കോപ അമേരിക്ക: ചെറുത്തുനിന്ന കാനഡയെ ഷൂട്ടൗട്ടിൽ കീഴടക്കി ഉറുഗ്വായിക്ക് മൂന്നാം സ്ഥാനം
text_fieldsകോപ അമേരിക്കയിലെ അത്യന്തം ആവേശം നീണ്ടുനിന്ന ലൂസേഴ്സ് ഫൈനലിൽ കാനഡയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഉറുഗ്വായ് . നിശ്ചിതസമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കാനഡക്കായി ആദ്യ കിക്കെടുത്ത ജോനാഥൻ ഡേവിഡ് പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു. ഉറുഗ്വായിക്കായി വാൽവെർഡെയും ആദ്യ കിക്ക് ഗോളാക്കി. ഇരു ടീമുകൾക്കായും രണ്ടാം കിക്കുകളെടുത്ത ബോംബിറ്റോക്കും ബെന്റാകൂറിനും പിഴച്ചില്ല. എന്നാൽ, കാനഡക്കായി മൂന്നാം കിക്കെടുത്ത കോനയുടെ ദുർബലമായൊരു ഷോട്ട് ഉറുഗ്വായ് ഗോളി തടഞ്ഞിട്ടു.
പിന്നീട് അരാസ്കേറ്റയിലൂടെ ഉറുഗ്വായ് ലീഡെടുക്കുകയും ചെയ്തു. കാനഡക്കായ് നാലാമത്തെ കിക്കെടുത്ത ചോനിയറിനും പിഴച്ചില്ല. ഉറുഗ്വായിക്കായി നാലാം കിക്കെടുത്ത സുവാരസ് പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു. കാനഡക്കായി അഞ്ചാമത് കിക്കെടുക്കാനെത്തിയ ഡേവിസ് ജെയിംസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പോയതോടെ ഉറുഗ്വായ് ജയമുറപ്പിക്കുകയായിരുന്നു.
നേരത്തെ എട്ടാം മിനിറ്റിൽ ബെന്റാൻകൂറിലൂടെ ഉറുഗ്വോയിയാണ് ആദ്യം ഗോൾ നേടിയത്. 22ാം മിനിറ്റിൽ കാനഡ സമനില പിടിച്ചു. കോനയിലൂടെയായിരുന്നു ഗോൾ. കളിതീരാൻ 10 മിനിറ്റ് മാത്രം ശേഷിക്കെ കാനഡ ലീഡെടുത്തു. 80ാം മിനിറ്റിൽ ഡേവിഡാണ് ഗോൾ നേടിയത്. മത്സരത്തിൽ കാനഡ വിജയമുറപ്പിച്ചിരിക്കെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സുവാരസ് ഉറുഗ്വായിയുടെ രക്ഷക്കെത്തി.
കാനഡയുടെ മുന്നേറ്റത്തോടെയാണ് കളിയുടെ ആദ്യ പകുതി തുടങ്ങിയത്. ലെസ് റോഗ്വാസാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ കാനഡക്ക് അനുകൂലമായി രണ്ട് കോർണർ കിക്കുകൾ ലഭിക്കുകയും ചെയ്തു.
എന്നാൽ, വൈകാതെ കളിയിലെ താളം തിരിച്ചുപിടിച്ച ഉറുഗ്വായ് എട്ടാം മിനിറ്റിൽ തന്നെ ഗോളടിച്ചു. കോർണറിൽ നിന്നാണ് ഉറുഗ്വേയുടെ ഗോൾ വന്നത്. കാസെറസിന് ലഭിച്ച പന്ത് താരം ബെൻ്റാൻകൂറിന് മറിച്ച് നൽകി. പിഴവുകളില്ലാതെ തന്നെ ബെന്റാൻകൂർ പന്ത് വലയിലെത്തിച്ചു.
18ാം മിനിറ്റിൽ ഉറുഗ്വായ് ഒരു ഗോൾ കൂടി നേടുമെന്ന് തോന്നിച്ചുവെങ്കിലും ഗോളി കാനഡയുടെ രക്ഷക്കായി എത്തി. ഇതിന് പിന്നാലെ തന്നെ കാനഡയുടെ സമനില ഗോളുമെത്തി. പിന്നീട് 23ാം മിനിറ്റിൽ ഉറുഗ്വായ് വീണ്ടും വലകുലുക്കിയെങ്കിലും പെല്ലിസ്ട്രിയുടെ ഗോൾ ഓഫ് സൈഡായി. 32ാം മിനിറ്റിലും 41ാം മിനിറ്റിൽ കാനഡയുടെ മുന്നേറ്റങ്ങൾ കണ്ടുവെങ്കിലും നിർണായകമായ ഗോൾ മാത്രം അകന്നു നിന്നു. ഒന്നാം പകുതി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഗോളിലേക്കെന്ന് തോന്നിച്ച കാനഡയുടെ ഒരു മുന്നേറ്റം ഉറുഗ്വായ് ഗോളി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഉറുഗ്വായ് രണ്ട് മാറ്റങ്ങൾ വരുത്തി. ലുയി സുവാരസിനെയും ജോർജിയൻ ഡി അരാസ്കേറ്റയേയും ഉറുഗ്വായ് കോച്ച് കളത്തിലിറക്കി. പക്ഷേ കളംനിറഞ്ഞ് കളിച്ചത് കാനഡയായിരുന്നു. 52ാം മിനിറ്റിൽ അവർക്ക് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചുവെങ്കിലും വല മാത്രം കുലുങ്ങിയില്ല.
78ാം മിനിറ്റിൽ ഉറുഗ്വായിക്ക് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചുവെങ്കിലും അത് നേട്ടമാക്കാൻ ടീമിന് കഴിഞ്ഞില്ല. 80ാം മിനിറ്റിലാണ് കാനഡയുടെ നിർണായകമായ രണ്ടാം ഗോൾ വന്നത്. ജോനാഥൻ ജെയിംസിലൂടെയായിരുന്നു ഗോൾ. കോപയിലെ ലൂസേഴ്സ് ഫൈനലിൽ കാനഡ വിജയമുറപ്പിച്ചിരിക്കെ ഉറുഗ്വായിയുടെ സമനില ഗോൾ വന്നു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സുവാരസിലൂടെയാണ് ഉറുഗ്വായ് സമനില പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.