യൂറോ കപ്പിൽ ചരിത്രം കുറിച്ച് ലമീൻ യമാൽ; ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം
text_fieldsഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി യുറോ കപ്പിൽ ചരിത്രം കുറിച്ച് സ്പെയിനിന്റെ ലമീൻ യമാൽ. ഫ്രാൻസിനെതിരായ സെമി ഫൈനൽ മത്സരത്തിൽ 21ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് യമാൽ ചരിത്ര പുസ്തകത്തിൽ ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം ഗോൾ നേടുമ്പോൾ 16 വയസും 362 ദിവസവുമാണ് യമാലിന്റെ പ്രായം. സ്വിറ്റ്സർലാൻഡിന്റെ ജോൺ വോൺലതെന്റെ പേരിലായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന റെക്കോഡ്.
2004ലായിരുന്നു വോൺലതെന്റെ റെക്കോഡ് നേട്ടം. 18 വയസും 141 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം റെക്കോഡ് കുറിച്ചത്. യുറോയിൽ വോൺലതെന്റെ റെക്കോഡ് ഇതുവരെ ആരും മറികടന്നില്ല. നേരത്തെ യുറോ കപ്പിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായും യമാൽ മാറിയിരുന്നു.
ഫ്രാൻസിനെതിരായ സെമിയിൽ സ്പെയിനിന്റെ ആക്രമണങ്ങളുടെ കുന്തമുനയായത് യമാലായിരുന്നു. സെമിയിൽ കളിയുണർന്നത് തന്നെ സ്പാനിഷ് മുന്നേറ്റത്തോടെയായിരുന്നു. നീക്കങ്ങളിലും പന്തടക്കത്തിലും ഒരു ചുവട് മുന്നിൽനിന്ന ടീമിനായി ലമീൻ യമാൽ ഇടതുവിങ്ങിലൂടെയെത്തി നീട്ടിനൽകിയ പാസ് ഗോൾ മണത്തെങ്കിലും സഹതാരം തലവെച്ചത് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്.
പിന്നെയും സ്പാനിഷ് നിരതന്നെയായിരുന്നു ചിത്രത്തിൽ. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി ആദ്യം വല കുലുക്കിയത് ഫ്രാൻസ്.ഒമ്പതാം മിനിറ്റിൽ ഡെംബലെയുടെ പാസ് ബോക്സിന്റെ ഇടതുവിങ്ങിൽ സ്വീകരിച്ച എംബാപ്പെ ഒന്നോ രണ്ടോ ടച്ചിൽ മറുവശത്തേക്ക് തളികയിലെന്ന പോലെ ഉയർത്തി നൽകിയപ്പോൾ കോലോ മുവാനി തലവെച്ചത് അനായാസം വലക്കുള്ളിൽ.
പിറകെ കളി ഏറ്റെടുത്ത സ്പാനിഷ് മുന്നേറ്റത്തിന്റെ നിറഞ്ഞാട്ടമായിരുന്നു മൈതാനത്ത്. കഴിഞ്ഞ കളികളിലത്രയും വിങ്ങിൽ സ്പാനിഷ് ആക്രമണങ്ങളുടെ കുന്തമുനയായിനിന്ന പയ്യൻ യമാൽ വക 21ാം മിനിറ്റിൽ സമനില ഗോൾ പിറന്നു. മുന്നിൽ നിറയെ ഫ്രഞ്ച് താരങ്ങൾ നിൽക്കെ അപ്രതീക്ഷിത ടച്ചിൽ ഇടതുമൂലയുടെ മുകളറ്റത്തേക്ക് പായിച്ച സമാനതകളില്ലാത്ത ഷോട്ടിൽ ഗോളി ചാടിനോക്കിയെങ്കിലും പോസ്റ്റിലുരുമ്മി വല കുലുങ്ങി. ഗോൾ മാത്രമല്ല യുറോയിലെ റെക്കോഡും ഒപ്പം ചേർത്താണ് യമാൽ മടങ്ങിയത്. ഫൈനലിൽ ഇംഗ്ലണ്ട്-നെതർലാൻഡ്സ് മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.