ഹാട്രിക്ക് എംബാപ്പെ; നൗ കാമ്പിൽ മെസ്സിയൂടെ ബാഴ്സയെ മുക്കി പി.എസ്.ജി
text_fields
ബാഴ്സേലാണ: അകത്തും പുറത്തും ഇനിയും തീർക്കാനാവാത്ത പ്രശ്നങ്ങളുമായി ഉഴറുന്ന കറ്റാലൻ കരുത്തരെ അവരുടെ തട്ടകത്തിലെത്തി തകർത്തുവിട്ട് പാരിസ് സെൻറ് ജർമയ്ൻ (പി.എസ്.ജി). മൂന്നുവട്ടം വലകുലുക്കി ഫ്രഞ്ച് സൂപർ താരം കിലിയൻ എംബാപ്പെ നിറഞ്ഞാടിയ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഒന്നാം പാദ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പി.എസ്.ജി ജയം.
27ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റി മെസ്സിയും ബാഴ്സലോണയുമായിരുന്നു നൗകാമ്പിൽ ഗോൾമേളം തുടങ്ങിയത്. ആദ്യ പകുതിയിൽ കളിയുടെ നിയന്ത്രണവും കൈയിൽ വെച്ച മെസ്സി സംഘം പക്ഷേ, എംബാപ്പെ മാജികിൽ പിന്നീട് നാമാവശേഷമാകുന്നതായിരുന്നു കാഴ്ച.
ബാഴ്സ പ്രതിരോധത്തെ കാഴ്ചക്കാരാക്കി അതിവേഗത്തിലായിരുന്നു എംബാപ്പെയുടെ ചടുല നീക്കങ്ങൾ. 32ാം മിനിറ്റിൽ െക്ലമൻറ് ലെങ്ലെറ്റിനെ നൃത്തച്ചുവടുകളിൽ മറികടന്ന് 10അടി അകലെനിന്ന് എംബാപ്പെ പായിച്ച ബുള്ളറ്റ് ഷോട്ടിൽ സമനില പിറന്നു. ഒരുവട്ടം കൂടി വലകുലുക്കി താരം ടീമിനെ മുന്നിലെത്തിച്ചു. എവർടണിൽനിന്ന് വായ്പക്ക് എത്തിയ മോയ്സ് കീനായിരുന്നു പിന്നീട് വല കുലുക്കിയത്. അവസാന നിമിഷങ്ങളിൽ ഒരിക്കൽ കൂടി അവസരം മുതലെടുത്ത് പി.എസ്.ജിക്കായി ഫ്രഞ്ച് താരം ഹാട്രിക്ക് പൂർത്തിയാക്കിയതോടെ ബാഴ്സ തോൽവി ഉറപ്പാക്കി. ഇതോടെ, അദ്ഭുതം സംഭവിച്ചാലേ ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാനാകൂ.
പണക്കിലുക്കവും താരത്തിളക്കവും ഒരുപോലെ മേളിക്കുന്ന ബാഴ്സ- പി.എസ്.ജി പോരാട്ടങ്ങളുടെ പതിവ് താളം മാറി ഏകപക്ഷീയമായെന്നതാണ് ഇന്നലത്തെ കളിയുടെ സവിശേഷത. കഴിഞ്ഞ സീസൺ കലാശപ്പോരിൽ ബയേൺ മ്യൂണിക്കിനു മുന്നിൽ ടീം പതറിയപ്പോൾ ഒപ്പം പതറിയ എംബാപ്പെ ഇന്നലെ എല്ലാം മറികടക്കുന്ന പ്രകടനവുമായി ഉടനീളം നിറഞ്ഞുനിന്നു.
പുതിയ പരിശീലകൻ പൊച്ചെറ്റിനോക്കു കീഴിൽ പി.എസ്.ജി ഫോം തുടരുകയാണ്. മറുവശത്ത്, സമീപകാലത്തെ വൻവീഴ്ചകൾ ബാഴ്സലോണയെ വീണ്ടും വേട്ടയാടുന്നുവെന്നതിന് ഒരിക്കലൂടെ നൗകാമ്പ് സാക്ഷിയായി. സീസണിൽ ബാഴ്സലോണക്കായി 20ാമത്തെ ഗോളുമായി മെസ്സി പ്രകടന മികവ് തുടർന്നത് മാത്രമാണ് പ്രതീക്ഷ. മാർച്ച് 20നാണ് ഇരു ടീമുകളും തമ്മിലെ രണ്ടാം പാദ മത്സരം.
ലീപ്സിഷിനെതിരെ അനായാസം ലിവർപൂൾ
ചെമ്പടയിലെ ഭാഗ്യ ജോഡികളായ മുഹമ്മദ് സലാഹും സാദിയോ മാനേയും ലക്ഷ്യം കണ്ട മത്സരത്തിൽ ലീപ്സിഷിനെ 2-0ന് തകർത്തുവിട്ട് ലിവർപൂൾ. ബുഡാപെസ്റ്റിലെ പുഷ്കാസ് അറീനയിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരത്തിെൻറ രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റ് ഇടവേളയിലായിരുന്നു യുർഗൻ േക്ലാപിെൻറ പടക്ക് ആവേശം നൽകിയ ഇരട്ട ഗോളുകളുടെ പിറവി. പ്രിമിയർ ലീഗിൽ കിരീടപ്പോരാട്ടത്തിൽനിന്ന് ഏറെക്കുറെ പുറത്തായ ടീമിന് ഇതോടെ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപെടെ മറ്റു പോരിടങ്ങളിൽ ഇനിയുമേറെ പോകാനാകും.
ഇന്നലെ ആദ്യാവസാനം കളി നയിച്ച ലിവർപൂൾ തുടക്കത്തിലേ ലീഡ് പിടിക്കേണ്ടതായിരുന്നുവെങ്കിലും ചെറിയ പിഴവുകളിൽ ലക്ഷ്യം കാണാതെ മടങ്ങി. സലാഹിെൻറ ഒറ്റയാൾ പോരാട്ടമാണ് 53ാം മിനിറ്റിൽ ആദ്യ ഗോളിൽ കലാശിച്ചത്. 58ാം മിനിറ്റിൽ ജോൺസിെൻറ പാസ് ലീപ്സിഷ് വലയിലെത്തിച്ച് ടീം ലീഡുയർത്തി.
മാർച്ച് 10ന് ആൻഫീൽഡിലാണ് ഇരുവരും തമ്മിലെ രണ്ടാം പാദം. സ്വന്തം തട്ടകത്തിൽ ചെറിയ തോൽവി പോലും ടീമിെൻറ വഴി മുടക്കില്ല. ഈ സീസണിൽ 34 കളികളിൽ 24 ഗോളുകളുമായി സലാഹ് പ്രകടന മികവ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.