ഫ്രാൻസ് ടീമിൽനിന്ന് എംബാപ്പെ പുറത്ത്! റയലിലെ മോശം ഫോം കാരണമായോ?
text_fieldsപാരിസ്: ഈ മാസം നടക്കുന്ന നാഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ഫുട്ബാൾ ടീമിൽനിന്ന് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഒഴിവാക്കി കോച്ച് ദിദിയർ ദെഷാംപ്സ്. നവംബർ 14ന് ഇസ്രായേലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടി വരിക. റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.
ഈയിടെയായി റയൽ മഡ്രിഡ് നിരയിൽ സ്വതസിദ്ധമായ ഫോമിലല്ല എംബാപ്പെ. എൽ ക്ലാസികോയിൽ ബാഴ്സലോണയോട് 4-0ത്തിന് തകർന്നടിഞ്ഞ റയൽ, ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനു മുന്നിൽ കൊമ്പുകുത്തിയത് 3-1നാണ്. ഗോളുകൾ നേടാൻ കഴിയാത്ത എംബാപ്പെയെ വിമർശിച്ച് മുൻ ഫ്രഞ്ച് നായകൻ തിയറി ഹെന്റി ഈയിടെ രംഗത്തെത്തിയിരുന്നു. റയൽ നിരയിൽ 15 കളികളിൽനിന്ന് എട്ടു ഗോളുകളാണ് 25കാരനായ എംബാപ്പെയുടെ പേരിലുള്ളത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരു തവണ മാത്രമേ താരത്തിന് വല കുലുക്കാനായിട്ടുള്ളൂ.
റയലിന്റെ ആക്രമണനിരയിൽ തന്റെ ഇഷ്ടപൊസിഷനായ ഇടതുവിങ്ങിൽ കളിക്കാൻ നിലവിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റന് അവസരം കിട്ടുന്നില്ല. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെയാണ് കോച്ച് കാർലോ ആഞ്ചലോട്ടി ഈ പൊസിഷനിൽ കളത്തിലിറക്കുന്നത്.
പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ റയലിലേക്ക് കൂടുമാറിയ എംബാപ്പെക്ക് പരിക്കുകാരണം കഴിഞ്ഞ മാസം ഫ്രാൻസിന്റെ മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്കുമാറി ക്ലബിനുവേണ്ടി കളത്തിൽ തിരിച്ചെത്തിയെങ്കിലും തൽക്കാലം എംബാപ്പെയില്ലാതെ അടുത്ത രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങാനാണ് ദെഷാംപ്സിന്റെ തീരുമാനം. താരവുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് ടീമിൽ തിരിച്ചെത്തണമെന്ന് കിലിയൻ ആഗ്രഹിച്ചിരുന്നതായി കോച്ച് പറഞ്ഞു. എന്നാൽ, താരത്തെ ഒഴിവാക്കി ദെഷാംപ്സ് ടീം പ്രഖ്യാപിക്കുകയായിരുന്നു. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ മുന്നണിപ്പോരാളിയായ എംബാപ്പെ 86 കളികളിൽ രാജ്യത്തിനായി ഇതുവരെ 48 ഗോളുകൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.