾ അസോസിയേഷൻ മേധാവിയുമായ ശൈഖ് ഫഹദ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ഉണ്ട്. കുവൈത്തിലെ ലോകകപ്പ് പ്രവേശനത്തെക്കാൾ ചരിത്രത്തിൽ ഇടം പിടിച്ചത് ഈ മത്സരമാണ്. ആദ്യ പകുതിയിൽ രണ്ടുഗോൾ വഴങ്ങിയെങ്കിലും കരുത്തരായ ഫ്രാൻസിനു മുന്നിൽ കുവൈത്ത് പിടിച്ചുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫ്രാൻസ് ലീഡുയർത്തി. 75ാം മിനിറ്റിൽ കുവൈത്തിന്റെ അബ്ദുല്ല അൽ ബുലൂഷി ഫ്രാൻസിന്റെ ഗോൾ പോസ്റ്റിൽ ലക്ഷ്യം കാണുകയും ഗോൾ നേടുകയും ചെയ്തു.
ഇതിനു പിറകെയാണ് ലോകകപ്പ് ചരിത്രത്തിലെ അപൂർവ സംഭവത്തിന് സ്റ്റേഡിയം സാക്ഷിയായത്. ഫ്രാൻസിന്റെ അവസാന ഗോളിലേക്കുള്ള മുന്നേറ്റം, എവിടെനിന്നോ ഒരു വിസിൽ മുഴങ്ങി. ഓഫ്സൈഡാണെന്നു കരുതി കുവൈത്ത് പ്രതിരോധ നിര ഒരു നിമിഷം സ്തംഭിച്ചുനിന്നു. എന്നാൽ, ഇത് വകവെക്കാതെ ഫ്രാൻസ് പന്ത് കുവൈത്ത് വലയിലെത്തിച്ചു. റഫറി ഗോൾ അനുവദിക്കുകയുമുണ്ടായി.
കുവൈത്ത് കളിക്കാർ പ്രതിഷേധവുമായി റഫറിക്കുനേരെ തിരിഞ്ഞു. ഇരുരാജ്യങ്ങളുടെയും കളിക്കാർ തമ്മിൽ ചെറിയ ഉരസലും ഉണ്ടായി. ഇതിനിടെ, ഫഹദ് രാജകുമാരൻ മൈതാനത്തിലേക്കിറങ്ങിവന്നു റഫറിയോട് വിശദീകരണം ആരാഞ്ഞു.
മൈതാനത്ത് സംഘർഷഭരിതമായ നിമിഷങ്ങൾക്ക് ഇത് സാക്ഷിയായി. ഇരു ടീമുകളും രമ്യതയിലെത്തി മത്സരം തുടർന്നെങ്കിലും കുവൈത്തിന് തിരിച്ചുവരാൻ പിന്നെ സമയമുണ്ടായിരുന്നില്ല. അവസാന കളിയും പരാജയപ്പെട്ടതോടെ കുവൈത്ത് പുറത്താവുകയും ചെയ്തു. 1982ഓടെയാണ് കുവൈത്തിന്റെ ഫുട്ബാൾ പ്രതാപം ക്ഷയിച്ചുതുടങ്ങിയത്. പിന്നീടൊരിക്കലും ലോകകപ്പിലേക്ക് യോഗ്യത നേടാൻ രാജ്യത്തിനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.