കിലിയൻ എംബാപ്പെ ഇനി റയലിന് സ്വന്തം
text_fieldsമാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുപിന്നാലെ ആരാധകർക്ക് ഇരട്ടി മധുരം നൽകി റയൽ മാഡ്രിഡ്. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ ടീമിലെത്തിച്ചാണ് ക്ലബിന്റെ സർപ്രൈസ്.
എംബാപ്പെയുമായി കരാർ ഒപ്പുവെക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ റയൽ പൂർത്തിയാക്കിയതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ എക്സിൽ കുറിച്ചു. ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2029 വരെയുള്ള കരാറിൽ റയലിലെ എക്കാലത്തെയും മികച്ച തുകക്കായിരിക്കും സൂപ്പർതാരത്തെ ടീമിലെത്തിക്കുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസമാണ് ഫ്രഞ്ച് സൂപ്പർതാരം പി.എസ്.ജി വിട്ടത്. 2017 മുതൽ പി.എസ്.ജിയിൽ കളിക്കുന്ന 25 കാരൻ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ്. ഏഴു വർഷത്തിനിടെ 308 മത്സരങ്ങളിൽനിന്ന് 256 ഗോളുകളാണ് നേടിയത്.
ഈ വർഷം ആദ്യം മുതൽ തന്നെ പി.എസ്.ജി വിട്ട് റയലിൽ എത്തുമെന്ന അഭ്യുഹങ്ങൾ പരന്നിരുന്നെങ്കിലും അത് യാഥാർത്യമായത് ഇപ്പോഴാണ്. ബൊറൂസിയ ഡോർട്ടുമുണ്ടിനെ തറപറ്റിച്ച് 15ാം ചാമ്പ്യൻസ് ലീഗ് കിരീടം ഷോക്കേസിലെത്തിച്ചതിന് തൊട്ടുപിന്നാലെയുള്ള ഈ നീക്കം റയൽ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ജൂൺ 15 ന് ജർമനിയിൽ ആരംഭിക്കുന്ന യൂറോ കപ്പിനായി ഒരുങ്ങുകയാണ് ഇപ്പോൾ ഫ്രാൻസ് ദേശീയ ടീം നായകൻ കൂടിയായ കിലിയൻ എംബാപ്പെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.