'അവർക്ക് കളിയേക്കാൾ ശ്രദ്ധ അർജന്റീനക്കാരെ അടിക്കുന്നതിലായിരുന്നു'; രൂക്ഷമായി പ്രതികരിച്ച് ലയണൽ മെസ്സി
text_fieldsറിയോ ഡെ ജനീറോ: ബ്രസീൽ -അർജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിന് മുൻപ് മാറക്കാന സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് ലയണൽ മെസ്സി. ബ്രസീലുകാർക്ക് കളിയേക്കാൾ ശ്രദ്ധ അർജന്റീനക്കാരെ തല്ലുന്നതിലായിരുന്നെന്നും ബ്രസീലുകാർ അർജന്റീനക്കാരെ അടിച്ചമർത്തിയതിന്റെ പേരിലായിരിക്കും ഈ മത്സരം എന്നും ഓർക്കുകയെന്നും അദ്ദേഹം മത്സര ശേഷം പറഞ്ഞു.
"അവർ എങ്ങനെയാണ് ആളുകളെ അടിക്കുന്നതെന്ന് ഞങ്ങൾ കണ്ടു, അത് മുമ്പ് ലിബർട്ടഡോർസ് ഫൈനലിലും സംഭവിച്ചു. കളിയേക്കാൾ അവർ ശ്രദ്ധിച്ചത് അതിലായിരുന്നു. എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാർഗമായതിനാൽ ഞങ്ങൾ ലോക്കർ റൂമിലേക്ക് പോയി, ഒരു ദുരന്തം സംഭവിക്കാമായിരുന്നു"- മത്സര ശേഷം മെസ്സി പറഞ്ഞു.
"ഇത് അവസാനിപ്പിക്കേണ്ടതുണ്ട്, ഇത് ഭ്രാന്താണ്, ചരിത്രം തുടരുകയാണ്. മാറക്കാനയിൽ ഞങ്ങൾ മികച്ച വിജയം നേടി, എങ്കിലും ഈ മത്സരം ഓർക്കുക ബ്രസീലുകാർ അർജന്റീനക്കാരെ അടിച്ചമർത്തിയതിന്റെ പേരിലാകും." - മെസ്സി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
ബ്രസീൽ-അർജന്റീന മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുൻപാണ് ഗ്യാലറിയിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് അർജന്റീനയുടെ ആരാധകരെ പൊലീസുകാർ അടിച്ചോടിക്കുകയായിരുന്നു. പൊലീസിന്റെ അടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. കളിക്കാനായി താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയ സമയത്താണ് അക്രമസംഭവങ്ങൾ ഗ്യാലറിയിൽ നടക്കുന്നത്. അർജന്റീനയുടെ ദേശീയഗാന സമയത്ത് ബ്രസീലുകാർ കൂവിവിളിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ഗ്യാലറിക്കരികിലെത്തി കളിക്കാർ ആരാധകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്ന് മെസ്സി ഉൾപ്പെടെയുള്ള അർജന്റീനയുടെ ടീം അംഗങ്ങൾ ലോക്കർ റൂമിലേക്ക് തിരികെ പോയി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിശ്ചിത സമയത്തിനും അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിൽ 1-0 ന് അർജന്റീന വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.