മെസ്സിക്ക് പി.എസ്.ജി അർഹിച്ച ആദരം നൽകിയില്ല; നാണക്കേടാണെന്നും സൂപ്പർതാരത്തിന്‍റെ വെളിപ്പെടുത്തൽ
text_fieldsഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) വിട്ട് അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി അമേരിക്കൻ മേജർ ലീഗ് ക്ലബായ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിട്ട് ആറുമാസം പിന്നിടുന്നു. ആ സീസണിൽ മയാമിക്കായി താരം തകർപ്പൻ പ്രകടനമാണ് നടത്തിയത്.
14 മത്സരങ്ങളിൽനിന്നായി 11 ഗോളുകളാണ് താരം നേടിയത്. അഞ്ചു അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. എന്നാൽ, പി.എസ്.ജിയിലെ മെസ്സിയുടെ രണ്ടു വർഷങ്ങൾ അത്ര സുഖകരമായിരുന്നില്ല. ക്ലബിനൊരു ചാമ്പ്യൻസ് ലീഗ് ട്രോഫി പദ്ധതിയുമായാണ് പി.എസ്.ജി മെസ്സിയെ വൻതുക മുടക്കി ക്ലബിലെത്തിക്കുന്നത്. എന്നാൽ, രണ്ടു സീസണുകളിലും ലീഗ് വൺ കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ടിൽ പുറത്തുപോകാനായിരുന്നു വിധി. ക്ലബിലെ സൂപ്പർതാരങ്ങൾ തമ്മിലുള്ള ബന്ധവും അത്ര നല്ലതായിരുന്നില്ല.
2023ൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിച്ചതോടെ പഴയ തട്ടകമായ ബാഴ്സലോണയിലേക്കു തന്നെ മെസ്സി തിരിച്ചുപോകുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു. എന്നാൽ, ഏവരെയുംം ഞെട്ടിച്ചാണ് താരം മുൻ ഇംഗ്ലീഷ് സൂപ്പർതാരം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള എം.എൽ.എസ് ക്ലബ് ഇന്‍റർ മയാമിയുമായി കരാറിലെത്തുന്നത്. പി.എസ്.ജി വേണ്ട പരിഗണന നൽകുന്നില്ലെന്ന പരാതി മെസ്സിക്ക് നേരത്തെ തന്നെയുണ്ട്. ലോകകപ്പ് നേടി ക്ലബിൽ തിരിച്ചെത്തിയ തനിക്ക് പി.എസ്.ജി വേണ്ട പരിഗണന നൽകിയില്ലെന്ന് താരം തുറന്നുപറയുകയും ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് ക്ലബിലെ സഹതാരമായിരുന്ന ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ വെളിപ്പെടുത്തൽ.
മെസ്സിക്ക് പി.എസ്.ജി അർഹിച്ച ആദരം നൽകിയില്ലെന്നും ഇത് നാണക്കേടാണെന്നുമാണ് എംബാപ്പെ കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. ‘മെസ്സി ലോകത്തിന്‍റെ ബഹുമാനം അർഹിക്കുന്നു. പക്ഷേ, പി.എസ്.ജിയിൽ അദ്ദേഹത്തിന് അർഹമായ ആദരം ലഭിച്ചില്ല. ഇത് നാണക്കേടാണ്’ -എംബാപ്പെ പറഞ്ഞു. പി.എസ്.ജിയിലെ അവസാന നാളുകളിൽ സ്വന്തം മൈതാനത്ത് അർജന്‍റൈൻ താരത്തോട് കാണികൾ മോശമായി പെരുമാറുന്നതുവരെ എത്തി കാര്യങ്ങൾ. പിന്നാലെയാണ് താരം ക്ലബ് വിടുന്നത്.
ഈ സീസണോടെ പി.എസ്.ജിയുമായുള്ള എംബാപ്പയുടെ കരാറും അവസാനിക്കും. എംബാപ്പെ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റയൽ മഡ്രിഡിന്‍റെ പേരും ഉയർന്നുകേട്ടിരുന്നു.
മെസ്സിയും എംബാപ്പെയും പി.എസ്.ജിയിൽ 67 മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. രണ്ടുപേരും ചേർന്ന് 34 ഗോളുകളും നേടി. 20 തവണ എംബാപ്പെക്ക് ഗോളടിക്കാന്‍ മെസ്സി അവസരം നല്‍കിയപ്പോള്‍ 14 തവണയാണ് എംബാപ്പെ മെസ്സിക്ക് ഗോളിന് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.