ക്യാപ്റ്റനായി അരങ്ങേറി ഡബ്ളടിച്ച് എംബാപ്പെ; ഡച്ചുകാരെ കെട്ടുകെട്ടിച്ച് ഫ്രാൻസ്
text_fieldsഹ്യൂഗോ ലോറിസ് ഒഴിഞ്ഞ പദവിയിൽ അരങ്ങേറ്റം ഗോളുത്സവമാക്കി സൂപർ താരം കിലിയൻ എംബാപ്പെ. യൂറോ യോഗ്യത പോരാട്ടത്തിൽ ഡച്ചുകാരാണ് ലോകകപ്പ് ഫൈനലിസ്റ്റുകൾക്ക് മുന്നിൽ വൻവീഴ്ചയുമായി മടങ്ങിയത്. സ്കോർ 4-0.
എട്ടു മിനിറ്റിനിടെ രണ്ടു വട്ടം ഗോളടിച്ച് ഫ്രാൻസ് നിലപാട് വ്യക്തമാക്കിയ കളിയിൽ അന്റോയിൻ ഗ്രീസ്മാനാണ് ആദ്യമായി വല കുലുക്കുന്നത്. എംബാപ്പെ നൽകിയ പാസിൽ കളിയുടെ രണ്ടാം മിനിറ്റിലായിരുന്നു ഗോൾ. ആറു മിനിറ്റ് കഴിഞ്ഞ് ദയോ ഉപമെകാനോയിലൂടെ ലീഡുയർത്തിയ ടീമിനെ ബഹുദൂരം മുന്നിലെത്തിച്ച് 21ാം മിനിറ്റിൽ എംബാപ്പെ വല കുലുക്കി. ദേശീയ ജഴ്സിയിൽ 37ാം ഗോൾ കണ്ടെത്തിയ താരം കളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ വീണ്ടും എതിർവലയിൽ പന്തെത്തിച്ചു.
സീനിയറായിട്ടും നായകത്വ പദവിയിൽ മാറ്റിനിർത്തിയതിൽ ഗ്രീസ്മാന് അതൃപ്തിയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അതൊന്നും പ്രകടമാക്കാതെയായിരുന്നു താരത്തിന്റെ പ്രകടനം. ഗ്രീസ്മാൻ നേടിയ ഗോളിലേക്ക് വഴിയൊരുക്കിയതാകട്ടെ എംബാപ്പെയും. അവസാന വിസിലിന് മൈതാനമൊരുങ്ങുംനേരം ക്യാപ്റ്റൻ എംബാപ്പെയുടെ ബൂട്ടിൽനിന്നു പിറന്ന രണ്ടാം ഗോൾ മനോഹരമായ സോളോ നീക്കത്തിലായിരുന്നു. അവസാന കളി അവസാനിക്കാനിരിക്കെ ആശ്വാസ ഗോളിന് വഴിയൊരുക്കി ഡച്ചുകാർക്ക് പെനാൽറ്റി ലഭിച്ചെങ്കിലും മെംഫിസ് ഡീപെ എടുത്ത കിക്ക് ഗോളി തടുത്തിട്ടു.
പ്രമുഖരുമായി എത്തിയ ഡച്ചുകാർ സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ തോൽവികളിലൊന്നാണിത്. മത്സരത്തിന് തൊട്ടുമുമ്പ് അഞ്ചു കളിക്കാർ രോഗബാധയെ തുടർന്ന് മടങ്ങിയത് ടീമിന് തിരിച്ചടിയായിരുന്നു. പ്രതിരോധ നിരയിൽ മാത്തിസ് ഡി ലൈറ്റ്, സ്വൻ ബോട്ട്മാൻ, മധ്യനിരയിൽ ജോയ് വീർമാൻ, ഫോർവേഡ് കോഡി ഗാക്പോ, ഗോളി ബാർട്ട് വെർബ്രുഗൻ എന്നിവരാണ് രോഗബാധിതരായത്.
ക്യാപ്റ്റനായി അരങ്ങേറി ഡബ്ളടിച്ച് എംബാപ്പെ; ഡച്ചുകാരെ കെട്ടുകെട്ടിച്ച് ഫ്രാൻസ്
സ്ലാറ്റൻ ഇബ്രാഹീമോവിച്ച് വീണ്ടും ദേശീയ ജഴ്സിയിൽ ഇറങ്ങിയിട്ടും രക്ഷയില്ലാതെ സ്വീഡൻ. റൊമേലു ലുക്കാക്കു മൂന്നുവട്ടം വല കുലുക്കിയ കളിയിൽ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്കാണ് ബെൽജിയം സ്വീഡനെ മുക്കിയത്. അവസരങ്ങൾ കാലിൽതുറന്നുകിട്ടിയപ്പോഴൊക്കെ ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചാണ് ഇരു പകുതികളിലായി ലുക്കാക്കു ഹാട്രിക് തികച്ചത്. അതിനിടെ 41 വയസ്സ് തികഞ്ഞിട്ടും ദേശീയ ടീമിനൊപ്പം ഇറങ്ങി റെക്കോഡിട്ട് ഇബ്രാഹീമോവിച്ച് ശ്രദ്ധേയനായി. ആരാധകരുടെ നിറഞ്ഞ കൈയടികളിലേക്കാണ് താരം ആഘോഷപൂർവം ഇറങ്ങിയത്. 1983ൽ ദിനോസോഫ് കുറിച്ച റെക്കോഡ് തിരുത്താനൊരുങ്ങിയായിരുന്നു 41 വയസ്സും അഞ്ചു മാസവും 21 ദിവസവും പ്രായമുള്ള സ്ലാറ്റൻ മൈതാനത്തെത്തിയത്. എന്നാൽ, അതിലേറെ നാലു ദിവസം അധികം പ്രായവുമായി ജിബ്രാൾട്ടർ താരം ലീ കാസിയാരോ വെള്ളിയാഴ്ച റെക്കോഡ് തന്റെ പേരിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം എ.സി മിലാനു വേണ്ടി ഗോൾ നേടിയ സ്ലാറ്റൻ സീരി എയിൽ ഗോൾനേടുന്ന ഏറ്റവും പ്രായം കൂടിയ താരമായിരുന്നു.
അടുത്ത വർഷം ജർമനിയിൽ നടക്കുന്ന യൂറോ ചാമ്പ്യൻഷിപ്പിൽ സ്വീഡൻ ജഴ്സിയിൽ ഇറങ്ങാനാണ് മോഹമെന്ന് ഇബ്രാഹീമോവിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.