തുടരുന്ന ദുരന്തങ്ങൾ; ലെസ്റ്ററിന് മുമ്പിൽ തരിപ്പണമായി ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ ദുരന്തകഥ തുടരുന്നു. വിജയം മാത്രം ലക്ഷ്യമിട്ട് എതിരാളികളുടെ തട്ടകത്തിലിറങ്ങിയ നിലവിലെ ചാംപ്യൻമാരെ ലെസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് തരിപ്പണമാക്കിയത്. മത്സരത്തിൽ 78 മിനുറ്റുവരെ മുന്നിട്ട ശേഷമായിരുന്നു ലിവർപൂളിന്‍റെ ദാരുണപതനം. െബ്രെറ്റണോട് ഏകപക്ഷീയമായ ഗോളിനുംആൻഫീൽഡിൽ മാഞ്ചസ്റ്റർ സിറ്റിയോട് 4-1നും പരാജയപ്പെട്ട ലിവർപൂളിന്‍റെ തുടർച്ചയായ മൂന്നാംതോൽവിയാണിത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ വമ്പൻ മണ്ടത്തരങ്ങൾ വരുത്തിയ ഗോൾകീപ്പർ അലിസൺ ബെക്കർ ഇക്കുറിയും പിഴവുകൾ വരുത്തിയത് ലിവർപൂളിന് വിനയായി.
ആക്രമിച്ചുകളിച്ച ലിവർപൂളിന് മുമ്പിൽ പ്രതിരോധക്കോട്ടയുണ്ടാക്കുകയും അതിവേഗം എതിർഗോൾമുഖത്തേക്ക് ആക്രമണം നടത്തുകയുമായിരുന്നു ലെസ്റ്ററിന്‍റെ പദ്ധതി. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ലിവർപൂൾ 67ാം മിനുറ്റിൽ മുഹമ്മദ് സലാഹിലൂടെയാണ് മുന്നിലെത്തിയത്. ഫിർമീന്യോ തന്ത്രപരമായി പിറകിലേക്ക് മറിച്ചുനൽകിയ പന്ത് സലാഹ് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു.
78ാം മിനുറ്റിൽ പെനൽറ്റി ബോക്സിനോട് ചേർന്ന് വലതുമൂലയിൽ നിന്നും ലഭിച്ച ഫ്രീകിക്ക് നേരിട്ട് വലയിലെത്തിച്ച് ജെയിംസ് മാഡിസണാണ് ലെസ്റ്ററിനെ മുന്നിലെത്തിച്ചത്. ഏതാനും മിനുറ്റുകൾക്ക് ശേഷം ലിവർപൂളിനെ ഞെട്ടിച്ച് ലെസ്റ്റർ ലീഡുയർത്തി. ലിവർപൂൾ ഗോൾകീപ്പർ അലിസണും പ്രതിരോധനിര താരം കബാക്കും തമ്മിലുള്ള പരസ്പര ധാരണയില്ലായ്മയിൽ നിന്നും വീണുകിട്ടിയ പന്ത് ജാമി വാർഡി വലയിലെത്തിക്കുകയായിരുന്നു. 85ാം മിനുറ്റിൽ അതിവേഗ മുന്നേറ്റത്തിനൊടുവിൽ ലിവർപൂൾ പോസ്റ്റിലേക്ക് നിറയൊഴിച്ച് ഹാർവി ബേൺസ് ചെങ്കുപ്പായക്കാരുടെ പതനം പൂർത്തിയാക്കി.
വിജയത്തോടെ 24 കളികളിൽ നിന്നും 46 പോയന്‍റുമായി ലെസ്റ്റർ സിറ്റി രണ്ടാംസ്ഥാനത്തേക്ക് കയറി. 24 കളികളിൽ നിന്നും 40 പോയന്‍റുള്ള ലിവർപൂൾ നിലവിൽ നാലാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.