സൗദി വെച്ചുനീട്ടിയത് വൻതുക; പക്ഷേ, എനിക്കുവേണ്ടത് ടോപ് ലെവൽ ഫുട്ബാൾ -ലൗതാറോ മാർട്ടിനെസ്
text_fieldsമിലാൻ: ഉന്നത തലത്തിൽ ഫുട്ബാൾ കളിക്കുന്നത് തുടരണമെന്നതിനാലാണ് സൗദി അറേബ്യയിൽനിന്നുള്ള വമ്പൻ ഓഫർ നിരസിച്ചതെന്ന് അർജന്റീനാ സ്ട്രൈക്കർ ലൗതാറോ മാർട്ടിനെസ്. വൻതുക വെച്ചുനീട്ടി സൗദി ക്ലബുകൾ മാടിവിളിച്ചിട്ടും പേകാതിരിക്കുന്നത് പണത്തേക്കാൾ കളിയെ പ്രണയിക്കുന്നതുകൊണ്ടാണെന്ന് ലൗതാറോ സൂചിപ്പിച്ചു.
‘എന്തുകൊണ്ടാണ് വളരെ ചെറുപ്പമായ ഒട്ടേറെ കളിക്കാർ അറേബ്യയിലേക്ക് പോകുന്നത്? അവിടെ ഒരുപാട് കാശുകിട്ടും. പക്ഷേ, അതുവേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മൾ തന്നെയാണ്. അറേബ്യയിൽനിന്നുള്ള ഓഫർ ഞാൻ നിരസിക്കാൻ കാരണം എനിക്ക് ടോപ് ലെവൽ ഫുട്ബാളിൽ തുടരാനുള്ള ആഗ്രഹം കൊണ്ടാണ്. അടുത്ത കോപ അമരിക്കയിലും ലോകകപ്പിലും ദേശീയ ടീമിനുവേണ്ടി കളിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ഇപ്പോഴേ ചിന്തിച്ചുകൊണ്ടിരിക്കുന്നത്’ -ഒരു ഇറ്റാലിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇന്റർ മിലാൻ ക്യാപ്റ്റൻ കൂടിയായ ലൗതാറോ വിശദീകരിച്ചു.
‘സൗദി അറേബ്യയിൽനിന്ന് ഓഫറുകളുണ്ടായിരുന്നുവെന്നത് സത്യം തന്നെയാണ്. വൻതുകയാണ് അവർ വാഗ്ദാനം ചെയ്തത്. എന്നാൽ, ഇന്ററിൽ ഞാനിപ്പോൾ സന്തോഷവാനാണ്. മിലാൻ എന്റെ ഇഷ്ടയിടമാണ്. അതുമാറ്റാനുള്ള കാരണമൊന്നുമില്ല. കുടുംബവും ഞാൻ ചിന്തിക്കുന്നതുപോലെയാണ് ചിന്തിക്കുന്നത്.
ഇന്ററിന്റെ ക്യാപ്റ്റനാണിപ്പോൾ ഞാൻ. ഇതെന്റെ രണ്ടാം വീടാണ്. എത്തിയ അന്നുമുതൽ ഇവിടെയുള്ളവർ എന്നെ ഏറെ സ്നേഹിക്കുന്നു. ഇന്ററിനൊപ്പമായിരിക്കുന്നതിൽ ഞാൻ ഏറെ അഭിമാനിക്കുകയും ചെയ്യുന്നു’ -ലൗതാറോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.