രണ്ടടിച്ച് യമാൽ; ലാ ലിഗയിൽ ജിറോണയും കടന്ന് ബാഴ്സ കുതിക്കുന്നു
text_fieldsമഡ്രിഡ്: ലാ ലിഗയിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. ജിറോണ എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഹാൻസി ഫ്ലിക്കിന്‍റെ സംഘം തരിപ്പണമാക്കിയത്.
കൗമാരതാരം ലമീൻ യമാൽ ഇരട്ടഗോളുമായി തിളങ്ങി. 30, 37 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. ഡാനി ഒൽമോ, പെഡ്രി ഗോൺസാലസ് എന്നിവരും വലകുലുക്കി. ക്രിസ്റ്റിയൻ സ്റ്റുവാനി ജിറോണക്കായി ആശ്വാസ ഗോൾ നേടി. സീസണിൽ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച കറ്റാലൻ ക്ലബ് 15 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. 11 പോയന്റുമായി അത്ലറ്റികോ മഡ്രിഡ്, റയൽ മഡ്രിഡ് ക്ലബുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
കഴിഞ്ഞ സീസണിലെ രണ്ടു കറ്റാലൻ ഡെർബിയിലും ജിറോണയോട് നാണംകെട്ട തോൽവി വഴങ്ങിയതിനുള്ള മധുരപ്രതികാരം കൂടിയായി അവരുടെ തട്ടകമായ മോണ്ടിലിവി സ്റ്റേഡിയത്തിൽ ബാഴ്സ നേടിയ തകർപ്പൻ ജയം. മത്സരത്തിന്റെ തുടക്കം മുതൽ ബാഴ്‌സയുടെ ആധിപത്യമായിരുന്നു. ജിറോണ ബോക്‌സിൽ നിരന്തരം അപകടം സൃഷ്ടിച്ചെങ്കിലും ആദ്യ ഗോളിനായി ബാഴ്സക്ക് അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ജിറോണ പ്രതിരോധ താരം ഡേവിഡ് ലോപെസിന്‍റെ പിഴവാണ് ഗോളിലെത്തിയത്. ഒറ്റക്ക് മുന്നേറുന്നതിനിടെ താരത്തിൽനിന്ന് പന്ത് പിടിച്ചെടുത്ത യമാൽ ലക്ഷ്യം കാണുകയായിരുന്നു.
ഏഴു മിനിറ്റിനുശേഷം 17കാരൻ വീണ്ടും വലകുലുക്കി. ഫ്രീകിക്ക് പ്രതിരോധ താരങ്ങൾ ക്ലിയർ ചെയ്തെങ്കിലും നേരെ വന്നു വീണത് ബോക്സിനു തൊട്ടുവെളിയിലുണ്ടായിരുന്നു യമാലിനു മുന്നിൽ. ബോക്‌സിന് പുറത്തുനിന്ന് താരം ഉതിർത്ത ഷോട്ട് ഗോൾകീപ്പറെ കബളിപ്പിച്ച് വലയിൽ. ആദ്യ പകുതിയിൽ നിർത്തിയിടത്ത് നിന്ന് രണ്ടാം പകുതി ആരംഭിച്ച കറ്റാലൻ ക്ലബ് രണ്ടു മിനിറ്റിനുള്ളിൽ തന്നെ ലീഡ് മൂന്നാക്കി ഉയർത്തി.
ഡാനി ഒൽമോയാണ് വലകുലുക്കിയത്. ജൂൾ കുണ്ടോയാണ് ഗോളിന് വഴിയൊരുക്കിയത്. തുടർച്ചയായി മൂന്നാം മത്സരത്തിലാണ് താരം ഗോൾ നേടുന്നത്. 64ാം മിനിറ്റിൽ മാർക് കസാഡോയുടെ അസിസ്റ്റിൽ പെഡ്രി ഗോൾ നേടി പട്ടിക പൂർത്തിയാക്കി. ഹാൻസി ഫ്ലിക്ക് പരിശീലന ചുമതലയേറ്റെടുത്ത ശേഷം ബാഴ്സ തോൽവിയറിഞ്ഞിട്ടില്ല. ഇതുവരെ 17 ഗോളുകളാണ് ക്ലബ് അടിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.