ഫൈനൽ വിസിലിനു ശേഷവും തുടരുന്ന 'ലെഗസി'
text_fieldsലോകകപ്പാനന്തരം ഖത്തറിലെ സ്റ്റേഡിയങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ 22ഓളം ചെറു സ്റ്റേഡിയങ്ങളും കായിക ഹബുകളുമാവും
ദോഹ: 'സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി' എന്നാണ് ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടക സമിതിയുടെ പേര്. ലോകകപ്പും ഫുട്ബാളുമൊന്നും പേരിനൊപ്പമില്ലാത്തത് ഒരു കൗതുകമാവാം.
പേരിലെ ആ കൗതുകം പ്രവർത്തനത്തിലുമുണ്ട്. ടൂർണമെന്റിന്റെ സംഘാടനത്തിന് സ്റ്റേഡിയങ്ങളും പരിശീലന മൈതാനങ്ങളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുക മാത്രമല്ല, ഈ ഫുട്ബാൾ മേളയെ തന്നെ ലോകത്തിന്റേതാക്കി മാറ്റുകയാണ് സംഘാടകരായ സുപ്രീം കമ്മിറ്റി.
ഡെലിവറി ആൻഡ് ലെഗസി എന്ന പേര് പോലെ ഈ മണ്ണിന്റെയും ടൂർണമെന്റിന്റെയും പൈതൃകവും പാരമ്പര്യവും ലോകമെമ്പാടും ഒഴുകിപ്പരക്കുമെന്ന് ചുരുക്കം.
സ്റ്റേഡിയങ്ങൾ പല നാടുകളിൽ കളിമുറ്റമാവും
ഒളിമ്പിക്സും ലോകകപ്പ് ഫുട്ബാളും കഴിയുന്നതോടെ ഓരോ രാജ്യങ്ങൾക്കും ബാധ്യതയായി മാറുന്ന സ്റ്റേഡിയങ്ങളുടെ കഥകളാണ് മുൻകാലങ്ങളിലൊക്കെ കേട്ടത്. കളിയുത്സവത്തിന് കൊടിയിറങ്ങിയാൽ പരിപാലനം ബാധ്യതയായി പൊടികയറി തുരുമ്പെടുക്കുന്ന നിരവധി വേദികൾ ലോകത്തിന്റെ വിവിധ കോണുകളിലുണ്ട്.
ഈ പതിവു കാഴ്ചകൾക്കിടയിലാണ് ഖത്തർ ലോകകപ്പ് സംഘാടകർ പുതിയൊരു മാതൃകയൊരുക്കുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളുടെ ഗാലറികളിൽ കാണികൾ അമർന്നിരുന്ന ഇരിപ്പിടങ്ങൾ പിന്നീടുള്ള കാലം ലോകത്തിന്റെ പല കോണുകളിലേക്കുമായി പറക്കും.
ലോകകപ്പ് കഴിയുന്നതോടെ സ്റ്റേഡിയങ്ങളുടെയെല്ലാം ശേഷി പകുതിയോ അതിലും താഴെയോ ആയി കുറക്കാനാണ് സംഘാടകരുടെ പദ്ധതി. കോർണിഷ് തീരത്തെ കണ്ടെയ്നർ വിസ്മയമായ സ്റ്റേഡിയം 974 പൂർണമായും പൊളിച്ചുനീക്കും.
അഴിച്ചുനീക്കുന്ന കസേരകളും മേൽക്കൂരകളും സ്റ്റാൻഡുകളുമെല്ലാമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുപിടി പുതിയ സ്റ്റേഡിയങ്ങളായി മാറും. എട്ടു സ്റ്റേഡിയങ്ങളിലായി ആകെ 3.80 ലക്ഷത്തോളം ഇരിപ്പിടങ്ങളാണുള്ളത്.
ടൂർണമെന്റ് കഴിയുന്നതോടെ ഇവയിൽ 1.70 ലക്ഷത്തോളം ഇരിപ്പിടങ്ങൾ അഴിച്ചുമാറ്റും. ആഫ്രിക്ക, ഏഷ്യ ഉൾപ്പെടെ വൻകരകളിലെ അവികസിത രാജ്യങ്ങളുടെ കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി ഇരിപ്പിടങ്ങളും മറ്റും ഉപയോഗിക്കും.
അങ്ങനെ പുതിയതും നവീകരിച്ചതുമായ 22ഓളം ചെറു സ്റ്റേഡിയങ്ങളിൽ ഖത്തറിന്റെ പൈതൃകമെത്തും. 60,000 ഇരിപ്പിടങ്ങളുമായി ഉദ്ഘാടന മത്സരവേദിയാവുന്ന അൽ ബെയ്ത് സ്റ്റേഡിയത്തിൽനിന്നും 32,000ത്തോളം സീറ്റുകളാണ് ഒഴിവാക്കുന്നത്.
ശേഷി കുറക്കുന്ന സ്റ്റേഡിയം ചെറു കളിമുറ്റമാവുന്നതിനൊപ്പം മേഖലയുടെ കമ്യൂണിറ്റി ഹബായി നിലനിർത്താനാണ് സംഘാടകരുടെ പദ്ധതി. അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയവും അൽ ജനൂബ് സ്റ്റേഡിയവും 40,000 സീറ്റിൽനിന്നും 20,000ത്തിലേക്കു കുറയും.
എജുക്കേഷൻ സിറ്റിയും ഖലീഫ, അൽ തുമാമ സ്റ്റേഡിയവുമെല്ലാം അതേപോലെ തന്നെ സീറ്റുകൾ പകുതിയിലേറെ ഒഴിവാക്കി മേൽകൂരയും മറ്റും കുറച്ച് വിവിധ രാജ്യങ്ങളിലെ കായികവേദികളുടെ നിർമാണങ്ങൾക്കായി ഉപയോഗിക്കും.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കളിയിടമായി റെക്കോഡ് കുറിച്ച ലുസൈൽ സ്റ്റേഡിയം 80,000ത്തിൽനിന്നും ഇരിപ്പിടശേഷം 40,000 ആയി കുറച്ച് വിവിധോദ്ദേശ്യ പദ്ധതികൾ അടങ്ങിയ കമ്യൂണിറ്റി ഹബായി മാറുമ്പോൾ ലെഗസി കാലവും അതിർത്തികളും കടന്ന് ഒഴുകുന്നു.
ലോകകപ്പിനു ശേഷം പൂർണമായും പൊളിച്ചുമാറ്റുന്ന ആദ്യ സ്റ്റേഡിയം എന്ന മറ്റൊരു ചരിത്രമെഴുതിയാണ് 974 ലോകകപ്പാനന്തരവും ശ്രദ്ധേയമാവുന്നത്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ കളിയുത്സവത്തിന് ലോങ് വിസിൽ മുഴങ്ങി, ആരാധകരെല്ലാം വീട്ടിലേക്ക് മടങ്ങുമ്പോൾ ഖത്തർ മറ്റു തിരക്കുകളിലേക്ക് നീങ്ങുകയായിരിക്കും.
കെട്ടിയുയർത്തിയ അഭിമാനസ്തംഭങ്ങൾ വെറുതെ നോക്കുകുത്തികളാക്കി നിലനിർത്താതെ അവയുടെ സുകൃതം ലോകമാകെ വീണ്ടും ഒഴുകിപ്പരത്തുന്ന തിരക്കിലായിരിക്കും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.