'എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നു, മാറ്റത്തിന് സമയമായി; ലോകത്തിന് ഞാൻ ആരാണെന്ന് കാണിക്കാറായി'; കിലിയൻ എംബാപ്പെയുടെ വാക്കുകൾ
text_fieldsസ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന്‍റെ സമീപകാല പ്രകടനത്തിൽ ആരാധകർ രോഷാകുലരാണ്. ലാ ലിഗയിൽ കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക് ക്ലബിനോടും റയൽ തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയലിന്‍റെ തോൽവി. സീസൺ ഗംഭീരമായി തുടങ്ങിയ യൂറോപ്യൻ ചാമ്പ്യന്മാർക്ക്, രണ്ടാം പകുതിയിൽ കഷ്ടകാലമാണ്.
പ്രധാന എതിരാളികളായ ബാഴ്സലോണയുമായുള്ള പോയിന്‍റ് വ്യത്യാസം കുറക്കാനുള്ള സുവർണാവസരമാണ് ലോസ് ബ്ലാങ്കോസ് കളഞ്ഞത്. പി.എസ്.ജിയിൽ നിന്നും ഈ സീസണിൽ ടീമിലെത്തിയ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ കാര്യം അതിലും കഷ്ടത്തിലാണ്. നിലവിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിട്ടും റയൽ മാഡ്രഡിൽ ഫോമിന്‍റെ നിഴലിൽ മാത്രമാണ് എംബാപ്പെ. അത്ലറ്റിക്കിനെതിരെയുള്ള മത്സരത്തിൽ നിർണായകമായ പെനാൽട്ടി എംബാപ്പെ നഷ്ടപ്പെടുത്തിയിരുന്നു. ഈ ആഴ്ചയിൽ രണ്ടാം തവണയാണ് എംബാപ്പെ പെനാൽട്ടി നഷ്ടപ്പെടുത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെതിരെയാണ് അദ്ദേഹം പെനാൽട്ടി നഷ്ടപ്പെടുത്തിയത്.
രണ്ടാമത്തെ പെനാൽട്ടി നഷ്ടപ്പെടുത്തിയതിന് ഒരുപാട് വിമർശനങ്ങൾ സൂപ്പർതാരത്തെ തേടിയെത്തിയിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയുമായി എംബാപ്പെ രംഗത്തെത്തിയിട്ടുണ്ട്. തോൽവിയുടെ പൂർണ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നതായും മോശം സമയത്തിൽ നിന്നും കരകയറി താൻ ആരാണെന്ന് കാണിച്ച് തരുമെന്നും എംബാപ്പെ പറഞ്ഞു.
'മത്സരം വിചാരിച്ചത് പോലെ വന്നില്ല, എന്‍റെ ഭാഗത്ത് നിന്ന് വലിയ തെറ്റാണ് സംഭവിച്ചത്. തോൽവിയുടെ പൂർണ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. മോശം സമയമാണ് എനിക്കിതെന്ന് അറിയാം. എന്നാൽ അതിനെ മറികടന്ന് ഞാൻ ആരാണെന്ന് വീണ്ടും കാണിക്കാനുള്ള സമയമാണിത്,' എംബാപ്പെ പറഞ്ഞു.
ലാലിഗയിൽ 15 മത്സരത്തിൽ നിന്നും 10 ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമുൾപ്പടെ 33 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് നിലവിൽ റയൽ. 37 പോയിന്‍റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.