ഫുട്ബാളിലെ ‘ഗോട്ട്’ മെസ്സി തന്നെ, പക്ഷേ ലമീൻ യമാലിന്‍റെ ഇഷ്ടതാരം മറ്റൊരാൾ...
text_fieldsഫുട്ബാളിലെ തന്‍റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി ബാഴ്സലോണയുടെ കൗമാര താരം ലമീൻ യമാൽ. ബാലൺ ദ്യോർ ചടങ്ങിൽ മികച്ച യുവ ഫുട്ബാളർക്കുള്ള കോപ ട്രോഫി പുരസ്കാരം സ്പെയിൻ താരം നേടിയിരുന്നു. തുർക്കിയയുടെ റയൽ മഡ്രിഡ് താരം ആർദ ഗുള്ളറിനെയും മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ ഇംഗ്ലീഷ് താരം കോബീ മൈനുവിനെയും മറികടന്നാണ് 17 വയസ്സുകാരനായ യമാൽ ഈ നേട്ടം സ്വന്തമാക്കിയത്.
യമാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ ബലത്തിൽ ബാഴ്സ സീസണിൽ വൻകുതിപ്പാണ് നടത്തുന്നത്. കാറ്റാലൻ ക്ലബ് 12 മത്സരങ്ങളിൽനിന്ന് 33 പോയന്‍റുമായി ലാ ലിഗയിൽ ഒന്നാമതാണ്. രണ്ടാമതുള്ള റയൽ മഡ്രിഡിനെക്കാൾ ഒമ്പത് പോയന്‍റിന്‍റെ ലീഡുണ്ട്. യമാൽ ആറു തവണയാണ് ടീമിനായി വല ചലിപ്പിച്ചത്. ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച ഫുട്ബാളർ മെസ്സിയാണെന്ന് താരം പറയുന്നു. മെസ്സിയുടെ കളി ഏറെ ആസ്വദിക്കാറുണ്ടെന്ന് പറയുമ്പോഴും, ഫുട്ബാളിലെ തന്‍റെ ഇഷ്ടതാരം മറ്റൊരാളാണ്. ബ്രസീൽ സൂപ്പർതാരം നെയ്മറാണ് യമാലിന്‍റെ ആരാധനാപാത്രം.
‘നെയ്മറിന്‍റെ കേളിമികവും ട്രിബ്ളിങ് പാടവവും ചെറുപ്പത്തിൽ തന്നെ ഏറെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്‍റെ എല്ലാ വിഡിയോകളും കണ്ടിട്ടുണ്ട്. കളത്തിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള പ്രചോദനത്തിനു പിന്നിൽ നെയ്മറാണ്’ -യമാൽ പറഞ്ഞു. സ്പെയിൻ ദേശീയ ടീമിനൊപ്പവും ബാഴ്സ ടീമിനൊപ്പവും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.
ചെറുപ്പമാണ്, കരിയർ തുടങ്ങിയിട്ടേയുള്ളു, മെച്ചപ്പെടുത്താനും പഠിക്കാനും ഒരുപാട് കാര്യങ്ങളുണ്ടെന്നും യമാൽ കൂട്ടിച്ചേർത്തു. എതിരാളികളുടെ വലയിൽ ഗോളുകൾ അടിച്ചുകൂട്ടിയാണ് ഹാൻസി ഫ്ലിക്കിന്‍റെയും സംഘത്തിന്‍റെയും കുതിപ്പ്. സീസണിൽ ഇതുവരെ 50 ഗോളുകളാണ് ബാഴ്സ നേടിയത്. ബാഴ്സലോണയുടെ സുവർണകാലത്തെ അടയാളപ്പെടുത്തിയ മെസ്സി, സുവാരസ്, നെയ്മർ ത്രയത്തിനുപോലും സാധിക്കാത്ത നേട്ടമാണ് ക്ലബ് ഇത്തവര കൈവരിച്ചത്.
ഞായറാഴ്ച രാത്രി കാറ്റാലൻ ഡെർബിയിൽ എസ്പാന്യോളിനെ 3-1ന് തോൽപിച്ചതോടെയാണ് ബാഴ്‌സയുടെ സീസണിലെ ഗോൾനേട്ടം അർധ സെഞ്ച്വറിയിലെത്തിയത്. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കിയാണ് ക്ലബിനായി സീസണിൽ ഏറ്റവും കൂടുതൽ തവണ വലകുലുക്കിയത്. 17 ഗോളുകൾ. ബ്രസീലിന്‍റെ റാഫിഞ്ഞ 11 തവണ എതിരാളികളുടെ വലകുലുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.