പരിക്കിൽ ആശങ്കയില്ല; എംബാപ്പെ ഖത്തറിലേക്ക്
text_fieldsദോഹ: ഡിസംബർ 18ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള റയൽ മഡ്രിഡ് സംഘത്തിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുണ്ടാകുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ചൊവ്വാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റക്കെതിരായ മത്സരത്തിനിടെയായിരുന്നു റയലിന്റെ സൂപ്പർതാരത്തിന് പരിക്കേറ്റത്.
കളിയുടെ ആദ്യ മിനിറ്റിൽ ഗോളടിച്ചതിനു പിന്നാലെ 36ാം മിനിറ്റിൽ പരിക്കുമായി എംബാപ്പെ പുറത്തായത് ഖത്തറിലെ ഫുട്ബാൾ ആരാധകരെയും നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, ഒരാഴ്ചത്തെ വിശ്രമത്തിലുടെ താരത്തിന് ടീമിൽ തിരിച്ചെത്താൻ കഴിയുമെന്ന് വെള്ളിയാഴ്ച ആഞ്ചലോട്ടി അറിയിച്ചു. ശനിയാഴ്ചത്തെ സ്പാനിഷ് ലാ ലിഗ മത്സരത്തിൽ താരം കളിക്കില്ലെന്നും, എന്നാൽ ഖത്തറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ മത്സരത്തിനുള്ള റയൽ മഡ്രിഡ് സംഘത്തിൽ എംബാപ്പെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച 974 സ്റ്റേഡിയത്തിൽ നടക്കുന്ന അൽ അഹ്ലി-പചൂക മത്സരത്തിലെ വിജയികളാകും ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ റയലിന്റെ എതിരാളികൾ. മത്സരത്തിൽ സ്പാനിഷ് ക്ലബ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അറ്റ്ലാന്റയെ വീഴ്ത്തിയത്. 10ാം മിനിറ്റിൽ ബ്രാഹിം ഡിയാസിന്റെ പാസിൽനിന്നാണ് ഫ്രഞ്ച് സ്ട്രൈക്കർ റയലിനെ മുന്നിലെത്തിച്ചത്. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ 50ാം ഗോളാണിത്. സീസണിൽ റയലിനായി താരത്തിന്റെ 12ാം ഗോളും.
എംബാപ്പെ 79 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽനിന്നാണ് 50ാം ഗോൾ നേട്ടത്തിലെത്തിയത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഗോളുകളിൽ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് (25 വയസ്സും 356 ദിവസവും). അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിയാണ് ഒന്നാമത് (24 വയസ്സും 284 ദിവസവും).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.