ആ സ്വപ്നം പൂവണിഞ്ഞു! ബ്രസീലിയൻ അദ്ഭുത താരത്തെ അവതരിപ്പിച്ച് റയൽ; നിറകണ്ണുകളോടെ എൻഡ്രിക്
text_fieldsമഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡുമായി ആറു വർഷത്തെ കരാറൊപ്പിടുമ്പോൾ ബ്രസീലിയൻ അദ്ഭുത താരം കണ്ണുനീർ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്കു പിന്നാലെ സാന്‍റിയാഗോ ബെർണബ്യൂവിൽ സ്വന്തം ആരാധകർക്കു മുന്നിൽ എൻഡ്രിക്കിനെയും റയൽ അവതരിപ്പിച്ചു.
താരത്തിന് 18 വയസ്സ് പൂർത്തിയായതിന് തൊട്ടടുത്ത ദിവസമാണ് ആഘോഷപൂർവം എൻഡ്രിക്കിനെ ക്ലബ് പ്രസിഡന്‍റ് പെരസ് റയലിലേക്ക് സ്വാഗതം ചെയ്തത്. പതിനാറാം നമ്പർ ജഴ്സിയാണ് താരത്തിന് നൽകിയത്. ഒരു വർഷം മുമ്പ് തന്നെ എൻഡ്രികിന്റെ ട്രാൻസ്ഫർ റയൽ പൂർത്തിയാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് താരത്തിന്റെ ഔദ്യോഗിക പ്രസന്റേഷൻ നടന്നത്. സൂപ്പർ വിങ്ങർ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പാത പിന്തുടർന്നാണ് എൻഡ്രിക്കും റയലിലേക്ക് എത്തുന്നത്.
താരത്തിന് 18 വയസ് പൂർത്തിയാകാതെ രാജ്യം വിടാൻ ആവില്ല എന്നതിനാലാണ് ഇതുവരെ എൻഡ്രിക്കിനായി റയൽ കാത്തുനിന്നത്. 2030 വരെയാണ് കരാർ കാലാവധി. താരത്തിനായി ബ്രസീൽ ക്ലബ് പാൽമിറാസുമായി 2022ൽ തന്നെ റയൽ ധാരണയിലെത്തിയിരുന്നു. 318 കോടി രൂപയാണ് (35 മില്യൺ യൂറോ) താരത്തിന്‍റെ അടിസ്ഥാന വില. 25 മില്യൺ യൂറോ ആഡ് ഓണും കരാറിലുണ്ട്. ‘അമിതാവേശം! ഞാൻ വളരെ സന്തോഷത്തിലാണ്. കുട്ടിക്കാലം മുതൽ മഡ്രിഡ് ആരാധകനായിരുന്നു, ഇപ്പോൾ ഞാൻ മഡ്രിഡിനായി കളിക്കാൻ പോകുന്നു’ -കരാറൊപ്പിട്ടതിനു പിന്നാലെ എൻഡ്രിക് പറഞ്ഞു.
,എനിക്ക് എന്താണ് തോന്നുന്നതെന്ന് വിവരിക്കാൻ വാക്കുകളില്ല. ഇവിടെ എത്തണമെന്നാണ് മോഹിച്ചത്. മഡ്രിഡിനായി കളിക്കുന്നത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതൊരു സ്വപ്നമായിരുന്നു. ആ സ്വപ്നം ഇന്ന് യാഥാർഥ്യമായി’- താരം കൂട്ടിച്ചേർത്തു. പാൽമിറാസ് അക്കാദമിയുടെ താരമായ എൻഡ്രിക് കഴിഞ്ഞ വർഷം ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. 10 മത്സരങ്ങളിൽനിന്നായി മൂന്നു ഗോളുകൾ നേടി. പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കിയിരുന്നു. പാൽമിറാസിനായി 81 മത്സരങ്ങളിൽനിന്ന് 21 ഗോളുകൾ നേടിയിട്ടുണ്ട്.
അതേസമയം, ഇപ്പോൾ തന്നെ താരസമ്പന്നമായ റയലിൽ എംബാപ്പെയെ പരിശീലകൻ കാർലോ ആഞ്ചലോട്ടി എവിടെ കളിപ്പിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പിന്നാലെയാണ് എൻഡ്രിക്കും ക്ലബിന്‍റെ ഔദ്യോഗിക താരമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.