ചാമ്പ്യൻ ലെവർകൂസന് ഗ്രാൻഡ് കിക്കോഫ്; 101ാം മിനിറ്റിൽ വിജയ ഗോൾ
text_fieldsബെർലിൻ: ബുണ്ടസ് ലിഗയിൽ ഒരു പതിറ്റാണ്ടിലേറെ കാലം അധീശരായി ജയിച്ചും ജ്വലിച്ചുംനിന്ന ബയേൺ മ്യൂണിക്കിനെ വെട്ടി ചാമ്പ്യൻ കസേരയിൽ ഇരിപ്പുറപ്പിച്ച ബയേർ ലെവർകൂസൻ എന്ന നവരാജാക്കന്മാർ പുതിയ സീസണിൽ ആധികാരികമായി തുടങ്ങി. തങ്ങൾക്ക് മാറ്റമൊന്നുമില്ലെന്ന വിളംബരമായി അവസാന വിസിലിന് തൊട്ടുമുമ്പ്, അതും 101ാം മിനിറ്റിൽ വിജയ ഗോൾ കുറിച്ചാണ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ബൊറൂസിയ മൊൻഷൻഗ്ലാഡ്ബാഹിനെതിരെ ആധികാരികമായി ജയിച്ചുകയറിയത്. 2023-24ൽ ഒരു കളിയിൽപോലും തോൽവിയറിയാതെ കിരീടമുയർത്തിയ ടീം ജയത്തോടെ ലീഗിലെ അപരാജിത കുതിപ്പ് 35 ആക്കി. 28 മത്സരങ്ങൾ ജയിച്ച ടീം ആറു സമനിലകളുമാണ് കഴിഞ്ഞ സീസണിൽ നേടിയിരുന്നത്.
12ാം മിനിറ്റിൽ ഗ്രാനിറ്റ് ഷാകയാണ് അക്കൗണ്ട് തുറന്നത്. ജെറമി ഫ്രിംപോങ് അടിച്ച പന്ത് വഴിമാറിയെത്തിയത് ബോക്സിന് ബഹുദൂരം പുറത്തായിരുന്ന ഷാകയുടെ കാലുകളിൽ. സ്വിസ് താരം ബുള്ളറ്റ് ഷോട്ട് എതിരാളികളെയും ഗാലറിയെയും സ്തബ്ധരാക്കി വലക്കണ്ണികൾ മുത്തമിട്ടു. ആദ്യ പകുതിയിൽ ഒരുവട്ടം കൂടി ലെവർകൂസൻ വല കുലുക്കി. എതിർ വലയിലെ കൂട്ടപ്പൊരിച്ചിലിനിടെ വിർട്സ് ആയിരുന്നു സ്കോറർ. അതിനിടെ, ഗ്ലാഡ്ബാഹ് അടിച്ച ഒരു ഗോൾ റഫറി അനുവദിച്ചില്ല. രണ്ടാം പകുതിയിലും ആധിപത്യം തുടരാമെന്ന മോഹവുമായി ഇറങ്ങിയ ലെവർകൂസനെ ഞെട്ടിച്ച് ഗ്ലാഡ്ബാഹ് രണ്ടുവട്ടം വല കുലുക്കി സ്കോർ തുല്യമാക്കി. എൽവെദിയും ക്ലീൻഡീസ്റ്റുമായിരുന്നു സ്കോറർമാർ.
കളി 2-2ൽ അവസാനിക്കുമെന്ന് ഏകദേശം തോന്നിച്ച ഘട്ടത്തിൽ അവസാന വിസിലിന് നിമിഷങ്ങൾ ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റിയാണ് ലെവർകൂസന് ജയം സമ്മാനിച്ചത്. 111ാം മിനിറ്റിൽ വിർട്സ് എടുത്ത കിക്ക് ഗോളി തടുത്തെങ്കിലും റീബൗണ്ടിൽ താരം തന്നെ ഗോളാക്കുകയായിരുന്നു. ജയത്തോടെ ആദ്യ മൂന്ന് പോയന്റുകൾ തങ്ങളുടെതാക്കിയ ലെവർകൂസന് കിരീടം നിലനിർത്താൻ ബഹുദൂരം യാത്ര ചെയ്യണം. എന്നാൽ, കഴിഞ്ഞ സീസൺ ആരംഭത്തിൽ ആരോരും പരിഗണിക്കാതിരുന്നിട്ടും ഒടുവിൽ കളികളേറെ ബാക്കിനിൽക്കെ ചാമ്പ്യൻപട്ടമുറപ്പിച്ചായിരുന്നു ടീമിന്റെ വരവ്. ടീം കഴിഞ്ഞ തവണ ബുണ്ടസ് ലിഗ കിരീടത്തിനൊപ്പം യൂറോപ ലീഗ് ഫൈനലിലുമെത്തിയെങ്കിലും അവസാന മത്സരത്തിൽ ഇടറിവീണു.
പുതിയ സീസണിൽ വലിയ മാറ്റങ്ങൾക്ക് മുതിരാതെയാണ് ലെവർകൂസൻ ഇറങ്ങുന്നത്. കോച്ച് അലോൻസോക്കായി ലിവർപൂൾ, റയൽ, ബയേൺ അടക്കം വമ്പൻ ക്ലബുകൾ വല വീശിയിരുന്നെങ്കിലും ടീം വിടുന്നില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.