ചരിത്ര നേട്ടത്തിൽ ലാമിൻ യമാൽ; ലാലിഗ റെക്കോഡും സ്വന്തമാക്കി കൗമാര താരം
text_fieldsബാഴ്സലോണ: സ്പാനിഷ് ലാലിഗയിൽ ഗ്രനഡക്കെതിരെ ഗോൾ നേടി ചരിത്രനേട്ടം സ്വന്തമാക്കി ബാഴ്സലോണ കൗമാരതാരം ലാമിൻ യമാൽ. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ജാവോ ഫെലിക്സിൽനിന്ന് ലഭിച്ച പന്ത് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടുമ്പോൾ ലാലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററെന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയത്. 16 വയസ്സും 87 ദിവസവുമാണ് യമാലിന്റെ പ്രായം. 16 വയസ്സും 98 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ മലാഗയുടെ ഫാബ്രിസി ഒലിംഗയുടെ റെക്കോഡാണ് യമാൽ മറികടന്നത്.
കഴിഞ്ഞ ഏപ്രിലിൽ റയൽ ബെറ്റിസിനെതിരെ പകരക്കാരനായി ഇറങ്ങി ബാഴ്സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വിംഗർ സ്വന്തമാക്കിയിരുന്നു. 15 വയസ്സും 290 ദിവസവുമായിരുന്നു അന്ന് പ്രായം. പിന്നീട് സ്പെയിൻ ദേശീയ ടീമിനായി യൂറോ യോഗ്യതാ റൗണ്ടിൽ ജോർജിയക്കെതിരെ ഇറങ്ങി ഗോൾ നേടിയപ്പോൾ സ്പെയിനിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോൾ സ്കോററുമായി യമാൽ.
ലാലിഗയിൽ കഴിഞ്ഞ ഒമ്പത് മത്സരങ്ങളിലും യമാൽ ബാഴ്സ ടീമിൽ ഇടം നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. മൊറോക്കരനായ പിതാവിന്റെയും ഇക്വട്ടോറിയൽ ഗിനിയക്കാരിയായ മാതാവിന്റെയും മകനായി 2007 ജൂലൈ 13ന് ജനിച്ച ലാമിൻ യമാൽ ബാഴ്സ ഫുട്ബാൾ അക്കാദമിയിലൂടെയാണ് കളിച്ചുവളർന്നത്.
ഗ്രനഡക്കെതിരായ മത്സരത്തിൽ രണ്ട് ഗോളിന് പിറകിൽനിന്ന ശേഷം ബാഴ്സ സമനില പിടിക്കുകയായിരുന്നു. ലാമിൻ യമാലിന്റെ ഗോളിന് പുറമെ, കളി തീരാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ അലജാന്ദ്രൊ ബാൾഡെയുടെ അസിസ്റ്റിൽ സെർജിയോ റോബർട്ടോ നേടിയ ഗോളാണ് അവർക്ക് സമനില സമ്മാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.