ഇൻജുറി ടൈമിൽ നെഞ്ചു തകർത്ത് റയലിന്‍റെ ഗോൾ! ആൽവെസ് പരിശീലകന്‍റെ രോഷപ്രകടനം വൈറൽ -വിഡിയോ
text_fieldsമഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബാളിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇൻജുറി സമയത്തെ ഗോളിലാണ് കരുത്തരായ റയൽ മഡ്രിഡ് ആൽവെസിനെ വീഴ്ത്തിയത്. മത്സരം സമനിലയിലേക്കെന്ന് ഏവരും ഉറപ്പിച്ച സമയത്താണ് കളിയുടെ അവസാന നിമിഷം (90+2) റയൽ താരം ലുക്കാസ് വാസ്‌ക്വസ് ഹെഡറിലൂടെ വലകുലുക്കുന്നത്.
ഒരു ഗോൾ ജയത്തോടെ പോയന്‍റ് പട്ടികയിൽ ജിറോണയെ മറികടന്ന് റയൽ ഒന്നാമതെത്തി. 54ാം മിനിറ്റിൽ പ്രതിരോധ താരം നാച്ചോ ചുവപ്പുകാർഡ് കിട്ടി പുറത്തായതോടെ 10 പേരുമായാണ് റയൽ കളിച്ചത്. നിശ്ചിത സമയം വരെ റയലിനെ സമനിലയിൽ തളച്ച ആൽവെസാണ് ഇൻജുറി ടൈമിൽ ഗോൾ വഴങ്ങിയത്. 18 കളിയിൽ 14 ജയത്തോടെ 45 പോയന്‍റാണ് റയലിനുള്ളത്.
ഇതേ പോയന്‍റുള്ള ജിറോണ രണ്ടാംസ്ഥാനത്താണ്. 16ാം സ്ഥാനത്താണ് ആൽവെസ്. ഗോൾ വഴങ്ങിയതിനു പിന്നാലെ ആൽവെസ് പരിശീലകൻ ലൂസിയ് ഗാർസിയ പ്ലാസ നടത്തിയ രോഷപ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കുപ്പിവെള്ളത്തിന്‍റെ ബോക്സ് തട്ടിതെറിപ്പിച്ച ലൂയിസ്, സപ്പോർട്ട് സ്റ്റാഫിന്‍റെ കോളറിൽ കുത്തിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അഞ്ചു മിനിറ്റാണ് ഇൻജുറി സമയം അനുവദിച്ചത്. 91ാം മിനിറ്റിൽ റയലിന് അനുകൂലമായി കോർണർ. ജർമൻ താരം ടോണി ക്രൂസ് എടുത്ത കോർണർ കിക്കിൽനിന്ന് ഉയർന്നുവന്ന പന്ത് വാസ്ക്വസ് മികച്ചൊരു ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. റയൽ താരങ്ങൾ ഗോൾ ആഘോഷിക്കുമ്പോൾ, ഇപ്പുറത്ത് ആൽവെസ് പരിശീലകൻ തന്‍റെ രോഷം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ നില തെറ്റിയ നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.